എംവി ഗോവിന്ദനും എഎ റഹിമും പോക്‌സോ കേസില്‍ പ്രതിയാകുമോ? കുംഭമേള 'വൈറല്‍' പെണ്‍കുട്ടി മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ജനന സര്‍ട്ടിഫിക്കറ്റ് പുറത്ത്; വിവാഹം വിവാദത്തിലേക്ക്; പതിനാറാം വയസുകാരിയെ കല്യാണം കഴിപ്പിച്ച സിപിഎം വെട്ടില്‍; മധ്യപ്രദേശില്‍ കേസ് വന്നേക്കും

Update: 2026-03-21 05:43 GMT

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഇന്‍ഡോര്‍ സ്വദേശി മോണാലിസ ഭോസ്ലെയും ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന വിവാഹം പുതിയ വിവാദത്തിലേക്ക്. മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂവെന്നും വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിശ്വഹിന്ദു പരിഷത്താണ് (വി.എച്ച്.പി) പുറത്തുവിട്ടത്.

കഴിഞ്ഞ മാര്‍ച്ച് 11-ന് തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ദേവക്ഷേത്രത്തില്‍ വെച്ചായിരുന്നു മോണാലിസയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ റഹീം എം.പി തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തനിക്ക് 18 വയസ്സുണ്ടെന്ന് മോണാലിസ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. തമ്പാനൂര്‍ പോലീസും പ്രായം പരിശോധിച്ച ശേഷമാണ് വിവാഹത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കിയിരുന്നു.

വി.എച്ച്.പി പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം മോണാലിസയുടെ ജനനത്തീയതി 2009 ഡിസംബര്‍ 30 ആണ്. ഇതനുസരിച്ച് വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ടു മാസവും മാത്രമാണ് പ്രായം. ഭോപ്പാലിലെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ഔദ്യോഗികമായി കൈപ്പറ്റിയ സര്‍ട്ടിഫിക്കറ്റാണിതെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ പറഞ്ഞു. ഇത് വലിയ വിവാദമായി മാറും. മദ്യപ്രദേശില്‍ വിഎച്ച് പി കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. ഇതോടെ പെണ്‍കുട്ടിയും മറ്റും നല്‍കിയ രേഖകളിലെ ആധികാരികരതയും പരിശോധിക്കേണ്ടി വരും.

മോണാലിസയുടെ പ്രായം സംബന്ധിച്ച് നേരത്തെ തന്നെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നതായും അനില്‍ വിളയില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ മധ്യപ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് വി.എച്ച്.പി. പ്രമുഖ നേതാക്കള്‍ പങ്കെടുത്ത വിവാഹം നിയമക്കുരുക്കിലേക്ക് നീങ്ങുന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. കേരളത്തില്‍ തല്‍കാലം ഈ വിഷയത്തില്‍ കേസെടുക്കില്ല. പ്രായ പൂര്‍ത്തിയായി എന്ന നിലപാടില്‍ തന്നെയാണ് പോലീസ്.

വിഎച്ച് പി നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ ആധികാരികത പോലീസ് പരിശോധിക്കും. ഇത് വ്യാജമാണെന്ന് വന്നാല്‍ നല്‍കിയവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. മൊണാലിസയ്ക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്നും 2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്.

വിവാഹശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൊണാലിസ ഈ ആരോപണങ്ങളെല്ലാം തള്ളിയിരുന്നു. തനിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായെന്ന് പറഞ്ഞ് പ്രായത്തെകുറിച്ചുള്ള ആരോപണങ്ങള്‍ നിരസിച്ചു. കൂടാതെ, മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞെന്നും രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്ന് വ്യക്തമായെന്ന് തമ്പാനൂര്‍ പൊലീസും സ്ഥിരീകരിച്ചു.

അതേസമയം, ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം, മൊണാലിസയുടെ ജനന തീയതിയും സമയവും 2009 ഡിസംബര്‍ 30 വെകുന്നേരം 5.30 ആണ്. സംഭവത്തില്‍ മധ്യപ്രദേശ് പൊലീസ് കേസെടുക്കാനൊരുങ്ങുകയാണ്.

Tags:    

Similar News