ആളും അര്‍ത്ഥവും ഗ്രൗണ്ടുമൊരുക്കി കെ.സി; യുഡിഎഫിനെ വിജയവഴിയിലെത്തിക്കാന്‍ കളംനിറഞ്ഞ പോരാട്ടം; പ്രവര്‍ത്തകരുടെ പിണക്കം മാറ്റി, ഘടകകക്ഷികളെ ചേര്‍ത്തുപിടിച്ചു; കേരളത്തില്‍ നിറഞ്ഞത് 'കെ.സി. മികവ്' കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ഇങ്ങനേയും; ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രി ആര്? ഹൈക്കമാണ്ട് പ്രതിനിധി താക്കോല്‍ സ്ഥാനത്തേക്ക് എത്തിയേക്കും; വേണുഗോപാല്‍ പക്ഷവും പ്രതീക്ഷകളില്‍

Update: 2026-04-10 05:41 GMT

തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ സൂചനകള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സംഘടനാ മികവാണ് ഇത്തവണ യുഡിഎഫിനെ വിജയപ്രതീക്ഷയുടെ നെറുകയിലെത്തിച്ചതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ഭൂരിപക്ഷം ലഭിച്ചാല്‍ ഹൈക്കമാണ്ടിന്റെ വിശ്വസ്തനായ വേണുഗോപാലിനെ തന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ ഡല്‍ഹിയില്‍ സജീവമാണ്.

അടുത്ത കാലത്തൊന്നും ഹൈക്കമാണ്ട് ഇത്രയധികം ഇടപെട്ട ഒരു നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തുണ്ടാവില്ല. കോണ്‍ഗ്രസിന്റെ മൂന്നാമനും സംഘടനയുടെ അമരക്കാരനുമായ കെ.സി. വേണുഗോപാലിന്റെ സ്വന്തം സംസ്ഥാനമായതിനാല്‍ തുടക്കം മുതല്‍ അദ്ദേഹം അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും വലുപ്പചെറുപ്പം നോക്കാതെ നേരിട്ട് ഇടപെട്ട് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെ.സിക്ക് സാധിച്ചു. ആദ്യം മടിച്ചുനിന്ന പ്രവര്‍ത്തകരെ കൂട്ടത്തോടെ കളത്തിലിറക്കിയതും മതാധ്യക്ഷന്മാരുമായി നേരിട്ട് സംസാരിച്ച് സോഷ്യല്‍ എന്‍ജിനീയറിംഗ് നടത്തിയതും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഉഷാറാക്കി. പിണക്കങ്ങള്‍ മാറ്റി അവരെക്കൂടി സജീവമാക്കാന്‍ ഹൈക്കമാണ്ടിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ സഹായിച്ചുവെന്ന് കെസി അനുകൂലികള്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ഫണ്ട് ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ മണ്ഡലങ്ങളില്‍ പരിഹരിക്കാന്‍ നേതാക്കളെ തന്നെ നേരിട്ട് കളത്തിലിറക്കി കെ.സി നടത്തിയ ഇടപെടലുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ലഭിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രത്യേക ചുമതല നല്‍കി കൃത്യമായ റിപ്പോര്‍ട്ടുകള്‍ വാങ്ങാനും അദ്ദേഹം ശ്രദ്ധിച്ചു. ചടുലമായ ഈ പ്രവര്‍ത്തനത്തിനൊപ്പം അണികളും ജയിക്കാനായി ഉറച്ചിറങ്ങിയപ്പോള്‍ പല നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഇതുവരെ കാണാത്ത ആവേശകരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. തരംഗം ആഞ്ഞുവീശിയാല്‍ യുഡിഎഫ് സീറ്റുകള്‍ 100 കടക്കുമെന്നാണ് പ്രാഥമിക നിഗമനം.

വിജയം ഉറപ്പായ സാഹചര്യത്തില്‍, മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാണ്ട് പ്രതിനിധി ഉടന്‍ കേരളത്തിലെത്താനാണ് സാധ്യത. ഉമ്മന്‍ചാണ്ടിക്ക് ശേഷമുള്ള ഒരു കരുത്തുറ്റ നേതൃത്വം എന്ന നിലയില്‍ കെ.സി. വേണുഗോപാലിനെ ഹൈക്കമാണ്ട് താക്കോല്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുന്‍നിരയിലുണ്ടെങ്കിലും സംഘടനാപരമായ വിജയത്തിന്റെ ക്രെഡിറ്റ് വേണുഗോപാലിലേക്ക് എത്തുന്നതോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വേണുഗോപാല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാലിന് ഫലം വരുമ്പോള്‍ 'കെ.സി. ഫാക്ടര്‍' തന്നെയാകും കോണ്‍ഗ്രസിലെയും കേരള രാഷ്ട്രീയത്തിലെയും പ്രധാന ചര്‍ച്ചാവിഷയം.

പ്രചരണങ്ങളില്‍ സജീവമായ കെസി സമാന്തരമായി സോഷ്യല്‍ എന്‍ജിനിയറിങ്ങിലും ശ്രദ്ധിച്ചു. മതാധ്യക്ഷമാരുമായി ഹൈക്കമാന്‍ഡ് നേരിട്ട് സംസാരിച്ചു.പിണക്കങ്ങള്‍ മാറ്റി അവരേയും സജീവമാക്കി. ഇതിനിടയിലാണ് നിയോജകമണ്ഡലങ്ങളിലെ സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിച്ചത്. നേതാക്കളെതന്നെ കളത്തിലിറക്കിയാണ് കെ.സി ഇതു പരിഹരിച്ചത്. രണ്ടു ദിവസം കൂടുമ്പോള്‍ കിട്ടുന്ന സര്‍വേ റിപോര്‍ട്ട് അനുസരിച്ച് മണ്ഡലങ്ങളിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി റിപ്പോര്‍ട് വാങ്ങി. അങ്ങനെ കോണ്‍ഗ്രസിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. അതുകൊണ്ട് തന്നെ കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News