യുഡിഎഫ് തരംഗമുണ്ടായാലും ഒന്നും സംഭവിക്കില്ല! ബിജെപി വോട്ട് കുറയാതെ യുഡിഎഫ് വോട്ടുവിഹിതം കൂടിയാല്‍ ആര്‍ക്ക് ലാഭം? ഇടതുപക്ഷത്തിന് വോട്ട് ചോരുമോ? കേരളം ആരുടെ കൈയിലേക്ക്? ഞെട്ടിക്കുന്ന കണക്കുകളുമായി ടി.ടി. ശ്രീകുമാര്‍
കേരളം ആരുടെ കൈയിലേക്ക്? ഞെട്ടിക്കുന്ന കണക്കുകളുമായി ടി.ടി. ശ്രീകുമാര്‍
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. 78.27% എന്ന ഉയര്‍ന്ന വോട്ടിംഗ് ശതമാനം സംസ്ഥാനത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തെ വീണ്ടും അടിവരയിടുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും, യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവും, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ വോട്ട് വര്‍ദ്ധനവും ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടമാണ് നടന്നത്.
ഭരണവിശ്വാസവും ഭരണവിരുദ്ധതയും തമ്മിലുള്ള പോരാട്ടം
കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം വിലയിരുത്തുന്ന ഒരു റഫറണ്ടം ആയിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ 38.81% വോട്ട് വിഹിതവും എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം 33.45% ആയി കുറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് എപ്പോഴും തങ്ങളുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാറുള്ള ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് എഴുത്തുകാരനും വാഗ്മിയും സാമൂഹിക-സാംസ്‌കാരിക വിമര്‍ശകനുമായ ടി.ടി.ശ്രീകുമാര്‍ തന്റെ സുദീര്‍ഘമായ ലേഖനത്തില്‍ പറയുന്നു.
പ്രത്യയശാസ്ത്രപരമായ കെട്ടുറപ്പുള്ള എല്‍.ഡി.എഫിന്റെ കേഡര്‍ വോട്ടുകള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുമ്പോള്‍, തദ്ദേശ ഭരണത്തില്‍ കണ്ട മുന്നേറ്റം നിയമസഭയിലും സീറ്റുകളാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
നിര്‍ണ്ണായകമാകുന്ന ബി.ജെ.പി ഘടകം
കേരളത്തിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ തെറ്റിക്കുന്ന ഒരു സ്ട്രാറ്റജിക് ഡിസ്റപ്റ്റര്‍' ആയി ബി.ജെ.പി ഇത്തവണയും സജീവമായി രംഗത്തുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേടിയ വിജയം നിയമസഭയിലും ആവര്‍ത്തിക്കാന്‍ എന്‍.ഡി.എ കിണഞ്ഞു ശ്രമിക്കുന്നു. വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, ബി.ജെ.പി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നത് പ്രധാനമായും യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളെയാണ് ബാധിക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫിന്റെ അടിസ്ഥാന വര്‍ഗ്ഗ വോട്ടുകളിലും ഹൈന്ദവവല്‍ക്കരണത്തിന്റെ സ്വാധീനം കടന്നുകയറുന്നുണ്ടോ എന്ന ആശങ്ക ഇടത് കേന്ദ്രങ്ങളിലും നിലനില്‍ക്കുന്നുണ്ട്.
