പിണറായി മാറണമായിരുന്നു; ശരീരം കൂനിത്തുടങ്ങിയ വൃദ്ധനേക്കാള്‍ ആവശ്യം യുവാക്കളെ!' 'രാജീവോ ബാലഗോപാലോ ശൈലജ ടീച്ചറോ വരണമായിരുന്നു! വോട്ടെടുപ്പ് കഴിഞ്ഞതോടെ സിപിഎം ക്യാമ്പില്‍ വിമര്‍ശനം; വ്യക്തിപൂജയും പുരുഷാധിപത്യവും പാര്‍ട്ടിയെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്; സെബിന്‍ എ ജേക്കബിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

സെബിന്‍ എ ജേക്കബിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

Update: 2026-04-10 13:09 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍, ജനം വിധിയെഴുതിക്കഴിഞ്ഞ സാഹചര്യത്തില്‍, ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവമായ മാധ്യമ പ്രവര്‍ത്തകന്‍ സെബിന്‍ എ. ജേക്കബിന്റെ വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഭരണത്തുടര്‍ച്ച ആഗ്രഹിക്കുമ്പോഴും പിണറായി വിജയന്‍ എന്ന വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെയും, പാര്‍ട്ടിയിലെ തലമുറമാറ്റത്തിന്റെ അഭാവത്തെയും അതിശക്തമായാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

പിണറായി മാറണം, ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രി വേണം

പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിനോട് കുറിപ്പില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഒരു ദശാബ്ദം എന്നത് വലിയ കാലയളവാണെന്നും, ശരീരം കൂനിത്തുടങ്ങിയ വൃദ്ധനേക്കാള്‍ 40-65 പ്രായപരിധിയിലുള്ള ഊര്‍ജ്ജസ്വലനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ഇടതുപക്ഷത്തിന് കഴിയണമായിരുന്നു എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് സംഭവിച്ചതുപോലെ, പ്രായം തളര്‍ത്തിയ നേതാവിന് പകരം മറ്റുള്ളവര്‍ തീരുമാനങ്ങള്‍ എടുക്കുന്ന അവസ്ഥ വരുന്നത് ഗുണകരമല്ല.

രാജീവോ ശൈലജ ടീച്ചറോ വരണമായിരുന്നു!

പിണറായി വിജയന്റെ കരിസ്മയില്‍ മാത്രം ഊന്നിയുള്ള പ്രചാരണ ബോര്‍ഡുകള്‍ തിരിച്ചടിയായേക്കാം. പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ അല്ലെങ്കില്‍ കെ.കെ. ശൈലജ എന്നിവരില്‍ ആരെയെങ്കിലുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നതെങ്കില്‍ കുറച്ചുകൂടി തിളക്കത്തോടെ വോട്ട് ചോദിക്കാമായിരുന്നു. അധികാരം ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് തടയാന്‍ അമേരിക്കന്‍ മോഡല്‍ (രണ്ട് ടേം മാത്രം) ഇന്ത്യയിലും വേണമെന്ന സൂചനയും കുറിപ്പ് നല്‍കുന്നു.

എന്തുകൊണ്ട് ഒരു സ്ത്രീ മുഖ്യമന്ത്രിയില്ല?

സിപിഎമ്മില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് സ്ത്രീകള്‍ക്ക് അധികാരം നല്‍കുന്നത് തങ്ങളുടെ ഔദാര്യമാണ് എന്ന പുരുഷ നേതാക്കളുടെ ധാരണയാണ് തടസ്സമെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. ബോധപൂര്‍വ്വമായ ഒരു തീരുമാനം എടുക്കാതെ ഒരു കാലത്തും ഇടതുപക്ഷത്തുനിന്ന് ഒരു സ്ത്രീ മുഖ്യമന്ത്രിയുണ്ടാകില്ലെന്നും സെബിന്‍ തുറന്നടിക്കുന്നു.

വയനാട് ഫണ്ട് വെട്ടിപ്പും യുഡിഎഫിന്റെ തിരിച്ചുവരവും

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടതായി കുറിപ്പില്‍ പറയുന്നു. 'ഇടതുപക്ഷത്തെ എന്തിനിങ്ങനെ വാഴാന്‍ വിടണം?' എന്ന് ഇടത്തട്ടുകാര്‍ ചിന്തിച്ചു തുടങ്ങിയത് യുഡിഎഫിന് ഗുണകരമാകും. അതേസമയം, പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വയനാട് ഫണ്ട് വെട്ടിപ്പ് ആരോപണം കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.

