വിവാഹ ചടങ്ങിന്റെ തിരക്കുകള്‍ക്കിടെ നവവധു പോളിംഗ് ബൂത്തിലേക്ക്; വിവാഹ വേഷത്തില്‍ എത്തി വോട്ടിട്ട് അഖിലയും ആശയും; നവവധു വോട്ട് ചെയ്യാനെത്തിയത് മേപ്പാടിയിലും അടൂരിലും
വയനാട്: വിവാഹ ചടങ്ങിന്റെ തിരക്കുകള്‍ക്കിടയിലും വോട്ട് ചെയ്യാനെത്തി നവവധു. മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിളും പത്തനംതിട്ട അടൂര്‍ നെല്ലിമുകള്‍ സ്വദേശി ആശ വില്‍സണുമാണ് വിവാഹ വേഷത്തില്‍ എത്തി വോട്ട് ചെയ്തത്. മേപ്പാടി സ്വദേശിയായ അഖില ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 191-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സമാനമായി ആശ വില്‍സണ്‍ പാറക്കൂട്ടം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ മികച്ച പോളിംഗാണ് രണ്ട് മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പോളിംഗ് 53 ശതമാനം കഴിഞ്ഞിരിക്കുകയാണ്. എസ്ഐആറിനെത്തുടര്‍ന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്. രാവിലെ മുതല്‍ എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.