സീറ്റ് വിഭജനത്തിലെ സങ്കീര്‍ണ്ണതകള്‍
വെറും 1 മുതല്‍ 2 ശതമാനം വരെയുള്ള വോട്ട് മാറ്റം പോലും 40 മുതല്‍ 60 വരെ സീറ്റുകളുടെ വ്യത്യാസമുണ്ടാക്കാവുന്ന കേരളത്തിന്റെ 'ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്' രീതി വിജയിയെ നിശ്ചയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കും. മുസ്ലീം ലീഗിന്റെ സാന്നിധ്യം യു.ഡി.എഫിനെ ശിഥിലീകരണത്തില്‍ നിന്ന് സംരക്ഷിക്കുമ്പോള്‍, എല്‍.ഡി.എഫിന് അത്തരമൊരു 'സാമുദായിക ബഫര്‍' ഇല്ലാത്തത് അവരുടെ വോട്ട് ചോര്‍ച്ച വലിയ പ്രതിസന്ധിക്ക് കാരണമാക്കിയേക്കാം. മെയ്് 4-ലെ വോട്ടെണ്ണല്‍ ഫലങ്ങള്‍ക്കായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ടി.ടി.ശ്രീകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
1. ഞാന്‍ സെഫോലോജിസ്റ്റ് അല്ലാത്തതിനാല്‍ ആര്‍ക്കാണ് വിജയം ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും അടിസ്ഥാനപരമായ ചില വോട്ടിംഗ് കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. 1980 മുതല്‍ 2021 വരെയുള്ള കേരള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതത്തെയും സീറ്റ് വിതരണത്തെയും കുറിച്ചുള്ള ദീര്‍ഘകാല വിശകലനം, സുസ്ഥിരമെന്ന് പുറമേ തോന്നുന്നതും എന്നാല്‍ ആന്തരികമായി സങ്കീര്‍ണ്ണവുമായ ഒരു രാഷ്ട്രീയ ഘടനയെയാണ് വെളിപ്പെടുത്തുന്നത്. ഒരു വശത്ത്, എല്‍.ഡി.എഫ് (LDF), യു.ഡി.എഫ് (UDF) എന്നീ മുന്നണികള്‍ക്ക് മാറിമാറി ഭരണം ലഭിക്കുന്ന ഒരു ക്ലാസിക് 'ദ്വിധ്രുവ രാഷ്ട്രീയ' (bipolar system) രീതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് തോന്നും. എങ്കിലും, വോട്ട് വിഹിതത്തിലെ മാറ്റങ്ങളും പ്രത്യേകിച്ച് എന്‍.ഡി.എ/ബി.ജെ.പി (NDA/BJP) യുടെ സാന്നിധ്യവും സൂക്ഷ്മമായി പരിശോധിച്ചാല്‍, പുറമേ ഒരു സന്തുലിതാവസ്ഥയും അതേസമയംതന്നെ യു.ഡി.എഫ്-നെ സംബന്ധിച്ചേടത്തോളം ഘടനാപരമായ ചാഞ്ചല്യങ്ങളും നിറഞ്ഞ സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കാണാം.
2. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, ഒരു വലിയ പരിധിവരെ, രണ്ട് പ്രബല മുന്നണികളും തമ്മിലുള്ള വോട്ട് വിഹിതത്തിലെ തുല്യത തന്നെയാണ്. കഴിഞ്ഞ പത്ത് തിരഞ്ഞെടുപ്പുകളിലായി എല്‍.ഡി.എഫിന്റെ ശരാശരി വോട്ട് വിഹിതം 45-46 ശതമാനമാണ്; യു.ഡി.എഫിന്റേതാകട്ടെ, 44-45 ശതമാനവും. വെറും 1 മുതല്‍ 2 ശതമാനം വരെയുള്ള ഈ നേരിയ വ്യത്യാസം അതിന്റെ ഉപരിതലത്തില്‍ സൂചിപ്പിക്കുന്നത്, ഒരു മുന്നണിക്കും വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാനില്ലാത്ത കടുത്ത മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ്. എന്നാല്‍, വോട്ട് വിഹിതത്തിലെ ഈ സന്തുലിതാവസ്ഥ നിലനില്‍ക്കുമ്പോഴും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിക്കാറുണ്ട്. വോട്ടിംഗില്‍ ഉണ്ടാകുന്ന 2-3 ശതമാനത്തിന്റെ നേരിയ മാറ്റം പോലും 40 മുതല്‍ 60 വരെ സീറ്റുകളുടെ വലിയ വ്യത്യാസത്തിലേക്ക് നയിക്കാമെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. 'ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്' (First-past-the-post) തിരഞ്ഞെടുപ്പ് രീതിയിലെ അസമത്വത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. [ആകെ പോള്‍ ചെയ്ത വോട്ടുകളുടെ പകുതിയിലധികം (50%+1) വോട്ട് ലഭിച്ചില്ലെങ്കില്‍പോലും, മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാല്‍ ആ വ്യക്തിക്ക് വിജയിക്കാം എന്ന രീതി]
