എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍; നജീബ് ഖാന്‍ പിടിയിലായത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തവേ; മൊബൈലില്‍ പ്രത്യേക ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നല്‍കുന്നത് നജീബിന്റെ കച്ചവട ശൈലി

എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍

Update: 2026-03-26 12:50 GMT

തിരുവനന്തപുരം: സന്തോഷ് ട്രോഫി താരം നജീബ് ഖാന്‍ എംഡിഎംഎയുമായി പിടിയിലായി. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തവേയാണ് നജീബ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് സീനിയര്‍ സൂപ്രണ്ട് കൂടിയാണ് നജീബ് ഖാന്‍.

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലില്‍ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിന് പിന്നാലെയാണ് നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

മൊബൈലില്‍ പ്രത്യേക ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നല്‍കുകയായിരുന്നു ഇയാളുടെ പതിവ്. ഇതിനായി വലിയ ശ്യംഖല ഉണ്ടെന്നാണ് വിവരം. പ്രമുഖരുള്‍പ്പെടെ എംഡിഎംഎയ്ക്കായി നജീബിനെ സമീപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക് അറിയിച്ചു. 4 ഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്.

ചോദ്യം ചെയ്യലിലാണ് ഇയാള്‍ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള താരമാണെന്ന് വ്യക്തമായത്. തലസ്ഥാനത്തെയും സമീപ ജില്ലകളിലെയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തി വരികയായിരുന്നു. ഹോട്ടല്‍ റൂമുകളില്‍ ലഹരിമരുന്ന് എത്തിച്ചാണ് ലരിമരുന്നു കച്ചവടം നടത്തിയിരുന്നതെന്ന് നജീബ് എക്സൈസിനോട് സൂചിപ്പിച്ചു.

പ്രമുഖരായ പലരും ഇയാളില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയിരുന്നതായി എക്സൈസിന് സൂചന ലഭിച്ചതായാണ് വിവരം. മൊബൈലില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി ആളുകളെ കണ്ടെത്തി, ഹോട്ടല്‍ റൂമുകളിലെത്തി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News