മംഗളുരുവില്‍ ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു; സംഭവം തൊക്കോട്ട് ഫ്ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ; തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ ആരിഫ് തല്‍ക്ഷണം മരിച്ചു; കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാക്കുടിപ്പകയെന്ന് സംശയം

മംഗളുരുവില്‍ ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു

Update: 2026-03-27 07:41 GMT

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ഫ്ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ ബൈക്കില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു ആരിഫ്. മംഗളൂരു, ബന്തര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആരിഫ്. നേരത്തെയും ആരിഫിന് നേരെ വധശ്രമം ഉണ്ടായിരുന്നു. തലപ്പാടിക്ക് സമീപമുള്ള മുള്ളുഗുഡെ സ്വദേശിയായ ആരിഫ് തന്റെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അക്രമിസംഘം ഇയാളെ പിന്തുടര്‍ന്നത്.

ഫ്‌ലൈഓവറില്‍ വെച്ച് പിന്നാലെ വന്ന കാര്‍ ആരിഫിന്റെ ബൈക്കിലിടിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തല ലക്ഷ്യമാക്കിയായിരുന്നു അക്രമികളുടെ വെട്ടുകള്‍. ആരിഫിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ആരിഫ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് നേരെ 2022-ലും വധശ്രമമുണ്ടായിരുന്നു. അന്ന് ഉച്ചില പാലത്തിന് സമീപം നടന്ന ആക്രമണത്തില്‍ നിന്ന് ആരിഫ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

സംഭവസ്ഥലത്തെത്തിയ ഉള്ളാള്‍ പോലീസും ഉന്നത ഉദ്യോഗസ്ഥരും പ്രാഥമിക പരിശോധനകള്‍ നടത്തി. പ്രതികള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

നഗരമധ്യത്തില്‍ പുലര്‍ച്ചെയുണ്ടായ ഈ കൊലപാതകം തീരദേശ മേഖലയില്‍ വലിയ ഭീതി പടര്‍ത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്.

Tags:    

Similar News