3. ഈ വോട്ട് വിഹിതത്തിലെ സന്തുലിതാവസ്ഥയ്ക്കിടയിലും, രണ്ട് മുന്നണികളുടെയും ആഭ്യന്തര സ്ഥിരതയില്‍ (internal stability) പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. എല്‍.ഡി.എഫ്-ന് താരതമ്യേന സുസ്ഥിരമായ ഒരു വോട്ട് അടിത്തറയാണ് ഉള്ളത്. ഇലക്ടറല്‍ തിരിച്ചടിയുണ്ടാകുന്ന സാഹചര്യങ്ങളില്‍പ്പോലും അവരുടെ വോട്ട് വിഹിതം 43 ശതമാനത്തിന് താഴേക്ക് പോകാറില്ല. 1987-ല്‍ ലഭിച്ച ഏകദേശം 49 ശതമാനമാണ് എല്‍.ഡി.എഫിന്റെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം. ഈ വോട്ട് വിഹിതത്തിലെ കുറഞ്ഞ വ്യതിയാനം സൂചിപ്പിക്കുന്നത്, പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ള ഉറച്ച ഒരു വോട്ട് ബാങ്ക് അവര്‍ക്കുണ്ട് എന്നാണ്. എല്‍.ഡി.എഫിന്റെ സംഘടനാപരമായ കരുത്തും വര്‍ഗ്ഗാധിഷ്ഠിത രാഷ്ട്രീയത്തിലുള്ള ചരിത്രപരമായ വേരോട്ടവുമാണ് എല്‍ഡിഎഫിന്റെ പിന്തുണയുടെ അടിസ്ഥാനം. ഇതില്‍ മത-ജാതി ഘടകം താരതമ്യേന കുറവാണ് (സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മുന്നണികള്‍ പിന്തുടരുന്ന ചില സമവാക്യങ്ങളെ കുറിച്ചല്ല ഈ നിരീക്ഷണം). ഈ വോട്ട് വിഹിതത്തില്‍ ജാതി കലരുന്നത്, പിന്നാക്ക-ദളിത് വിഭാഗങ്ങളാണ് തൊഴിലാളി-ലോവര്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ (പ്രധാനമായും) അടിസ്ഥാന ജാതിഘടന എന്നതുകൊണ്ടാണ്.
4. നേരെമറിച്ച്, യു.ഡി.എഫ് (UDF) കൂടുതല്‍ അസ്ഥിരത പ്രകടിപ്പിക്കുന്നു. 1991, 2001 വര്‍ഷങ്ങളില്‍ എല്‍.ഡി.എഫിന് സമാനമായി 49 ശതമാനം വോട്ട് നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, പലപ്പോഴും അവരുടെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവ് സംഭവിക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2016-ലെ തിരഞ്ഞെടുപ്പാണ്; അന്ന് യു.ഡി.എഫിന്റെ വോട്ട് വിഹിതം 38-39 ശതമാനത്തിലേക്ക് താഴ്ന്നു. യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിലുണ്ടാകുന്ന ഈ വലിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്, വിവിധ സാമുദായിക വിഭാഗങ്ങളെയും ഘടകകക്ഷികളെയും ആശ്രയിച്ചു നില്‍ക്കുന്ന അവരുടെ വോട്ട് അടിത്തറയിലെ വൈവിധ്യത്തെയാണ്. വോട്ടര്‍മാരുടെ താല്‍പ്പര്യങ്ങളില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും യു.ഡി.എഫിനെ എളുപ്പത്തില്‍ ബാധിക്കാന്‍ ഇത് കാരണമാകുന്നു. സവര്‍ണ്ണ വോട്ടുകളും അപ്പര്‍ മധ്യവര്‍ഗ്ഗ വോട്ടുകളുമാണ് യുഡിഎഫ് നേടുന്നത്. മുസ്ലീം ന്യൂനപക്ഷം പ്രധാനമായും നിലയുറപ്പിച്ചിട്ടുള്ളത് മുസ്ലീംലീഗിനൊപ്പമാണ്. എം.എല്‍ യുഡി.എഫിന്റെ ഭാഗമായതിനാല്‍ ഈ വോട്ടുകള്‍ അവര്‍ക്ക് കൃതമായി ലഭിക്കുന്നു. മുസ്ലീം ലീഗ് കൃത്യമായി നേടുന്ന വോട്ടുകളാണ് യുഡിഎഫ് സംവിധാനത്തിന്റെ വോട്ട് വിഹിതത്തിലെ ഏറ്റവും സ്ഥിരമായ ആഭ്യന്തര ഘടകം.