സെബിന്‍ എ ജേക്കബിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

അപ്രിയമാകാം, അധികപ്രസംഗമാവാം. ഇലക്ഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇതെഴുതിയിടണം എന്നു കരുതുന്നു.

ഞാന്‍ ഇടപെടുന്നയാളുകളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍ വച്ചു സംസാരിക്കുന്നതില്‍ കാര്യമില്ല. അത്തരം ഇന്‍ഫറന്‍സിലെ പ്രധാന പ്രശ്‌നം, വളരെ ചെറിയ സാമ്പിള്‍ സൈസ് വച്ച് വലിയ തോതിലുള്ള അനുമാനം ബില്‍ഡ് ചെയ്യുന്നു എന്നതാണ്. അനുമാനം പറയുമ്പോള്‍ മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് പറയേണ്ടതില്ലല്ലോ. പകരം ഒരു വോട്ടര്‍ എന്ന നിലയില്‍ പ്രത്യേകിച്ചു രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലാത്ത ആളായിരുന്നു എങ്കില്‍ ഈ തെരഞ്ഞെടുപ്പിനെ ഞാന്‍ എങ്ങനെ കാണുമായിരുന്നു എന്ന വ്യക്തിപരമായ വിലയിരുത്തല്‍ മാത്രമാണിത്. അതായത്, ഞാനിങ്ങനെ ചിന്തിക്കുന്നു. അതാവുമ്പോള്‍ എന്റെ വിലയിരുത്തല്‍ തെറ്റിയാല്‍ അത് എന്റെ മാത്രം കുഴപ്പംകൊണ്ടാണ് എന്നു വന്നോളും.

ആദ്യമേ പറയട്ടെ, കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നേ വരെ ഈ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കും എന്ന ചിന്ത എനിക്കുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം അങ്ങനെയൊരു ചിന്തയില്ല. എന്തുകണ്ട് ജനം യുഡിഎഫിനു വോട്ടുചെയ്യണം എന്ന് എന്നിലെ രാഷ്ട്രീയമനുഷ്യന്‍ അന്തംവിടുമ്പോള്‍ തന്നെ, ഇവന്മാരെ (അതായത് ഇടതുപക്ഷത്തെ) എന്തിനിങ്ങനെ വാഴാന്‍ വിടണം എന്ന് ഇടത്തട്ടുകാരായ മനുഷ്യര്‍ ചിന്തിക്കുന്നത് തിരിച്ചറിയാന്‍ എനിക്കാവുന്നുണ്ട്. ഇടത്തട്ടുകാരാണ് കേരളത്തിന്റെ ഭരണം ആര്‍ക്കുവേണം എന്നു നിശ്ചയിക്കുന്നത്. അവരെ ഫീഡ് ചെയ്യുന്ന മാദ്ധ്യമങ്ങള്‍ എന്താണു പറയുന്നത് എന്ന ബോധ്യവും എനിക്കുണ്ട്. വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയുടെ കാര്യം പറയുകയേ വേണ്ട.

അതേ സമയം പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വയനാട് ഫണ്ട് വെട്ടിപ്പ് കോണ്‍ഗ്രസിന് അത്യാവശ്യം ക്ഷീണം ചെയ്തിട്ടുണ്ട് എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഈ കരുതലിനും പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല. എങ്കിലും അത്രയും സജീവമായി ചര്‍ച്ചയില്‍ നിന്ന ഒരു വിഷയം വോട്ടിങ് ഡിസിഷനുകളെ പുനഃപരിശോധിക്കാന്‍ പര്യാപ്തമായതല്ല എങ്കില്‍ നമ്മുടെ ജനാധിപത്യത്തിന് കാര്യമായ എന്തോ തകരാറുണ്ട് എന്നുതന്നെ.

