ജയില്‍ അടുക്കളയിലെ 'സീനിയര്‍ മേസ്തിരി'; ഒപ്പം ആകര്‍ഷകമായത് നല്ല ഭക്ഷണവും, ചിട്ടയായ ജീവിതവും ജോലിക്കൂലിയും; ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വിരസതയും അവഗണനയും; ബീച്ച് റോഡിലെ രണ്ടു കടകള്‍ ഒറ്റരാത്രിയില്‍ കുത്തിതുറന്ന് മോഷണം; പിടിയിലായ പ്രതി പറഞ്ഞത് കേട്ട് ഞെട്ടി പൊലീസ്

Update: 2026-03-25 10:17 GMT

തിരുവനന്തപുരം: എങ്ങിനെയെങ്കിലും പൊലീസിന്റെ പിടിയിലായി ജയിലില്‍ പോകാന്‍ തിരക്കേറിയ റോഡില്‍ പായ വിരിച്ച് കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെ ആരും മറന്നിട്ടുണ്ടാകില്ല. അതിന് സമാനമായി വീണ്ടും ജയിലില്‍ പോകാന്‍ വീണ്ടും മോഷണം നടത്തിയ പ്രതി പിടിയിലായത് തിരുവനന്തപുരം കോവളത്താണ്. മോഷണക്കേസില്‍ കോവളത്ത് കഴിഞ്ഞ ദിവസം പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാന്‍ (46) പറഞ്ഞത് കേട്ട് ഞെട്ടിയത് പൊലീസാണ്. ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താന്‍ വീണ്ടും മോഷ്ടിക്കുന്നതെന്നാണ് ദിലീപ് ഖാന്‍ പൊലീസിനോടു പറഞ്ഞത്. മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും പിടിയിലായപ്പോഴായിരുന്നു ദിലീപ് ഖാന്റെ വെളിപ്പെടുത്തല്‍. ജയിലിനു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങള്‍ നേരിടുന്നുണ്ട്. അതിനാലാണ് മോഷണം നടത്തി വീണ്ടും ജയിലിലേക്ക് പോകുന്നതെന്നും ദിലീപ് പൊലീസിനോട് പറഞ്ഞു.

ജയിലിലെ വൃത്തിയുള്ള ഭക്ഷണവും മികച്ച ചികിത്സയും മിസ് ചെയ്തതിനാല്‍ തിരികെ ജയിലില്‍ പോകാന്‍ വേണ്ടി മാത്രം വീണ്ടും മോഷണം നടത്തിയെന്നാണ് ദിലീപ് ഖാന്‍ പറഞ്ഞത്. ജയിലിലെ ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും തനിക്ക് ഇഷ്ടമാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൂടാതെ ജയില്‍ അടുക്കളയിലെ സീനിയര്‍ മേസ്തിരി കൂടിയായ ഇയാള്‍ക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും ആകര്‍ഷണമായി. ഈ സൗകര്യങ്ങള്‍ വീണ്ടും ആസ്വദിക്കാനായി കോവളം മേഖലയിലെ രണ്ടിടങ്ങളില്‍ ഇയാള്‍ മോഷണം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം ചെറുതും വലുതുമായ മോഷണക്കേസുകളില്‍ പ്രതിയാണ് ദിലീപ് ഖാനെന്ന് പൊലീസ് അറിയിച്ചു.

ജയില്‍ മോചിതനായശേഷം ബീച്ച് റോഡിലെ രണ്ടു കടകളിലാണ് ഇയാള്‍ ഒരേദിവസം മോഷണം നടത്തിയത്. ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് മിനി മാര്‍ക്കറ്റ് എന്ന കടയില്‍ നിന്ന് 40,000 രൂപയും ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാര്‍ഡ് ഡിസ്‌കുമാണ് മോഷ്ടിച്ചത്. പൊളിക്കാനുപയോഗിച്ചുവെന്നു കരുതുന്ന പിക്കാസ് കടക്കുള്ളില്‍ കണ്ടെത്തി. മറ്റൊരു സംഭവത്തില്‍ ഹവ്വാ ബീച്ച് റോഡിനു സമീപം ഷാനവാസിന്റെ കോഴിക്കടയില്‍ നിന്നു മൊബൈല്‍ ഫോണുള്‍പ്പെടെ 13,000 രൂപ വിലയുള്ള വസ്തുക്കളും 44,000 രൂപയും മോഷ്ടിച്ചു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞു. കോവളം എസ്.എച്ച്.ഒ ജെ.പി. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആഗ്രഹം പോലെ തന്നെ അധികം വൈകാതെ വീണ്ടും ജയിലിലെ 'മേസ്തിരി' പണിയിലേക്ക് മടങ്ങാനുള്ള അവസരം പൊലീസ് ഒരുക്കി നല്‍കി.

Tags:    

Similar News