5. ഈ അസമത്വം മനസ്സിലാക്കുന്നതില്‍ എന്‍.ഡി.എ/ബി.ജെ.പി (NDA/BJP) വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. ആദ്യഘട്ടത്തില്‍ (1980-2006), ബി.ജെ.പി ഒരു ചെറിയ ശക്തിയായിരുന്നു; അവരുടെ വോട്ട് വിഹിതം സാധാരണയായി 1 മുതല്‍ 8 ശതമാനം വരെയായിരുന്നു., ഈ കാലയളവില്‍പോലും അവരുടെ വോട്ടിലുണ്ടായ നേരിയ വര്‍ദ്ധനവ് യു.ഡി.എഫിന്റെ സാമൂഹിക അടിത്തറയില്‍ നിന്നാണ്-പ്രത്യേകിച്ച് സവര്‍ണ്ണ വിഭാഗങ്ങള്‍, ക്രൈസ്തവ വോട്ടര്‍മാരുടെ ചില ഭാഗങ്ങള്‍, നഗരങ്ങളിലെ മധ്യവര്‍ഗ്ഗം എന്നിവരില്‍ നിന്ന്‌രൂപപ്പെട്ടതെന്ന് കാണാം. തല്‍ഫലമായി, ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായ ചെറിയ വര്‍ദ്ധനവ് പോലും യു.ഡി.എഫിനെയാണ് കൂടുതല്‍ ബാധിച്ചത്.
6. രണ്ടാം ഘട്ടത്തില്‍ (2006-2021) ഈ പ്രവണത കൂടുതല്‍ വ്യക്തമായി. എന്‍.ഡി.എയുടെ വോട്ട് വിഹിതം 12-15 ശതമാനത്തിലേക്ക് ഗണ്യമായി ഉയര്‍ന്നു. ഇതില്‍ 2016-ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്: ആ വര്‍ഷം എന്‍.ഡി.എ വോട്ട് വിഹിതത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍, യു.ഡി.എഫിന്റെ വോട്ട് വിഹിതം ഏറ്റവും താഴ്ന്നനിലയിലേക്ക് കൂപ്പുകുത്തി. എല്‍.ഡി.എഫിനും ചെറിയ തോതില്‍ വോട്ട് കുറഞ്ഞെങ്കിലും, ആ നഷ്ടം യു.ഡി.എഫിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു; ഇത് അവര്‍ക്ക് വലിയ വിജയം ഉറപ്പാക്കാന്‍ സഹായിച്ചു. 2021-ല്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതത്തില്‍ നേരിയ കുറവുണ്ടായപ്പോഴും, എല്‍.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി, എന്നാല്‍ യു.ഡി.എഫ് വീണ്ടും ദുര്‍ബലമായി തുടര്‍ന്നു. എന്‍.ഡി.എയുടെ വളര്‍ച്ച എല്‍.ഡി.എഫിന് നേരിട്ടുള്ള വെല്ലുവിളിയാകുന്നതിനേക്കാള്‍ ഉപരിയായി, യു.ഡി.എഫിന്റെ പിന്തുണയെ വലിയ തോതില്‍ തകര്‍ക്കുന്ന ഒരു വിനാശകാരിയായ ശക്തിയായാണ് പ്രവര്‍ത്തിക്കുന്നത് എന്ന നിഗമനത്തെ ഈ രീതി അടിവരയിടുന്നു. മറ്റൊരു പ്രധാന കാര്യം, കൊറോണ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഭരണ വിരുദ്ധത തടഞ്ഞതിനാലാണ് 2021 ല്‍ എല്‍/ഡി. എഫ് വിജയിച്ചത് എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ല എന്നതാണ്. കാരണം ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ-ക്കു വോട്ട് വിഹിതത്തില്‍ വളരെ ചെറിയ ഒരു ഇടിവുണ്ടാവുകയും അത് യു.ഡി.എഫിന്റെ വോട്ട് വിഹിതത്തില്‍ സൂക്ഷ്മമായി പ്രതിഫലിക്കുകയും ചെയ്തു എന്നതാണ്. വോട്ട് വിഹിതങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസം 2016 നെ അപേക്ഷിച്ച് 2021 ല്‍ ഉണ്ടായിട്ടില്ല. ഒരു പക്ഷെ ഈ ഘടന പിടിച്ചുനിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞത് ജനങ്ങളില്‍ ആപദ് സമയത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞ 'ഭരണവിശ്വാസം' കൊണ്ടാകാം. ഇത് വ്യാഖ്യാതാക്കളുടെ മനോധര്‍മ്മം പോലെ വ്യത്യസ്തമായി മനസ്സിലാക്കപ്പെടും എന്നേ പറയാന്‍ കഴിയൂ.