മൂന്നാം ടേമിനു സാധ്യത കുറവാണ് എന്നു കരുതുമ്പോഴും ഭരണത്തിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഭരണത്തുടര്‍ച്ചയെന്നാല്‍ ഒരേ മുഖ്യമന്ത്രിയുടെ തുടര്‍ച്ച എന്നല്ല. പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയാകുന്നതിനോട് ഒരു തരത്തിലുമുള്ള ആഭിമുഖ്യം എനിക്കില്ല. ഒരു ദശാബ്ദം എന്നാല്‍ വലിയ ഒരു കാലയളവാണ്. ഒരു ജനറേഷന്‍ തന്നെ നീങ്ങിപ്പോയി. പ്രായത്തിന്റേതായ രോഗാവസ്ഥകളുള്ള, ശരീരം കൂനിത്തുടങ്ങിയ വൃദ്ധനായ ഒരു നേതാവിനേക്കാള്‍ 40-65 age group ഉള്ള, പരമാവധി 70 കവിയാത്ത, ആരെയെങ്കിലും തല്‍സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മുന്നണിക്കും പാര്‍ട്ടിക്കും കഴിയണമായിരുന്നു. ജറിയാട്രിക്ള്‍ സൊസൈറ്റിയായി അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് അല്പംകൂടി പ്രായത്തിനിളയതായ, ഊര്‍ജ്ജസ്വലതയുള്ള ഒരു മുഖ്യമന്ത്രി വേണം എന്നു വിശ്വസിക്കുന്നു.

വി എസ് അച്യുതാനന്ദന്‍ തന്നെ മുഖ്യമന്ത്രിയായ കാലയളവ് അദ്ദേഹത്തിന് കാര്യമായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കാലമായിരുന്നില്ല. അദ്ദേഹം മാരാരിക്കുളത്ത് തോറ്റ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും മുഖ്യമന്ത്രിയാവുകയും ചെയ്യേണ്ടിയിരുന്നു. മറിച്ചായപ്പോള്‍ സംഭവിച്ചത് പല തീരുമാനങ്ങളും വിഎസിനെ മുന്നില്‍നിറുത്തി മറ്റുള്ളവര്‍ക്ക് എടുക്കേണ്ടിവന്നു എന്നതാണ്. പിണറായി വിജയന്‍ അത്രത്തോളം senile ആയിട്ടില്ല എന്നു പറയാമെങ്കിലും അദ്ദേഹം മാത്രമേയുള്ളൂ, വേറെയാരും ഈ പണിക്കു കൊള്ളില്ല എന്ന അവസ്ഥ ശരിയല്ലല്ലോ. തന്നെയുമല്ല, ആരും വലിയ കുറ്റം പറയാത്ത രീതിയില്‍ രണ്ടുടേം അദ്ദേഹം തുടര്‍ച്ചയായി ഭരണനേതൃത്വം വഹിക്കുകയും ചെയ്തു. പലര്‍ക്കും മറിച്ച് അഭിപ്രായമുണ്ടാകാം എങ്കിലും പൊലീസ് വകുപ്പിനെ കൈയയച്ചു വിടാനുണ്ടായ തീരുമാനം പാകമാകാത്ത ഒരു സമൂഹത്തില്‍ ഗുണമല്ല ചെയ്തത് എന്ന വിമര്‍ശം അപ്പോഴും ഉണ്ട്. മറ്റു വിമര്‍ശനങ്ങള്‍ പൊതുവായി പറയാന്‍ ആഗ്രഹിക്കുന്നില്ല.

ചില സ്റ്റേറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഇലക്ടറല്‍ കോളജ് എന്ന ഉഡായിപ്പ് നല്ല ജനാധിപത്യമല്ല എന്നു കരുതുമ്പോഴും നാലുവര്‍ഷം വീതമുള്ള രണ്ടുടേമില്‍ കൂടുതല്‍ തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ നിയമം അനുവദിക്കാത്ത യുഎസിന്റെ നിലവിലുള്ള രീതി കൊള്ളാം എന്നെനിക്കു തോന്നിയിട്ടുണ്ട്. അധികാരം ഒരു വ്യക്തിയിലേക്ക് ഒരു നിശ്ചിത കാലത്തിലും അധികം കേന്ദ്രീകരിക്കുന്നതു തടയാന്‍ അതുമൂലമാകും. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയൊരു ടേം വ്യവസ്ഥയില്ല.

