പഠനാവശ്യങ്ങൾക്കായി പിള്ളേരുടെ കൈയ്യിൽ ഫോൺ കൊടുത്ത സാർ; ഉപയോഗിക്കുന്നതിനിടെ ഗ്യാലറി പരിശോധിച്ച വിദ്യാർത്ഥിനികൾ കണ്ടത് ഒട്ടും വിശ്വസിക്കാൻ പറ്റാത്തൊരു കാഴ്ച; പോലീസിന്റെ വരവിൽ അറിഞ്ഞത് നല്ലവനായ അധ്യാപകന്റെ മറ്റൊരു മുഖം; പ്രതി ഇനി അഴിയെണ്ണും
തൃശൂർ: വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ച സ്‌കൂൾ പ്രിൻസിപ്പളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഡോ. സജു വർഗീസിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം വിദ്യാർത്ഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലം കലർന്ന രീതിയിൽ ഫോണിൽ സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സ്കൂളിലെ കുട്ടികളും അധ്യാപകരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ക്ലാസ് നടന്നു കൊണ്ടിരിക്കെ പഠനാവശ്യത്തിനായി പ്രിൻസിപ്പൽ തന്റെ മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ ഗാലറി പരിശോധിച്ച വിദ്യാർത്ഥിനികളാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. സഹപാഠികളുടെയും തങ്ങളെ പഠിപ്പിക്കുന്ന അധ്യാപികമാരുടെയും മുഖങ്ങൾ മോർഫ് ചെയ്ത്നഗ്നചിത്രങ്ങളാക്കി മാറ്റിയ നിലയിലായിരുന്നു ഫോണിലുണ്ടായിരുന്നത്. ഉടൻ തന്നെ വിദ്യാർത്ഥിനികൾ വിവരം മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞതോടെ അധ്യാപകരും വിദ്യാർത്ഥികളും ഒന്നടങ്കം പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. കുന്നംകുളം പോലീസ് സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി പ്രിൻസിപ്പലിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.
പ്രാഥമിക പരിശോധനയിൽ തന്നെ മോർഫ് ചെയ്ത നിരവധി ചിത്രങ്ങൾ ഫോണിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.