ചൊവ്വാഴ്ച വൈകിട്ട് 5.20-ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശ്രീനന്ദയെ 5.35 ആയപ്പോഴേക്കും കാണാതായി; തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ ദുരൂഹത നീങ്ങാതെ ആ 15 മിനിറ്റുകള്‍; ചിക്കമഗളൂരുവില്‍ ശ്രീനന്ദയ്ക്ക് സംഭവിച്ചത് എന്ത്? 'തള്ളിയിടാതെ അത്രയും കയത്തില്‍ വീഴില്ല'; കൊലപാതകമെന്ന് സംശയിച്ച് കുടുംബം; സത്യം തെളിയാന്‍ വേണ്ടത് സമഗ്ര അന്വേഷണം
ചിക്കമഗളൂരു: നാലുനാള്‍ നീണ്ട കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി. ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം 1500 അടി താഴ്ചയുള്ള അഗാധമായ കൊക്കയില്‍ കണ്ടെത്തി. ആധുനിക തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാല്‍ മകളുടേത് അപകടമരണമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
ചൊവ്വാഴ്ച വൈകിട്ട് 5.20-ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശ്രീനന്ദയെ 5.35 ആയപ്പോഴേക്കും കാണാതായിരുന്നു. തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ് എന്നതാണ് പോലീസിനെയും കുടുംബത്തെയും ഒരുപോലെ കുഴയ്ക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുട്ടി അപ്രത്യക്ഷമായത് യാദൃച്ഛികമല്ലെന്ന് കുടുംബം വിശ്വസിക്കുന്നു.
1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ കാല്‍ വഴുതി വീണാല്‍ ഇത്രയും ആഴത്തിലേക്ക് ശരീരം പതിക്കാനുള്ള സാധ്യത കുറവാണെന്നാണ് കുടുംബത്തിന്റെ വാദം. ആരെങ്കിലും മനഃപൂര്‍വ്വം പിടിച്ചു തള്ളാതെ ശ്രീനന്ദ അത്രയും ആഴത്തില്‍ എത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലപാതക സാധ്യതയിലേക്കാണ് ഈ സംശയങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
'ന്റെ കുട്ടിയെ ഡ്രഗ് കൊടുത്ത് മയക്കി ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം. അവള്‍ ഒരിക്കലും അവിടെ തനിയെ വീഴില്ല'- അമ്മ രേണുകയുടെ വാക്കുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഹമ്പിയില്‍ നിന്ന് കുടുംബം യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ആരെങ്കിലും ഇവരെ പിന്തുടര്‍ന്നിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി മാഫിയകള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന സംശയം കുടുംബം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ശ്രീനന്ദയെ കാണാതായ ആ 15 മിനിറ്റിനുള്ളില്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അതീവ വേഗത്തില്‍ ഒമ്പതോളം വാഹനങ്ങള്‍ പുറത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ ഒന്നില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയ ശേഷം കൊക്കയിലേക്ക് തള്ളിയതാണോ എന്നതാണ് പ്രധാന അന്വേഷണ വിഷയം. ഈ വാഹനങ്ങളുടെ ഉടമകളെയും യാത്രക്കാരെയും കണ്ടെത്താന്‍ കര്‍ണ്ണാടക പോലീസ് ശ്രമം ഊര്‍ജ്ജിതമാക്കി.
1500 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുക എന്നത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാണ്. ചെങ്കുത്തായ ഈ കൊക്കയിലേക്ക് വടങ്ങള്‍ കെട്ടി ഇറങ്ങാന്‍ പ്രത്യേക പരിശീലനം ലഭിച്ച 25 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെയാണ് നിയോഗിച്ചിരിക്കുന്നത്. മൃതദേഹം മുകളിലെത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം.
മരണകാരണം സംബന്ധിച്ച എല്ലാ ദുരൂഹതകളും നീങ്ങാന്‍ ഇനി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരണം. കുട്ടിയുടെ ശരീരത്തില്‍ ലഹരിമരുന്നിന്റെ അംശമുണ്ടോ എന്നും, വീഴ്ചയ്ക്ക് മുന്‍പ് ബലപ്രയോഗം നടന്നിട്ടുണ്ടോ എന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകും. മരണസമയം കൃത്യമായി അറിയുന്നതോടെ ആ 15 മിനിറ്റിലെ ദുരൂഹതകള്‍ അഴിക്കാന്‍ പോലീസിന് സാധിക്കും.
മാണിക്കധാരയിലേക്കുള്ള പ്രവേശന കവാടങ്ങളിലും സമീപത്തെ റിസോര്‍ട്ടുകളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാണാതായ സമയത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ആരെങ്കിലും കുട്ടിക്കൊപ്പം ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. വ്യൂ പോയിന്റിലുണ്ടായിരുന്ന മറ്റു സഞ്ചാരികളുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി.
സംഭവം അതീവ ഗൗരവമുള്ളതായതിനാല്‍ കേരള പോലീസിന്റെ പ്രത്യേക സംഘവും ചിക്കമഗളൂരുവില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കര്‍ണ്ണാടക പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പാലക്കാട് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കുടുംബത്തിനൊപ്പമുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് കിട്ടിയ അവധിക്കാലം ആഘോഷിക്കാനാണ് ശ്രീനന്ദയും കുടുംബവും കര്‍ണ്ണാടകയിലേക്ക് യാത്ര തിരിച്ചത്. 40 അംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര. സന്തോഷകരമായ ഒരു വിനോദയാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറുന്ന കാഴ്ചയാണ് ചിക്കമഗളൂരുവില്‍ കാണുന്നത്.
കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രേണുക ദമ്പതികളുടെ മകളായ ശ്രീനന്ദയ്ക്ക് സംഭവിച്ച ഈ ദാരുണാന്ത്യം കേട്ട് നടുങ്ങിയിരിക്കുകയാണ് കേരളം. അവള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു നാടിന് ഇപ്പോള്‍ ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. തട്ടിക്കൊണ്ടുപോകല്‍ സാധ്യത പോലീസും തള്ളിയിട്ടില്ല. ആരെങ്കിലും മനഃപൂര്‍വ്വം അപായപ്പെടുത്തിയതാണെങ്കില്‍ കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സിസിടിവി ദൃശ്യങ്ങളും ചേര്‍ത്തു വായിച്ചാല്‍ ഈ മരണത്തിലെ നിഗൂഢതകള്‍ അഴിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