കഴിഞ്ഞ തവണ പ്രത്യേകിച്ച് ഒരാവശ്യവും ഇല്ലായിരുന്നെങ്കിലും നേതൃത്വത്തില്‍ ഒരു തലമുറമാറ്റം ഉറപ്പുവരുത്തണം എന്നു തീരുമാനിച്ച് രണ്ടുടേം പൂര്‍ത്തിയായ മുഴുവന്‍ എംഎല്‍എമാരെയും മത്സരത്തില്‍ നിന്നു മാറ്റിനിര്‍ത്തിയ പാര്‍ട്ടിയാണ് സിപിഐഎം. അതിനുശേഷമാകട്ടെ, മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ അതിനു മുമ്പത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന ആരെയും പാര്‍ടിയില്‍ നിന്നു വീണ്ടും പരിഗണിച്ചതുമില്ല. മുഖ്യമന്ത്രിക്കു മാത്രമാണ് അതില്‍ നിന്ന് ഇളവു നല്‍കിയത്. ഈ വര്‍ഷം പക്ഷെ കഴിയുന്നത്ര സീറ്റുകള്‍ നിലനിര്‍ത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ പല മൂന്നാംവട്ടക്കാരുമുണ്ട്.

ജനപ്രതിനിധിയായി ഒരാള്‍ കൂടുതല്‍ വര്‍ഷം വരേണ്ടതില്ല എന്ന അഭിപ്രായമൊന്നും എനിക്കില്ല. എന്നാല്‍ കൃത്യമായും അധികാരസ്ഥാനം എന്നു പറയാവുന്ന പൊസിഷനുകളില്‍ തുടര്‍ച്ചയായി ഒരേ ആള്‍ വരുന്നതിനോട് എനിക്കു മതിപ്പില്ല. പി രാജീവിനെയോ കെ എന്‍ ബാലഗോപാലിനെയോ ശൈലജ ടീച്ചറേയോ മുന്നില്‍നിര്‍ത്തി മത്സരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ തിളക്കത്തോടെ വോട്ടുചോദിക്കാമായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ ടേമിലായിരുന്നെങ്കില്‍ എളമം കരീം എന്ന ഓപ്ഷന്‍ കൂടി ഞാന്‍ പറഞ്ഞേനെ. എന്നാല്‍ അദ്ദേഹത്തിനും ഇപ്പോഴത്തെ കണക്കില്‍ പ്രായമായി.

സംസ്ഥാനത്തു നിരന്ന പ്രചാരണബോര്‍ഡുകളില്‍ പിണറായി വിജയന്‍ മാത്രം എന്ന തീരുമാനം ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ടാവാം. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നതില്‍ ഊന്നാതെ ഒരു വ്യക്തിയുടെ കരിസ്മയില്‍ ഊന്നുന്നതായി ആ തീരുമാനം. അത് ഇടതുപക്ഷ ആശയങ്ങള്‍ക്ക് ലോങ്‌ടേമില്‍ നല്ലതല്ല എന്നാണ് അഭിപ്രായം. നിര്‍ഭാഗ്യവശാല്‍ ഇതു പറഞ്ഞതിന്റെ പേരില്‍ എനിക്കു ചീത്ത കേള്‍ക്കേണ്ടിവരും. അതേ കാരണത്താല്‍ പറയേണ്ടവരാരും അതു പറഞ്ഞിട്ടുമുണ്ടാവില്ല.

മുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു ഞാന്‍ മൂന്നു പേരുകള്‍ പറഞ്ഞു എന്നേയുള്ളൂ. അവര്‍ മാത്രം എന്ന അര്‍ത്ഥമില്ല. എന്നാല്‍ പാര്‍ടി ബോധപൂര്‍വ്വം ഒരു തീരുമാനം കൈക്കൊള്ളാതെ ഒരു നാളും ഒരു സ്ത്രീ സിപിഐഎം പ്രതിനിധിയായി ഇടതുപക്ഷമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകും എന്നു ഞാന്‍ കരുതുന്നില്ല. അഭിപ്രായമുള്ള സ്ത്രീ സ്ഥാനാര്‍ത്ഥി പോലുമാകില്ല. കൊള്ളാവുന്ന സ്ത്രീകള്‍ പാര്‍ടിയില്‍ ഇല്ലാത്തതിനാലല്ല അത്. മറിച്ച് സ്ത്രീകള്‍ക്കു ലഭിക്കുന്ന അധികാരം തങ്ങളുടെ എന്തോ ഔദാര്യമാണ് എന്ന ധാരണ പാര്‍ടിയിലെ പുരുഷന്മാരായ നേതാക്കള്‍ക്കു പൊതുവേയുണ്ട് എന്നതാണ് എന്റെ റീഡിങ്.

Full View


Tags:    

Similar News