കുംഭമേള വൈറല്‍ താരത്തിന്റെ കല്യാണവാര്‍ത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയവര്‍; നവദമ്പതികളെ എംവി ഗോവിന്ദനും വി ശിവന്‍കുട്ടിയും എ എ റഹിമും ചേര്‍ന്ന് സ്വീകരിച്ചത് രക്തഹാരവും ബൊക്കയും നല്‍കി; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്നും പുകഴ്ത്തലുകള്‍; മിശ്രവിവാഹത്തിന് പൊലീസിന് നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസും; സിപിഎം നേതാക്കള്‍ പിടിച്ച 'പുലിവാല്‍ കല്യാണം'
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്ക് കേരളം കടക്കുന്നതിന് തൊട്ടുമുമ്പ് തിരുവനന്തപുരത്ത് വെച്ച് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെട്ട ഒരു മിശ്രവിവാഹം ഇപ്പോള്‍ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 'റിയല്‍ കേരള സ്റ്റോറി' എന്ന് വിശേഷിപ്പിക്കപ്പെട്ട കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നിയമവിരുദ്ധമാണെന്നും വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തിയതോടെയാണ് വിവാദം കത്തുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്‌സോ (POCSO) കേസെടുത്തതോടെ വിവാഹ ചടങ്ങിന് കാര്‍മികത്വം വഹിച്ച് മുമ്പന്തിയില്‍ നിന്ന സിപിഎം നേതാക്കള്‍ വെട്ടിലായി. റിയല്‍ കേരള സ്റ്റോറി എന്ന് പറഞ്ഞ് അന്ന് വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി ശിവന്‍കുട്ടിയും എംപി റഹീമും ഇപ്പോള്‍ മിണ്ടുന്നില്ല. ബാലവിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ നേരിടുന്നത്. വിവാഹസമയത്ത് രക്തഹാരവും ബൊക്കയും നല്‍കി സ്വീകരിച്ച നേതാക്കള്‍, പോക്‌സോ കേസായതോടെ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വിവാഹത്തിനായി വ്യാജ രേഖകള്‍ ചമച്ചുവെന്നതും കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് 11-നാണ് മധ്യപ്രദേശ് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയും ഉത്തര്‍പ്രദേശ് സ്വദേശിയായ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം തിരുവനന്തപുരം അരുമാനൂര്‍ നൈനാര്‍ ദേവക്ഷേത്രത്തില്‍ വെച്ച് നടന്നത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ വലിയ മാതൃകയായി ഈ വിവാഹത്തെ സിപിഎം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ വിവാഹ സമയത്ത് യുവതിയുടെ ഭര്‍ത്താവ് പൊലീസിന് മുന്നില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നു. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയ്ക്ക് വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു പ്രായമെന്ന് കണ്ടെത്തിയത്. കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി. രണ്ട് സര്‍ട്ടിഫിക്കറ്റുകളും പുറത്തുവന്നിട്ടുണ്ട്.
വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടിയുടെ പിതാവ് തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്നും അവളെ തട്ടിക്കൊണ്ടുപോയതാണെന്നും പരാതിയുമായി തമ്പാനൂര്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും ഹാജരാക്കിയ ആധാര്‍ കാര്‍ഡിലും ജനന സര്‍ട്ടിഫിക്കറ്റിലും ജനനത്തീയതി 2008 ജനുവരി 1 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെന്ന് വിലയിരുത്തിയ പോലീസ് പിതാവിന്റെ വാദം തള്ളി വിവാഹത്തിന് സൗകര്യം ഒരുക്കി. എന്നാല്‍, ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഈ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞു. മധ്യപ്രദേശിലെ മഹേശ്വറിലുള്ള സര്‍ക്കാര്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30-നാണെന്ന് കണ്ടെത്തി. അതായത് വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. രേഖകള്‍ പരിശോധിക്കുന്നതില്‍ കേരള പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി ഗൗരവമായി എടുക്കാതിരുന്നതും രേഖകളുടെ ആധികാരികത ഉറപ്പുവരുത്താതിരുന്നതും അന്വേഷണ പരിധിയില്‍ വരും.
വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കമ്മീഷന്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ 22-ന് കേരളത്തിലെയും മധ്യപ്രദേശിലെയും പോലീസ് ഡയറക്ടര്‍ ജനറല്‍മാരോട് (DGP) ഡല്‍ഹിയിലെ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിലും ബാലവിവാഹം നടക്കാന്‍ സാഹചര്യമൊരുക്കിയതിലും ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കേണ്ടി വരും. കൂടാതെ, വിവാഹത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ നേതാക്കളും മധ്യപ്രദേശ് പോലീസിന്റെ അന്വേഷണ പരിധിയില്‍ വന്നേക്കാം. രാഷ്ട്രീയ നേട്ടത്തിനായി നിയമസാധുത പരിശോധിക്കാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തത് വലിയ വീഴ്ചയാണെന്നാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്ന വിമര്‍ശനം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിവാഹത്തിന് 'കാര്‍മ്മികത്വം' വഹിച്ചു എന്നതാണ് സി.പി.എം നേതാക്കളെ വെട്ടിലാക്കുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്ന മന്ത്രിയും എം.പിയും ഉള്‍പ്പെടെയുള്ളവര്‍ നിയമസാധുത പരിശോധിക്കാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തത് വലിയ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രണ്ട് പേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ രേഖകള്‍ നോക്കേണ്ടതില്ലല്ലോ എന്ന വാദം ഇപ്പോള്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, നിയമപരമായി ഒരു ബാലവിവാഹത്തെ പ്രോത്സാഹിപ്പിച്ചു എന്ന ഗൗരവകരമായ ആരോപണമാണ് അവര്‍ നേരിടുന്നത്. വിഷയം ഗൗരവമായി എടുത്ത ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള-മധ്യപ്രദേശ് ഡിജിപിമാരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇതോടെ, കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ 'റിയല്‍ കേരള സ്റ്റോറി' എന്ന പേരില്‍ ആഘോഷിക്കപ്പെട്ട സംഭവം സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
സിപിഎമ്മിന് 'പുലിവാല്‍ കല്യാണം'
വിവാഹിതയായ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂല്‍ഡ് ട്രൈബ്സിന്റെ (എന്‍സിഎസ്ടി) കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ പ്രായം 16 ആണെന്നാണ് എന്‍സിഎസ്ടിയുടെ കണ്ടെത്തലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ഡി ആദിവാസി വിഭാഗമാണ് പെണ്‍കുട്ടി. മഹേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കുട്ടിക്ക് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടി ജനിച്ച മദ്ധ്യപ്രദേശ് മഹേശ്വറിലെ സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2009 ഡിസംബര്‍ 30 ന് വൈകുന്നേരം 5:50 ആണ് ജനനസമയം എന്നാണ്. പുതിയ വിവരങ്ങള്‍ അനുസരിച്ച് വിവാഹസമയത്ത് പെണ്‍കുട്ടിയ്ക്ക് ഏകദേശം 16 വയസും രണ്ട് മാസവും 12 ദിവസവും ആയിരുന്നു പ്രായം. മഹേശ്വര്‍ മുനിസിപ്പാലിറ്റി മുമ്പ് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും അന്വേഷണ സംഘം പ്രാദേശിക ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതില്‍ കുട്ടിയുടെ ജനനത്തീയതി 2008 ജനുവരി 1 എന്ന് തെറ്റായി രേഖപ്പെടുത്തിയിക്കുകയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കര്‍ശനമായ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് കമ്മിഷന്‍.
ഏപ്രില്‍ 22ന് കേരള, മദ്ധ്യപ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറല്‍മാരെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് കമ്മിഷന്‍ വിളിപ്പിച്ചിട്ടുണ്ട്.ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ അന്തര്‍സിംഗ് ആര്യയുടെ നേതൃത്വത്തില്‍ അഭിഭാഷകനായ പ്രഥം ദുബെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ കൃത്യമായ പ്രായം സംബന്ധിച്ച വിവരം പുറത്തുവന്നത്. വിവാഹത്തിന്റെ രേഖകള്‍ തേടി മദ്ധ്യപ്രദേശ് എസ്.സി - എസ്.ടി കമ്മിഷന്‍ തിരുവനന്തപുരത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തി എന്ന പിതാവിന്റെ പരാതിയില്‍ തെളിവെടുപ്പിനായാണ് കമ്മിഷന്‍ തലസ്ഥാനത്തെത്തിയത്. വിവാഹം നടന്ന അരുമാനൂര്‍ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപേക്ഷ, ക്ഷേത്രം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയും കമ്മിഷന്‍ പരിശോധിച്ചിരുന്നു.
മാര്‍ച്ച് 11നായിരുന്നു ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടിയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. വ്യത്യസ്ത മതവിഭാഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലായിരുന്നതിനാല്‍ പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. എന്നാല്‍ വിവാഹത്തിന് സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായെന്ന തെളിവുകള്‍ കാണിച്ചതോടെയാണ് പൊലീസ് വിവാഹത്തിന് സഹായം ചെയ്തത്.
സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ കല്യാണവാര്‍ത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പേരില്‍ ആശംസകള്‍ നേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എം പി തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് നേതാക്കള്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ പോക്‌സോ കേസായതോടെ അന്ന് രക്തഹാരവും ബൊക്കയും ഒക്കെ സമ്മാനിച്ച നേതാക്കള്‍ മിണ്ടുന്നില്ല.
രണ്ട് പേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ രേഖകള്‍ നോക്കേണ്ടതില്ലല്ലോ എന്ന വാദവും ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ സിനിമാ ലോക്കേഷനില്‍ നിന്ന് വൈറല്‍ താരത്തെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പിതാവ് ശ്രമിച്ചതോടെയാണ് തമ്പാനൂര്‍ പൊലീസിന്റെ പരിഗണനയിലേക്ക് വിഷയം വന്നത്. അന്ന് പൊലീസിന് പിതാവ് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ആധാറും പ്രകാരം ജനനം 2008, ജനുവരി 1നാണ്. രേഖകള്‍ പ്രകാരം പ്രായപൂര്‍ത്തിയായതിനാലും ആരും തര്‍ക്കം ഉന്നയിക്കാതിരുന്നതിനാലും കൂടുതല്‍ പരിശോധന നടത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ നോട്ടീസ് കിട്ടിയില്ലെന്ന് ഡിജിപി അറിയിച്ചു. പോക്‌സോ കേസായതോടെ ക്രെഡിറ്റിനായി കാര്‍മ്മികത്വം വഹിച്ച നേതാക്കളും മധ്യപ്രദേശ് പൊലീസിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും.
