ഇന്ത്യന്‍ മഹാസമുദ്രത്തിലും തീമഴ; ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്റെ മിസൈലുകള്‍; അമേരിക്കന്‍ യുദ്ധ വിമാനങ്ങളെ ശ്രീലങ്ക തടഞ്ഞതിന് കാരണം വ്യക്തമാകുന്നു; ഇറാന് തലങ്ങും വലിങ്ങും ആക്രമണത്തിന് കരുത്തുണ്ട്; എണ്ണ വില ഉയര്‍ത്തി ഹോര്‍മൂസിലെ ഇറാന്‍ സാന്നിധ്യം; ഗള്‍ഫില്‍ ഭയാശങ്കകള്‍ മാത്രം; യുദ്ധം നിര്‍ത്താന്‍ മോദി മധ്യസ്ഥതയ്ക്ക്?

Update: 2026-03-21 03:47 GMT

ടെഹ്റാന്‍: മിഡില്‍ ഈസ്റ്റിലെ യുദ്ധം അറബിക്കടലും കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ മേഖലയിലെ സുരക്ഷാ സമവാക്യങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന കേന്ദ്രമായ ഡീഗോ ഗാര്‍ഷ്യയ്ക്ക് നേരെ ഇറാന്‍ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പേ ഇവ തകര്‍ക്കപ്പെട്ടെങ്കിലും, ആക്രമണ പരിധി ഇറാന്‍ വര്‍ദ്ധിപ്പിച്ചത് അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കും മാലിദ്വീപിനും തൊട്ടടുത്തുള്ള ഈ മേഖലയിലെ യുദ്ധകാഹളം ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും ആശങ്കയിലാക്കുന്നു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നിഷേധിച്ച ശ്രീലങ്കയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു. ഇറാന്റെ ആക്രമണം ഭയന്നാണ് ലങ്ക ഈ കടുത്ത തീരുമാനമെടുത്തതെന്നാണ് സൂചന. ഡീഗോ ഗാര്‍ഷ്യ വരെ ഇറാന്റെ മിസൈലുകള്‍ എത്തുമെങ്കില്‍ ശ്രീലങ്കയും അവരുടെ പരിധിയിലാണെന്ന തിരിച്ചറിവ് കൊളംബോയെ ജാഗരൂഗരാക്കുന്നു. യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി മോദി കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ശക്തമാക്കിയത് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ ബാധിച്ചിട്ടുണ്ട്. സൗദിയിലും യുഎഇയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ആശങ്കയുണ്ട്. ഇവരുടെ തൊഴിലും ജീവിതവും അപകടത്തിലായ സാഹചര്യത്തിലാണ് ഇന്ത്യ മധ്യസ്ഥതയ്ക്ക് മുന്‍കൈ എടുക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും നിലച്ചതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. നിലവില്‍ ബാരലിന് 105 ഡോളറിലുള്ള വില വരും ദിവസങ്ങളില്‍ 175 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ആഗോള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ വിലക്കയറ്റത്തിന് കാരണമാകും.

ഇറാനെ തരിപ്പണമാക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും, സൈനിക നടപടികള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചതും സഖ്യകക്ഷികള്‍ക്കിടയിലെ ഭിന്നത പുറത്തുകൊണ്ടുവന്നു. എന്നാല്‍, ഇറാന്റെ എണ്ണക്കൈമാറ്റത്തിന് 30 ദിവസത്തെ ഇളവ് നല്‍കാന്‍ അമേരിക്ക തയ്യാറായതും ശ്രദ്ധേയമാണ്. യുദ്ധം രൂക്ഷമായതോടെ വാള്‍സ്ട്രീറ്റില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. നാസ്ഡാക്, ഡൗ ജോണ്‍സ് സൂചികകള്‍ കൂപ്പുകുത്തി. ആഗോള വിപണിയിലെ ഈ അസ്ഥിരത ഇന്ത്യന്‍ വിപണിയെയും ബാധിക്കുമെന്നുറപ്പാണ്. യുദ്ധം നീണ്ടുപോയാല്‍ ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഭയപ്പെടുന്നു.

ഇത്രയും സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് കടന്നുപോവാന്‍ ഇറാന്‍ അനുമതി നല്‍കിയത് ശ്രദ്ധേയമാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ ഇറാന്‍ താല്‍പ്പര്യപ്പെടുന്നു എന്നതിന്റെ തെളിവായി ഇതിനെ കാണാം. പ്രകൃതിവാതകവുമായി എത്തിയ ഈ കപ്പലുകള്‍ സുരക്ഷിതമായി ഇന്ത്യന്‍ തീരത്തെത്തി. മൊജ്തബ ഖമേനിയുടെ നേതൃത്വത്തില്‍ ഇറാന്‍ ആക്രമണം കടുപ്പിക്കുമ്പോള്‍, ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയുടെ മധ്യസ്ഥ ശ്രമങ്ങളിലേക്കാണ്. ട്രംപിന്റെ കടുത്ത നിലപാടുകളും ഇറാന്റെ പ്രകോപനങ്ങളുംക്കിടയില്‍ സമാധാനത്തിന്റെ പാത തുറക്കാന്‍ മോദിക്ക് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

Similar News