നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡിട്ട് കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍; വോട്ട് ചെയ്തത് 81.19 ശതമാനം പേര്‍; 2021ലെക്കാള്‍ 7.25 ശതമാനം ആണ് ഇക്കുറി വര്‍ധന; സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള മുന്നണികളുടെ വാഗ്ദാനങ്ങള്‍ ഗുണകരമായെന്ന് വിലയിരുത്തല്‍; ഉയര്‍ന്ന പോളിംഗ് ആരെ തുണയ്ക്കുമെന്നതില്‍ ആകാംക്ഷ ബാക്കി
നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡിട്ട് കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇക്കുറി ഉയര്‍ന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. എസ്.ഐ.ആറിന് ശേഷം നടന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇക്കുറി തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തി വോട്ടു ചെയ്യുന്ന കാഴ്ച്ചയാണ് കണ്ടത്. ഇക്കാര്യത്തില്‍ വോട്ടര്‍മാര്‍ റെക്കോര്‍ഡിട്ടു എന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഈ തിരഞ്ഞെടുപ്ിലാണ്. ആകെ സ്ത്രീ വോട്ടര്‍മാരില്‍ 81.19 % ഇത്തവണ വോട്ട് ചെയ്തു. 2021ലെക്കാള്‍ 7.25 ശതമാനം ആണ് ഇക്കുറി വര്‍ധന. പുരുഷ - സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം തമ്മില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്.
സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 1,39,21,868 പേര്‍ സ്ത്രീ വോട്ടര്‍മാരായിരുന്നു. കണക്കുകള്‍ പ്രകാരം 1,13,03,016 സ്ത്രീ വോട്ടര്‍മാര്‍ ഇക്കുറി വോട്ട് ചെയ്തു. 2021ല്‍ 1,41,64,697 സ്ത്രീ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. അതില്‍ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ല്‍ 73.94 % സ്ത്രീ വോട്ടര്‍മാരുടെ പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പോളിങ് ശതമാനം 1987ലായിരുന്നു. 1987ല്‍ 80.58% സ്ത്രീ വോട്ടര്‍മാരായിരുന്നു വോട്ട് ചെയ്തത്.
അതേസമയം എസ്‌ഐആറിലൂടെ വോട്ടര്‍മാര്‍ പുറത്തായതോടെ, ആകെയുള്ള വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും വോട്ടു ചെയ്യാനെത്തിയെന്നും അതു പോളിങ് ശതമാനം ഉയര്‍ത്തിയെന്നുമുള്ള വിലയിരുത്തലാണ് പൊതുവിലുള്ള വിലയിരുത്തല്‍. സ്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് സ്ത്രീവോട്ടര്‍മരുടെ എണ്ണം വര്‍ധിച്ചതും.
കേരളത്തില്‍ വോട്ടു ചെയ്തവരുടെ എണ്ണം 2 കോടി കവിഞ്ഞുവെന്നു വ്യക്തമാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ എത്ര വോട്ടര്‍മാര്‍ കൂടുതലായി എത്തിയെന്നതാകും നിര്‍ണായമാകുക. മേയ് നാലിലെ വോട്ടെണ്ണലില്‍ ഈ മുന്നേറ്റം എന്തു മാറ്റമുണ്ടാക്കുമെന്നതും പ്രവചനാതീതമാകുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോളിങ് ശതമാനക്കണക്കുകള്‍ പ്രകാരം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.75% പേരും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.04% പേരും വോട്ടു ചെയ്തു. 2021ല്‍ 2.08 കോടി പേരും 2024ല്‍ 2 കോടിയിലേറെ പേരുമാണു പോളിങ് ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചത്. കേരളത്തില്‍ എസ്‌ഐആറിന് മുന്‍പുണ്ടായിരുന്ന വോട്ടര്‍പട്ടികയില്‍ 2025 ഒക്ടോബറിലെ കണക്ക് അനുസരിച്ച് 2.78 കോടി (2,78,50,855) വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഫെബ്രുവരിയിലെ നാലു മാസം നീണ്ട എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളിലൂടെ പട്ടിക ശുദ്ധീകരിച്ചതോടെ ആറര ലക്ഷത്തിലേറെ പേരെ ഒഴിവാക്കി. തുടര്‍ന്ന് വോട്ടര്‍മാരെ ചേര്‍ക്കാനും അവസരം നല്‍കി. എന്നിട്ടും എണ്ണം 2.71 കോടിയായി (2,71,96,936) കുറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2.75 കോടി (2,75,03,768) വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നെങ്കില്‍ മൂന്നര ലക്ഷത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞ് 2.71 കോടി വോട്ടര്‍മാരുമായാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ്. 78.27% വോട്ടര്‍മാര്‍ ഇന്നലെ വ്യാഴാഴ്ച ബൂത്തുകളില്‍ എത്തിയതായാണ് കണക്ക്. വോട്ടര്‍മാരുടെ ശതമാനകണക്കല്ലാതെ എണ്ണം എത്രയാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ല.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന ശതമാനകണക്കില്‍ വീടുകളില്‍ വോട്ടു ചെയ്തവരും അവശ്യസേവന വിഭാഗത്തില്‍ വോട്ടു ചെയ്തവരുമായ 2.26 ലക്ഷം പേരുടെയും പോളിങ് ഉദ്യോഗസ്ഥരില്‍ ഇതു വരെ തപാല്‍ വോട്ടു ചെയ്ത 1.10 ലക്ഷം പേരുടെയും 53,984 സര്‍വീസ് വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് 2.69 (2,69,16,902) കോടി ആകെ വോട്ടര്‍മാര്‍ എന്നു കണക്കാക്കിയാണ് പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ണയിച്ചിരിക്കുന്നത്.
അങ്ങനെയെങ്കില്‍ 2.09 കോടി വോട്ടര്‍മാരാണ് ഇന്നലെ കേരളത്തിലെ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതെന്നു കണക്കാക്കാം. ഇത് 2.08 കോടി പേര്‍ വോട്ടു ചെയ്ത 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷത്തില്‍ അധികം പേരാണ്. ഇനി ഇതിന്റെ കൂടെ വീട്ടില്‍ വോട്ടു ചെയ്തവരും തപാല്‍ വോട്ടു ചെയ്തവരും അടക്കം 3.36 ലക്ഷം പേരുടെ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 4.36 ലക്ഷത്തിലേറെ പേര്‍ വോട്ടു ചെയ്‌തെന്ന നിലയില്‍ സംഖ്യ ഉയരും.
