ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല; ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ നിലപാട് വ്യക്തമാക്കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍; 'ഉപമുഖ്യമന്ത്രി സ്ഥാനം ഒരിക്കലും അങ്ങോട്ട് ആവശ്യപ്പെടില്ല; ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല

Update: 2026-04-10 06:20 GMT

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശ വാദം ഉന്നയിക്കുമോയെന്ന ചോദ്യത്തില്‍ നിലപാട് വ്യക്തമാക്കി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതയുണ്ടെന്നും ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നുമായിരുന്നു പ്രതികരണം.

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതയുണ്ട്. സി എച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥികള്‍ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും മുനവറലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീല്‍ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖര്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് അറിയാം. എന്താണ് രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പാരമ്പര്യം എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലേക്ക് നൂലില്‍ കെട്ടി ഇറക്കിയത് അല്ലേ എന്നും പരിഹസിച്ചു.

അതേസമയം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കോണ്‍ഗ്രസിന് എല്ലാ പിന്തുണയും ലീഗ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ 100ന് മുകളില്‍ സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും. കണക്ക് കൂട്ടി തന്നെയാണ് യുഡിഎഫിന്റെ വിശ്വാസം. കോണ്‍ഗ്രസിന് എല്ലാ പിന്തുണയും ലീഗ് നല്‍കി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ല. ഒരിക്കലും മുന്നണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യില്ലെന്നും കോണ്‍ഗ്രസ് പ്രശ്‌നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ച് ഭരണം തുടങ്ങണം. അലാവുദ്ദീന്റെ അത്ഭുത വിളക്കല്ലല്ലോ, പണത്തിന് പണം തന്നെ വേണ്ടേ. ഇടതുപക്ഷത്തിന് പറ്റിയ തെറ്റ് അതാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തുള്ള രീതിയിലേക്ക് തിരിച്ചുപോണം' - പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News