പഠിക്കാനെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച ഫാത്തിമ; മോളെ ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയതും കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; 14 കാരിയുടെ മരണം സർവ്വത്ര ദുരൂഹം; ഇനി നിർണായകമാകുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വേദന താങ്ങാൻ കഴിയാതെ ഉറ്റവർ

Update: 2026-03-23 07:15 GMT

കൊല്ലം: നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത മരണം. കുമ്മിൾ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി - ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ മുബഷിറയെയാണ് (14) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഫാത്തിമയുടെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അവധി ദിനമായതിനാൽ വീട്ടിൽ പഠനത്തിരക്കിലായിരുന്നു ഫാത്തിമ. രാവിലെ പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ ഉച്ചയ്ക്ക് 12 മണിയോടുകൂടി ഭക്ഷണം കഴിക്കാനായി വിളിക്കാനാണ് മാതാവിന്റെ അമ്മ മുറിയിലെത്തിയത്. എന്നാൽ, വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഫാത്തിമ മുറിക്കുള്ളിലെ നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.

ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് കുട്ടിയുടെ സഹോദരനും മറ്റ് ബന്ധുക്കളും ചേർന്ന് ഒട്ടും വൈകാതെ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ കുട്ടി മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.

ഫാത്തിമയുടെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരോഗ്യപ്രശ്നങ്ങളോ മറ്റ് പ്രകടമായ കാരണങ്ങളോ ഇല്ലാതിരുന്നിട്ടും പെട്ടെന്നുണ്ടായ ഈ മരണം നാട്ടുകാരിലും വലിയ തോതിൽ ദുരൂഹതയുണർത്തുന്നുണ്ട്. നിലവിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അത്യാവശ്യമാണെന്ന് പോലീസ് അറിയിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.

ചിങ്ങേലി സ്കൂളിലെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. കളിക്കൂട്ടുകാർക്കും അധ്യാപകർക്കും പ്രിയപ്പെട്ടവളായിരുന്ന ഫാത്തിമയുടെ വിയോഗ വാർത്ത അറിഞ്ഞ് നിരവധി പേരാണ് കുമ്മിളിലെ വീട്ടിലേക്ക് എത്തിയത്. മുഹമ്മദ് റാഫിയുടെയും ഷൈനിമോളിന്റെയും തണലായി വളരേണ്ടിയിരുന്ന മകളുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Tags:    

Similar News