7. ഇനി രണ്ട് പ്രധാന ഘട്ടങ്ങള്‍-1980-2001, 2006-2021-തമ്മിലുള്ള താരതമ്യം പിശോധിക്കം. ഈ മാറ്റത്തെ കൂടുതല്‍ വ്യക്തമാക്കുവാന്‍ അത്തരമൊരു താരതമ്യം സഹായിക്കും. ആദ്യഘട്ടത്തിന്റെ സവിശേഷത രണ്ട് മുന്നണികളും തുല്യശക്തികളായി നിലകൊള്ളുന്ന 'സിമ്മട്രിക് ബൈപോളാരിറ്റി' (symmetrical bipolarity) ആണ്: ഇരുമുന്നണികളും ഒരേ വോട്ട് വിഹിത പരിധിക്കുള്ളില്‍ നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രധാനമായും ഭരണവിരുദ്ധ വികാരത്തെയും മുന്നണികളുടെ പ്രകടനത്തെയും ആശ്രയിച്ചായിരുന്നു. എന്നാല്‍, പിന്നീടുള്ള ഘട്ടത്തില്‍ ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നത് ഈ സന്തുലിതാവസ്ഥയെ മാറ്റുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ ദ്വിധ്രുവ മത്സരത്തെ പാടെ ഇല്ലാതാക്കുന്നില്ല. ഇതിന്റെ ഫലമായി ഒരു 'അസിമ്മട്രിക് ബൈപോളാരിറ്റി' (asymmetrical bipolarity) രൂപപ്പെടുന്നു; ഇതില്‍ എല്‍.ഡി.എഫ് അതിന്റെ ഘടനാപരമായ കെട്ടുറപ്പ് നിലനിര്‍ത്തുമ്പോള്‍, വോട്ട് വിഭജനത്തിലൂടെ യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്യുന്നതാണ് നാം കാണുന്നത്.
8. ഈ വിശകലനത്തില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഉള്‍ക്കാഴ്ച കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം വളരെ കൃത്യമായി ക്രമീകരിക്കപ്പെട്ട ഒരു സന്തുലിതാവസ്ഥയിലാണ് (finely balanced equilibrium) ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്നതാണ്. ഇരുമുന്നണികളും 45 ശതമാനത്തോളം വോട്ട് വിഹിതത്തില്‍ നില്‍ക്കുമ്പോള്‍, ബിജെപിയുടെ ഇടപെടലിലൂടെയുണ്ടാകുന്ന ചെറിയ വോട്ട് മാറ്റങ്ങള്‍പോലും രാഷ്ട്രീയ അധികാരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. വോട്ടുകളെ സീറ്റുകളാക്കി മാറ്റുന്നതില്‍ എന്‍.ഡി.എയ്ക്ക് കഴിയുന്നില്ല എങ്കിലും, ഈ ഭൂരിപക്ഷ വ്യത്യാസങ്ങള്‍ നിശ്ചയിക്കുന്നതില്‍ അവര്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. അധികാരം പിടിക്കാനോ സീറ്റുകള്‍ നേടാനോ സാധ്യതയുള്ള ഒരു മുന്നണിയായല്ല, മറിച്ച് പ്രധാന മുന്നണികള്‍ക്കിടയിലുള്ള വോട്ട് വിതരണത്തെ മാറ്റിമറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഒരു 'സ്ട്രാറ്റജിക് ഡിസ്റപ്റ്റര്‍' (strategic disruptor) ആയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
9. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം വിശകലനം ചെയ്യേണ്ടത് അത്ര അത്യാവശ്യമല്ല; കാരണം അവ പ്രധാനമായും അഖിലേന്ത്യാ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നവയാണ്, കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അവയ്ക്ക് നേരിട്ടുള്ള സ്വാധീനവുമില്ല. എന്നാല്‍, 2010 മുതല്‍ 2020 വരെയുള്ള കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ഗതിവിഗതികളെ പ്രതിഫലിപ്പിക്കുന്നതും എന്നാല്‍ അതില്‍നിന്ന് നേരിയ മാറ്റങ്ങളുള്ളതുമായ ഒരു രീതി കാണുവാന്‍ കഴിയും.
