റോഡരികിലിട്ട് മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദനം; പ്രശ്നം പരിഹരിച്ച് ദമ്പതികളെ കാറിൽ കയറ്റി വിട്ടത് നാട്ടുകാർ; പിന്നാലെ ഭാര്യയുടെ മേൽ എസ്‌യുവി ഓടിച്ചു കയറ്റി കൊലപ്പെടുത്തി; 28കാരി കൊല്ലപ്പെട്ടത് ഭർത്താവിന്റെ സംശയരോഗത്തിൽ; നടുക്കുന്ന ക്രൂരതയിൽ പ്രതി പോലീസ് വലയിൽ

Update: 2026-03-26 15:41 GMT

കലബുറഗി: കർണാടകയിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര ബാരാമതി സ്വദേശിനി ഷൈല (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അക്ഷയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ തീർത്ഥാടന കേന്ദ്രമായ ഗാണഗാപൂരിലേക്കുള്ള യാത്രയ്ക്കിടെ ബള്ളൂർഗ ഗ്രാമത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മാരുതി സുസുക്കി എർട്ടിഗ കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ തമ്മിൽ വാഹനത്തിനുള്ളിൽ വെച്ച് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് അക്ഷയ് ഷൈലയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. നിലത്തു വീണ ഷൈലയുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡരികിലിട്ട് അക്ഷയ് ക്രൂരമായി മർദിച്ചു.

ഷൈല സഹായത്തിനായി നിലവിളിക്കുന്നത് കണ്ടുനിന്നവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. സ്ഥലത്തെത്തിയ നാട്ടുകാർ ഇടപെട്ട് അക്ഷയിനെ തടയുകയും ഷൈലയെ തിരികെ കാറിൽ കയറ്റി വിടുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നു കരുതിയെങ്കിലും നിമിഷങ്ങൾക്കകം അക്ഷയ് വീണ്ടും അക്രമാസക്തനായി. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം കാർ പാടത്തേക്ക് ഓടിച്ചു കയറ്റുകയും ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളുകയും ചെയ്തു.

തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ എസ്‌യുവി ഓടിച്ചു കയറ്റുകയായിരുന്നു. കൊടുംക്രൂരതയുടെ ഈ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കലബുറഗി എസ്പി അദ്ദുരു ശ്രീനിവാസുലു അറിയിച്ചു.

Tags:    

Similar News