അർധരാത്രിയിലെ ആ ഫോൺ കോൾ, പിന്നാലെ മരണം; മെഡിക്കൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ; പെൺകുട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് കോളേജ്; ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്; കുടുംബത്തിന്റെ ആരോപണം ഞെട്ടിക്കുന്നത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മെഡിക്കൽ വിദ്യാർഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടേൽ നഗർ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും പെൺകുട്ടി പഠിച്ചിരുന്ന മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ഇതിന് ഉത്തരവാദിയെന്നും കുടുംബം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.
ഡെറാഡൂണിൽ വാടകയ്ക്ക് താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തിന് തലേദിവസം രാത്രി പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ പെൺകുട്ടി കടുത്ത മാനസിക വിഷമം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനുശേഷം പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ പിതാവ് ഡെറാഡൂണിലെത്തി താമസസ്ഥലത്തും കോളേജിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ കാറിന്റെ ജനൽ ചില്ല് തകർത്താണ് വിദ്യാർഥിനിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് പിന്നിൽ മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്ന കുടുംബത്തിന്റെ മൊഴി ഗൗരവമായാണ് പൊലീസ് കാണുന്നത്. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, പെൺകുട്ടി ദീർഘകാലമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് കോളേജ് അധികൃതർ അറിയിച്ചു. മുൻപും പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചികിത്സാ രേഖകൾ രക്ഷിതാക്കൾ തന്നെ വകുപ്പ് മേധാവിക്ക് മുൻപ് സമർപ്പിച്ചിരുന്നുവെന്നും കോളേജ് അധികൃതർ കൂട്ടിച്ചേർത്തു. പൊലീസ് അന്വേഷണം തുടരുകയാണ്.