ഇസ്രായേലിനെ വിരട്ടി ട്രംപ്; ലബനനിലെ ആക്രമണം കുറയ്ക്കാന്‍ നെതന്യാഹുവിന് കര്‍ശന നിര്‍ദ്ദേശം; പശ്ചിമേഷ്യയില്‍ കളി മാറുന്നു; ഇറാന്റെ സമാധാന പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച് അമേരിക്ക; ഹോര്‍മുസ് പൂട്ടുമെന്ന് മൊജ്തബ ഖമേനിയുടെ ഭീഷണി; മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നു

Update: 2026-04-10 03:43 GMT

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കുന്ന തരത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലബനനിലെ ആക്രമണങ്ങള്‍ കുറയ്ക്കണമെന്നും സമാധാന ചര്‍ച്ചകളുമായി സഹകരിക്കണമെന്നും ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

നെതന്യാഹുവിനോട് താന്‍ സംസാരിച്ചതായും കാര്യങ്ങള്‍ അല്പം ശാന്തമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമെന്നും തങ്ങള്‍ ഇപ്പോള്‍ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതുണ്ടെന്നാണ് തന്റെ പക്ഷമെന്നും ട്രംപ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ പ്രസ്താവന മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്നും സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും എല്ലാ പ്രതിരോധ നിരകളും ഒരൊറ്റ യൂണിറ്റായാണ് തങ്ങള്‍ കണക്കാക്കുന്നത് എന്നുമാണ് മൊജ്തബ ഖമേനി പ്രസ്താവനയില്‍ പറഞ്ഞത്. അമേരിക്കയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ലബനനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന നിലപാടിലാണ് ഇസ്രായേലും അമേരിക്കന്‍ നയതന്ത്രജ്ഞരും.

അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നെതന്യാഹു തയ്യാറെടുക്കുന്നതായാണ് സൂചന. അടുത്തയാഴ്ച വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ ആരംഭിക്കും. ഹിസ്ബുള്ളയെ നിരായുധീകരിക്കുക, ഇസ്രായേല്‍-ലബനന്‍ സമാധാനം സ്ഥാപിക്കുക എന്നിവയാകും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. പാകിസ്താനില്‍ വെച്ച് ഇറാനുമായും വാഷിംഗ്ടണില്‍ വെച്ച് ലബനനുമായും അമേരിക്ക ചര്‍ച്ചകള്‍ നടത്തും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പാകിസ്താനിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ലബനനില്‍ 254 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ മുന്നോട്ട് വെച്ച പത്തു പോയിന്റുകളുള്ള സമാധാന പദ്ധതിയോട് ട്രംപ് പോസിറ്റീവായാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് ചര്‍ച്ചകള്‍ക്ക് വ്യക്തമായ അടിത്തറ നല്‍കുന്നതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ പശ്ചിമേഷ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

Similar News