ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന പത്ത് ലക്ഷം തട്ടിയെടുത്തതായി പരാതി; ഓട്ടോ ഡ്രൈവര്‍ ആക്രമിച്ചെന്ന് പറഞ്ഞ് നടുറോഡില്‍ ബഹളമിട്ട് 60കാരി; സിസിടിവിയിലെങ്ങും ദൃശ്യങ്ങളില്ല: പണം പരാതിക്കാരിയുടെ അടുക്കളയില്‍ നിന്നും കണ്ടെത്തി പോലിസ്
10 ലക്ഷം തട്ടിയെടുത്തെന്ന് പറഞ്ഞ് നടുറോഡിൽ ബഹളം;
വെള്ളനാട്: പത്ത് ലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നടുറോഡില്‍ 60കാരിയുടെ പരാക്രമം. ആധാരമെഴുത്തുകാരിയായ ആര്യനാട് സ്വദേശിയാണ് നടുറോഡില്‍ സിനിമയെ വെല്ലുന്ന അഭിവയം കാഴ്ചവെച്ചത്. ഇവര്‍ കരഞ്ഞും നെഞ്ചിലിടിച്ചും ബഹളം വെച്ചതോടെ ആളുകള്‍ ഓടിക്കൂടി. പിന്നാലെ പോലിസും എത്തി. ഓട്ടോഡ്രൈവര്‍ക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി. അന്വേഷണത്തില്‍ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയില്‍നിന്നും ഓഫീസില്‍നിന്നും പോലീസ് കണ്ടെടുത്തതോടെ വാദി പ്രതിയാവുകയും ചെയ്തു.
ബുധനാഴ്ച ഉച്ചയോടെ വെള്ളനാട്ട് ആണ് സംഭവം. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് (60) പണം നഷ്ടമായെന്ന് പറഞ്ഞ് രാവിലെ 11.30-ഓടെ റോഡില്‍ ബഹളം കൂട്ടിയത്. സംഭവം നാട്ടുകാര്‍ ആര്യനാട് പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് റോഡില്‍ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നും ഓട്ടോയില്‍നിന്നു തള്ളിയിട്ടശേഷം കടന്നുകളഞ്ഞെന്നുമാണ് ഇവര്‍ പറഞ്ഞത്. ഓമനയമ്മയുടെ പരാതിയില്‍ പോലിസ് അന്വേഷണവും തുടങ്ങി.
പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനാണ് പണവുമായെത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്കാണ് ഡ്രൈവര്‍ ആക്രമിച്ചതെന്നും പറഞ്ഞു. സംശയം തോന്നിയ പോലീസ് റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പരാതിയില്‍ പറയുന്ന തരത്തിലൊന്നും കണ്ടെത്താനായില്ല. ഇവരുടെ മൊഴിയില്‍ പോലിസിന് പൊരുത്തക്കേടുകളും തോന്നി.
തുടര്‍ന്ന് പോലീസ് ഇവരെ ആര്യനാട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഓമനയമ്മയുടെ കള്ളി വെളിച്ചത്തായത്. പണം സ്വയം എടുത്ത് മാറ്റിവെച്ച ശേഷം കള്ളക്കഥ മെനഞ്ഞതെന്ന് ഇവര്‍ പോലിസിനോട് കുറ്റസമ്മതം നടത്തി. ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. ഇതോടെ വാദി പ്രതിയുമായി. പോലീസ് ഈ തുക കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
