സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു; അപകീര്‍ത്തി പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി; വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് മുഹമ്മദ് റോഷന്‍ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ് എന്ന് എഫ്.ഐ.ആര്‍; പ്രതി ഒളിവിലെന്നും പോലീസ്
സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു
മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട ആളെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷന്‍ കാപ്പ കേസ് പ്രതിയാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങള്‍ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നുമാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ പ്രതി മുഹമ്മദ് റോഷന്‍ ഒളിവിലാണ്.
ജനുവരി 31ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തല്‍മണ്ണയിലെ ഒരു മാളിലേക്ക് പ്രതി വിളിച്ചു വരുത്തിയത്. പിന്നാലെ പ്രതിയുടെ മൊബൈല്‍ ഫോണിലെ ചില അവ്യക്തമായ ഫോട്ടോകളും വീഡിയോകളും കാണിച്ചു കൊടുക്കുകയും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 15 കോടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറയുകയോ പൊലീസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ പരാതിക്കാരനെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരന്‍ പണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം 'shanu shanu' എന്ന വ്യാജ ഫേസ്ബുക് ഐഡിയില്‍ നിന്നും പാണക്കാട്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അപകര്‍ത്തിപെടുത്തുന്ന തരത്തിലുള്ള ഒരു വ്യാജ പോസ്റ്റ് സോഷ്യല്‍ മീഡിയ ഫേസ്ബുക്കില്‍ പ്രതി പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്.
ഇതുവഴി സമൂഹത്തില്‍ മനപ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയും പരാതിക്കാരനും കുടുംബത്തിനും മാനഹാനി വരുത്തുകയും ചെയ്തു എന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പ്രതി ഒളിവിലാണെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാള്‍ തന്നെയാണോ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ ഐ പി അഡ്രസ് ഉള്‍പ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബര്‍ പൊലിസ് വ്യക്തമാക്കി. സാദിഖലിക്കെതിരായ പോസ്റ്റിനെതിരെ മുസ്ലിം ലീഗ് പരാതി നല്‍കിയിരുന്നു. സംഭവത്തിന്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.