10. ആദ്യഘട്ടത്തില്‍ (2010-2015), തദ്ദേശ തിരഞ്ഞെടുപ്പുകള്‍ കേരള രാഷ്ട്രീയത്തിലെ പരിചിതമായ ദ്വിധ്രുവ സന്തുലിതാവസ്ഥയെയാണ് കാണിച്ചത്; അന്ന് എല്‍.ഡി.എഫും യു.ഡി.എഫും ഏതാണ്ട് 43-46 ശതമാനം വോട്ട് വീതം നേടി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിന് സമാനമായി നിലകൊണ്ടു. എന്നാല്‍ 2015 മുതല്‍ -2020-ല്‍ ഇത് കൂടുതല്‍ വ്യക്തമായി- എന്‍.ഡി.എ വോട്ട് വിഹിതം ഏകദേശം 15 ശതമാനത്തിലേക്ക് ഉയര്‍ന്നുവരുന്നത് ഈ സന്തുലിതാവസ്ഥയെ പുനര്‍നിര്‍ണ്ണയിക്കാന്‍ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇപ്പോഴും എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള 45-45 ശതമാനം എന്ന കടുത്ത പോരാട്ടമായി തുടരുമ്പോഴും, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഈ വോട്ട് വിഹിതം കുറയുന്നതായും (38-40 ശതമാനത്തിലേക്ക്) വോട്ടുകളുടെ ഒരു ഭാഗം എന്‍.ഡി.എയിലേക്ക് പോകുന്നതായും കാണാം.
11. എങ്കിലും, ഈ വോട്ട് മാറ്റം ഇരുമുന്നണികളെയും ഒരേപോലെയല്ല ബാധിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെപ്പോലെ തന്നെ, എന്‍.ഡി.എയുടെ വളര്‍ച്ച യു.ഡി.എഫിന്റെ സാമൂഹിക അടിത്തറയെയാണ് കൂടുതല്‍ തകര്‍ക്കുന്നത്. അതേസമയം, തദ്ദേശഭരണ രംഗത്തെ പാരമ്പര്യവും താഴെത്തട്ടിലുള്ള സംഘടനാപരമായ കരുത്തും എല്‍.ഡി.എഫിനെ തങ്ങളുടെ വോട്ട് അടിത്തറ സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പംതന്നെ, പ്രാദേശിക രാഷ്ട്രീയമാറ്റങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവം, ജാതി-സമുദായ സമവാക്യങ്ങള്‍, പ്രാദേശിക ഭരണത്തിലെ പ്രകടനം എന്നിവ ഇവിടെ നേരിട്ട് സ്വാധീനം ചെലുത്തുന്നു എന്നതാണ് ഇതിന് കാരണം.
12. ഈ പശ്ചാത്തലത്തില്‍, 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്‍പത്തെ രീതികളില്‍നിന്ന് വലിയൊരു മാറ്റം അടയാളപ്പെടുത്തുന്നു: എല്‍.ഡി.എഫിന്റെ (LDF) വോട്ട് വിഹിതം 33.45 ശതമാനത്തിലേക്ക് കുറയുകയും യു.ഡി.എഫിന്റേത് (UDF) ഏകദേശം 38.81 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഈ ഇടിവ് വെറുമൊരു പ്രാദേശിക ഭരണവിരുദ്ധ മാത്രമാണെങ്കില്‍, മറിച്ച് എല്‍.ഡി.എഫിന്റെ അടിത്തറയിലുണ്ടായ വിള്ളലാണെന്നു കണക്കാക്കേണ്ടതില്ല. ഇത് തിരിച്ചറിയാന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതം അറിഞ്ഞെങ്കില്‍ മാത്രമേ കഴിയൂ. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്തമായി വോട്ട് ചെയ്യുന്ന കേരളത്തിന്റെ ചരിത്രം പരിഗണിക്കുമ്പോള്‍, ഈ മാറ്റം നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനമായും രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും: തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ എന്തെങ്കിലും ഇടിവുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിന് സാധിക്കുമോ എന്നതും, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയുമോ എന്നതും നിര്‍ണ്ണായകമാവുന്നു. ഇതുവരെയുള്ള അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കണ്ടിട്ടുള്ളത്, തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വര്‍ദ്ധിപ്പിക്കുന്നതായാണ്.
13. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ വെറും ഭരണമാറ്റങ്ങളുടെ സൈക്കിള്‍ എന്നതിലുപരിയായി, ഘടനാപരമായ സന്തുലിതാവസ്ഥ (structural balance), വിവിധങ്ങളായ സുസ്ഥിരതകള്‍ (differential stability), നേരിയ മാറ്റങ്ങളുടെ നിര്‍ണ്ണായക സ്വാധീനം എന്നിവയാല്‍ നിര്‍വചിക്കപ്പെടുന്ന ഒരു വ്യവസ്ഥയായി വേണം മനസ്സിലാക്കാന്‍. വോട്ട് വിഹിതത്തില്‍ ഇരുമുന്നണികള്‍ക്കും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്ന തുല്യതയും എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രകടമാകുന്ന വമ്പിച്ച അസമത്വവും, കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മത്സരസ്വഭാവത്തെയും അതില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളെയും അടിവരയിട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ സ്വാധീനം ആ സമവാക്യത്തെ ഇരുവശത്ത് നിന്നും ആക്രമിച്ചു തുടങ്ങുന്നു. ഇതിന്റെ അടിസ്ഥാന പ്രതിസന്ധി നേരിടുന്നത് യുഡിഎഫ് ആണെങ്കിലും എല്‍ഡി.എഫ് വോട്ട് വിഹിതത്തിലേക്കും ആ പ്രവണത കടന്നുകയറിയാല്‍ അതിന്റെ വിവക്ഷിതം അടിസ്ഥാന വര്‍ഗ്ഗവും പിന്നാക്ക - കീഴാള വിഭാഗങ്ങളും ഹൈന്ദവവല്‍ക്കരണത്തിന് vulnerable ആകുന്നു എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍, അത്തരത്തിലുള്ള കേരളീയ സമൂഹത്തിന്റെ ഗ്രാസ്‌റൂട്ട് ഹൈന്ദവവല്‍ക്കരണം ഭാവിയില്‍ കൂടുതല്‍ ബാധിക്കുക സംസ്ഥാനത്തിന്റെ ഇടത്-പുരോഗമന ഘടനയെ ആണ് എന്നത് സൂക്ഷമതയോടെ വിലയിരുത്തേണ്ട പ്രതിഭാസവുമാണ്. മുന്നണിയിലെ മുസ്ലീം ലീഗ് സാന്നിധ്യം കൊണ്ഗ്രസ്സിനെ ശിഥിലീകരിക്കാതെ നിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. വര്‍ഗരാഷ്ട്രീയ അടിത്തറയല്ലാതെ സിപിഎം-ന് ഇത്തരം ഒരു 'ബഫര്‍' ഇല്ല. അതുകൊണ്ട് സിപിഎം ന്റെയോ ഇടതു രാഷ്ടീയത്തിന്റെയോ ശിഥിലീകരണം ഹിന്ദുത്വയുടെ സജീവവിജയമായി മാറും എന്ന അപകടമുണ്ട്.
14. സമാനതകള്‍ ചൂണ്ടിക്കട്ടാന്‍ കഴിയുമെങ്കിലും ഇപ്പോഴും മൂന്നു മുന്നണികളും തമ്മില്‍ ജനങ്ങള്‍ക്കിടയിലെ സ്വാധീന ഘടനയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. യുഡിഎഫും എന്‍ഡിഎയും പ്രധാനമായും സവര്‍ണ്ണ വോട്ടുകളില്‍ ആണ് ആധിപത്യം ചെലുത്തുന്നത്. മുസ്ലീം ലീഗിന്റെ സാന്നിധ്യമാണ് ആ മുന്നണിയെ നിലനിര്‍ത്തുന്നത്. സവര്‍ണ്ണ ക്രിസ്ത്യന്‍ വോട്ടുകളും ഇപ്പോഴും അതിന്റെ പ്രബല ഘടകമാണ്. എന്‍ഡിഎയുടെ അടിസ്ഥാനം ഇപ്പോഴും പ്രധാനമായും യാഥാസ്ഥിതിക സവര്‍ണ്ണ വോട്ടുകളാണ്. യഥാസ്ഥിതിക ഇസ്ലാമോഫോബിക് ക്രിസ്ത്യന്‍ വോട്ടുകളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എല്‍ഡിഎഫിന് ഇപ്പോഴും