ആ യൂണിഫോമിനുള്ളിലും തുടിക്കുന്ന മാതൃഹൃദയം! കത്തുന്ന ചൂടില്‍ വോട്ട് ചെയ്യാനെത്തിയ അമ്മയ്ക്ക് തണലായി പോലീസ് ഉദ്യോഗസ്ഥ; കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കാവലായ മനോഹര ദൃശ്യം; നാദാപുരം നരിപ്പറ്റയിലെ പോളിംഗ് ബൂത്തില്‍ കണ്ടത് നന്മയുടെ വോട്ട്!

Update: 2026-04-09 15:31 GMT

കണ്ണൂര്‍: യൂണിഫോമിനുള്ളിലെ കരുണാര്‍ദ്രമായ മാതൃഹൃദയം! വോട്ട് ചെയ്യാനെത്തിയ ഒരു യുവതിയുടെ കൈക്കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ ചേര്‍ത്തുപിടിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കടമകള്‍ക്കപ്പുറം കരുതലിന്റെയും സ്‌നേഹത്തിന്റെയും മനോഹരമായ ഒരു ചിത്രം മലബാറിലെ ഒരു പോളിംഗ് ബൂത്തില്‍ നിന്നുള്ളതാണ്. നാദാപുരം നരിപ്പറ്റ ആര്‍.എന്‍.എം.എച്ച്.എസ് (RNMHS) 134-ാം നമ്പര്‍ ബൂത്തില്‍ നിന്നുള്ളതാണ് ഹൃദയം തൊടുന്ന കാഴ്ച.

ജനാധിപത്യത്തിന്റെ വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഒരു യുവതി. പൊള്ളുന്ന ചൂടിലും നീണ്ട ക്യൂവിലും തന്റെ പിഞ്ചുകുഞ്ഞിനെ ചേര്‍ത്തുപിടിച്ച് അവര്‍ ഏറെ പ്രയാസപ്പെട്ടു. ഇതുകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ അവിടേക്ക് എത്തുകയായിരുന്നു. ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തുന്നതുവരെ ആ കുഞ്ഞിനെ നോക്കാമെന്ന് അവര്‍ അമ്മയ്ക്ക് ഉറപ്പുനല്‍കി.

പിന്നീട് കണ്ടത് ഔദ്യോഗിക വേഷത്തിനുള്ളിലെ ഒരു അമ്മയുടെ വാത്സല്യമായിരുന്നു. കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ ആ ഉദ്യോഗസ്ഥ തന്റെ കൈകളിലേക്ക് ആ കുഞ്ഞിനെ വാങ്ങുകയും സ്വന്തം കുഞ്ഞിനെയെന്നപോലെ താലോലിക്കുകയും ചെയ്തു. പോളിംഗ് ബൂത്തിലെ കനത്ത സുരക്ഷാ ചുമതലകള്‍ക്കിടയിലും ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന വനിതാ പോലീസിന്റെ ചിത്രം അവിടെയുണ്ടായിരുന്നവരുടെയെല്ലാം ഹൃദയം കവര്‍ന്നു. സഹദ് പാലോല്‍ എന്ന യുവാവാണ് ഈ ചിത്രം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ജോലിയോടുള്ള ഉത്തരവാദിത്തത്തിനൊപ്പം തന്നെ സഹജീവികളോടുള്ള സഹാനുഭൂതിയും കരുതലും കൈവിടാത്ത ഇത്തരം ഉദ്യോഗസ്ഥരാണ് പോലീസിന്റെ മാന്യത വര്‍ദ്ധിപ്പിക്കുന്നത്. അമ്മ സമാധാനമായി വോട്ട് രേഖപ്പെടുത്തി മടങ്ങിവരുന്നത് വരെ ആ പിഞ്ചുകുഞ്ഞ് ആ ഉദ്യോഗസ്ഥയുടെ കൈകളില്‍ സുരക്ഷിതനായിരുന്നു.

കേവലം ക്രമസമാധാന പാലനം മാത്രമല്ല, ജനങ്ങളുടെ ആവശ്യങ്ങളില്‍ താങ്ങായി നില്‍ക്കുക എന്നതു കൂടിയാണ് തങ്ങളുടെ ദൗത്യമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ കേരളാ പോലീസ് ഉദ്യോഗസ്ഥ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. 'യൂണിഫോമിനുള്ളിലെ മാതൃഹൃദയം' എന്ന പേരില്‍ ഈ ചിത്രം ഇപ്പോള്‍ നന്മയുടെ പുതിയ അടയാളമായി മാറുകയാണ്. പോലീസുകാരിയുടെ ഈ മാതൃകാപരമായ പ്രവൃത്തിക്ക് നാടൊട്ടുക്കും അഭിനന്ദന പ്രവാഹമാണ്.

Similar News