ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണം മുറുകിയപ്പോള്‍ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ 'അത്ഭുത തീപിടിത്തം' ലോകം കണ്ടു; ഭരണമാറ്റം ഉറപ്പിച്ചതോടെ ഫയലുകള്‍ ധൃതിപിടിച്ച് നശിപ്പിക്കാന്‍ സാധ്യത; സെക്രട്ടേറിയറ്റില്‍ അട്ടിമറി നീക്കമെന്ന് ആരോപണം; ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ സംശയത്തില്‍

ഭരണമാറ്റം ഉറപ്പിച്ചതോടെ ഫയലുകള്‍ ധൃതിപിടിച്ച് നശിപ്പിക്കാന്‍ സാധ്യത; സെക്രട്ടേറിയറ്റില്‍ അട്ടിമറി നീക്കമെന്ന് ആരോപണം

Update: 2026-04-10 07:27 GMT

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഭരണമാറ്റം സംഭവിക്കുമെന്ന ഭീതിയില്‍ സര്‍ക്കാര്‍ ഫയലുകള്‍ ധൃതിപിടിച്ച് നശിപ്പിക്കാന്‍ നീക്കം നടക്കുന്നതായി ഗുരുതര ആരോപണം. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ഒരു മാസക്കാലം കാവല്‍ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ തുടരുമ്പോള്‍, ഇതിനിടയില്‍ വഴിവിട്ട ഇടപാടുകളുടെ രേഖകള്‍ മുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ആരോപണം. ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ ബോധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഖജനാവിലെ പണമെടുത്തും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ചും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഇക്കുറി നിശബ്ദമായ ഭരണവിരുദ്ധ തരംഗം അലയടിച്ചതായാണ് സൂചനകള്‍. പിണറായി വിജയന്റെ ഭൂരിപക്ഷം പകുതിയോളം താഴുമെന്നും ഭൂരിഭാഗം മന്ത്രിമാരും പരാജയപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.

ഭരണമാറ്റം ഉറപ്പാണെന്ന് കണ്ടതോടെ സര്‍ക്കാരിന്റെ വഴിവിട്ട തീരുമാനങ്ങളില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെയും സി.പി.എം നേതാക്കളെയും രക്ഷിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനം മെയിന്റനന്‍സ് എന്ന പേരില്‍ അടുത്ത ദിവസങ്ങളില്‍ അടച്ചിടുമെന്നാണ് വിവരം. ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഭൂരിഭാഗവും അവധിയായതിനാല്‍ ഈ സമയം ഉപയോഗിച്ച് ഫയലുകളില്‍ കൃത്രിമം നടത്താനോ ഡൗണ്‍ലോഡ് ചെയ്ത് മാറ്റാനോ ആണ് ശ്രമം നടക്കുന്നതെന്നാണ് ആരോപണം.

പിണറായി സര്‍ക്കാരിന്റെ കാലത്തെ വന്‍കിട അഴിമതികളുടെ ഫയലുകള്‍ 'ഇടിമിന്നലിലും' 'ഷോര്‍ട്ട് സര്‍ക്യൂട്ടിലും' പെടുത്തി നശിപ്പിക്കാന്‍ തിരക്കിട്ട ഗൂഢാലോചനകള്‍ നടക്കുന്നതായി വിവരം. എന്‍. പ്രശാന്ത് ഐഎഎസ് നടത്തിയ പരിഹാസം കേവലം ഒരു തമാശയല്ല, മറിച്ച് വരാനിരിക്കുന്ന 'തെളിവ് നശിപ്പിക്കല്‍' നാടകങ്ങളുടെ അണിയറക്കഥയാണെന്ന് വ്യക്തം. ''വരുന്ന ഒരുമാസം കേരളത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത്തവും ഷോര്‍ട്ട് സര്‍ക്യൂട്ടും ഉണ്ടാകാതിരിക്കട്ടെ...' ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഇന്നലെ എന്‍.പ്രശാന്ത് ഐഎഎസിന്റെ ഈ ഒളിയമ്പ് കൃത്യമായി കൊള്ളുന്നത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണാധികാരികള്‍ക്കും അവര്‍ക്ക് വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുമാണ്.