അടിസ്ഥാന വര്‍ഗ്ഗ-മദ്ധ്യവര്‍ഗ വോട്ടുകളാണ് ലഭിക്കുന്നത്. ഇടതുപക്ഷ സവര്‍ണ്ണ വോട്ടുകളും ഈ അടിസ്ഥാന വിഹിതത്തില്‍ അടങ്ങിയിട്ടുണ്ട്. ഇടതുമുന്നണി നിലനില്‍കുന്നത് അതിന്റെ വിശാലമായ സോഷ്യല്‍ ഡെമോക്രാറ്റിക് പ്രോജക്റ്റ് ഇപ്പോഴും പ്രസക്തമാണ് എന്നതുകൊണ്ടാണ്. കൂടിക്കലര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നണികളുടെ ഈ വര്‍ഗ്ഗ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇടതുമുന്നണിയില്‍ നിന്നും കുറച്ച് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു പോയിട്ടുണ്ട്. എന്നാല്‍ യുഡിഎഫില്‍ നിന്നും കുറെ മധ്യവര്‍ഗ്ഗ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും വന്നിട്ടുണ്ട്. ഇതാണ് എല്‍ഡിഎഫിന് ഇപ്പോഴും വോട്ടുവിഹിതത്തില്‍ ഉള്ള മേല്‍ക്കൈ സൂചിപ്പിക്കുന്നത്. യുഡിഎഫോ എല്‍ഡിഎഫോ കേരളത്തില്‍ ഉടനടി തകര്‍ച്ചയെ നേരിടുന്നില്ല. ബിജെപിക്ക് ഉടനടി വളര്‍ച്ചയും ഉണ്ടാവില്ല, പക്ഷെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇരുമുന്നണികളുടെയും വോട്ടുവിഹിതത്തിലേക്ക് കടന്നുകയറുന്ന ക്രമത്തില്‍ ആനുപാതികമായി രണ്ട് പ്രധാന മുന്നണികളും ഇനിയും ശോഷിക്കാന്‍ ഇടയുണ്ട്. ഇതാണ് ഇപ്പോള്‍ കേരളം നേരിടുന്നതും മുന്നണികള്‍ തടയിടേണ്ടതുമായ വിനാശകരമായ പ്രവണത.
15. ഇനി, ഇപ്പോള്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായാല്‍ എന്ത് സംഭവിക്കും? ഒന്നും സംഭവിക്കില്ല. ബിജെപിയുടെ വോട്ടു വിഹിതം കുറയാതെ യുഡിഎഫ് വോട്ടു വിഹിതം വര്‍ദ്ധിക്കുന്നുണ്ടോ എന്നതുമാത്രമാണ് അതില്‍ അറിയാനുള്ളത്. പ്രധാനമായും നോക്കേണ്ടത് എല്‍ഡിഎഫ് വോട്ട് വിഹിതം കാര്യമായി കുറയുന്നുണ്ടോ എന്നത് മാത്രമാണ്. അത് 35-40 ശതമാനത്തിന് സമീപമാണെങ്കില്‍ എല്‍ഡിഎഫിന്റെ അടിസ്ഥാന വര്‍ഗ്ഗ വോട്ടുകള്‍ നഷ്ടപ്പെടുന്നില്ല എന്നും മുന്നണിയുടെ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പ്രോജക്റ്റ് തിരസ്‌കരിക്കപ്പെടുന്നില്ല എന്നുമാണ് അര്‍ത്ഥം. ഈ യുക്തിയുടെ വിപുലീകരിച്ച അര്‍ത്ഥമായിരിക്കും എല്‍ഡിഎഫ് വിജയിച്ചാലോ യുഡിഎഫ് കേവല വിജയംമാത്രം നേടിയാലോ നാം സ്വീകരിക്കേണ്ടത്. രണ്ടായാലും ആഗോള ഇടതുപക്ഷ പ്രോജക്റ്റിന്റെ കേരളരൂപമായി ഇടതുപക്ഷ രാഷ്ട്രീയത്തിന് തുടര്‍ന്നും പ്രസക്തിയുണ്ടാവും. തെരഞ്ഞെടുപ്പ് പരാജയം പ്രത്യയശാസ്ത്ര പരാജയമായി കണക്കാക്കുന്ന ലിബറല്‍ യുക്തി ഇതില്‍ പ്രസക്തമല്ല. കാരണം, അങ്ങനെയാണെങ്കില്‍ താരതമ്യേന ചെറിയ ഇടതു വിപ്ലവ ഗ്രൂപ്പുകള്‍ക്ക് പോലും പ്രസക്തിയില്ലെന്ന് പറയേണ്ടി വരും.