ഈ വാര്‍ത്തയുടെ സമഗ്ര വീഡിയോ സ്റ്റോറി


Full View

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണ്ണക്കള്ളക്കടത്ത് അന്വേഷണം മുറുകിയപ്പോള്‍ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ 'അത്ഭുത തീപിടിത്തം' ലോകം കണ്ടതാണ്. സ്വപ്ന സുരേഷിന്റെ സന്ദര്‍ശന വിവരങ്ങള്‍ ഒളിപ്പിക്കാന്‍ സെക്രട്ടറിയേറ്റിലേയും ക്ലിഫ് ഹൗസിലേയും സിസിടിവി മിന്നലേറ്റ് നശിച്ചെന്ന കഥ മുഖ്യമന്ത്രി തന്നെ തട്ടിവിട്ടിരുന്നു. ഇപ്പോള്‍ ഭരണമാറ്റം ഉറപ്പായ സാഹചര്യത്തില്‍, പഴയ സ്‌ക്രിപ്റ്റുകള്‍ പൊടിതട്ടിയെടുക്കാനാണ് നീക്കം. മുഖ്യമന്ത്രിക്ക് പുറമെ അരഡസനോളം മന്ത്രിമാര്‍ക്കും അവര്‍ക്ക് കുടപിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെ ശക്തമായ അഴിമതി തെളിവുകള്‍ നിലവിലുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജയിലറകള്‍ തങ്ങളെ കാത്തിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇത്തരം 'തെളിവ് നശിപ്പിക്കല്‍' തന്ത്രങ്ങളിലേക്ക് ഇവരെ നയിക്കുന്നത്.

റിട്ടയര്‍ ചെയ്തിട്ടും ഇരട്ടി ശമ്പളത്തില്‍ സര്‍ക്കാരിനെ സേവിക്കുന്ന ഉദ്യോഗസ്ഥര്‍ വഴിവിട്ട ഫയലുകള്‍ മുക്കാനും തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ ക്ലോസ് ചെയ്യാനും ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. പല ഇ-ഫയലുകളും നിയമവിരുദ്ധമായി ആക്സസ് ചെയ്തെന്ന പരാതി ചീഫ് സെക്രട്ടറിക്കെതിരെ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്, ആദിവാസി ഭൂമി അനുവദിച്ചത് സംബന്ധിച്ച പരാതികള്‍ എന്നിവയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിവാദമായ വാട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മാണത്തിന്റെ പേരില്‍ അന്വേഷണം നേരിട്ട ഗോപാലകൃഷ്ണന്‍ ഐ.എ.എസ് അടക്കമുള്ളവരുടെ ഫയലുകള്‍ വിളിച്ചുവരുത്തി നടപടികള്‍ അവസാനിപ്പിക്കാനാണ് നീക്കം. വരും ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിലെ വിവിധ സെക്ഷനുകളില്‍ തീപിടുത്തം പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന വാദവും സജീവം.

പിണറായി സര്‍ക്കാരിന്റെ പത്തു വര്‍ഷങ്ങള്‍ അവസാനിക്കുമ്പോള്‍ അതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴേക്കും പ്രധാനപ്പെട്ട പല അഴിമതി ആരോപണങ്ങളുടെയും രേഖകള്‍ അപ്രത്യക്ഷമായിട്ടുണ്ടാകും. അഴിമതിക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ ഏതു തലത്തിലും പോകാന്‍ തയ്യാറാണെന്നത് വരാനിരിക്കുന്ന ദിവസങ്ങളെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നു. വരും ദിവസങ്ങളില്‍ സി.പി.എം സര്‍ക്കിളുകളില്‍ നിന്ന് തന്നെ സര്‍ക്കാരിനെതിരെ വിമതശബ്ദങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News