വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍ വന്നതോടെ ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളെയും ജീവനക്കാരെയും അടിയന്തരമായി കടത്തിവിടണമെന്ന് അന്താരാഷ്ട്ര സമുദ്ര സംഘടന; 16 ഇന്ത്യന്‍ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത് 370 ഇന്ത്യന്‍ നാവികരും; സംഘര്‍ഷാവസ്ഥ അയഞ്ഞെങ്കിലും മിസൈലുകള്‍ ചീറിപ്പായുന്ന സമുദ്രപാതയില്‍ നിരവധി അപകട സാധ്യതകള്‍

വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍ വന്നതോടെ ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളെയും ജീവനക്കാരെയും അടിയന്തരമായി കടത്തിവിടണമെന്ന് അന്താരാഷ്ട്ര സമുദ്ര സംഘടന

Update: 2026-04-09 04:22 GMT

ന്യൂഡല്‍ഹി: യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും അടിയന്തരമായി കടത്തിവിടണമെന്ന ആവശ്യവും സജീവമാകുന്നു. അന്താരാഷ്ട്ര സമുദ്ര സംഘടന (ഐ.എം.ഒ)യാണ് ഈ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. മേഖലയില്‍ 16 ഇന്ത്യന്‍ കപ്പലുകളിലായി 370 നാവികര്‍ ഇപ്പോഴും തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. സംഘര്‍ഷാവസ്ഥ അയഞ്ഞെങ്കിലും സമുദ്രപാതയിലെ അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐ.എം.ഒയുടെ ഇടപെടല്‍.

ഹോര്‍മുസ് കടലിടുക്കിനും പേര്‍ഷ്യന്‍ ഗള്‍ഫിനും സമീപത്തായി 16 ഇന്ത്യന്‍ കപ്പലുകളാണ് നിലവിലുള്ളത്. ഇതില്‍ ജോലി ചെയ്യുന്ന 370 ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് ഇതുവരെ 1,754 ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 63 പേരെ തിരിച്ചെത്തിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, കപ്പല്‍ ഉടമകള്‍, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ എന്നിവരുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ഇറാനില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ തെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സാഹചര്യം ഇപ്പോഴും സങ്കീര്‍ണമായി തുടരുന്നതിനാലാണിത്. ഏകദേശം 7,500 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാനിലുണ്ടെന്നാണ് കണക്ക്. ഇതിനകം 1,864 ഇന്ത്യക്കാരെ അര്‍മേനിയ, അസര്‍ബൈജാന്‍ അതിര്‍ത്തികള്‍ വഴി ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍ 935 വിദ്യാര്‍ഥികളും 472 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഐ.എം.ഒ സെക്രട്ടറി ജനറല്‍ ആഴ്‌സനിയോ ഡൊമിങസ് പറഞ്ഞു. നാവികരുടെ ആരോഗ്യത്തിനും ആഗോള കപ്പല്‍ വ്യവസായത്തിനും വെടിനിര്‍ത്തല്‍ ആശ്വാസകരമാണ്. ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍. നാവികരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒഴിപ്പിക്കലിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നടപ്പായെങ്കിലും സംഘര്‍ഷത്തിന്റെ ഭാഗമായുള്ള മറ്റ് അപകടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഷിപ്പിങ് മേഖല അതീവ ജാഗ്രതയിലാണ്.

അതേസമയം ഇറാനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന രാജ്യങ്ങള്‍ക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുണ്ട്. ഇറാനുമായി സൈനിക സഹകരണം പുലര്‍ത്തുന്ന രാജ്യങ്ങളില്‍നിന്ന് 50 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഭീഷണിസ്വരമുയര്‍ത്തിയത്. ഒരു രാജ്യത്തിനും ഇതില്‍ ഇളവുകളോ ഒഴിവാക്കലുകളോ നല്‍കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.

ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തലാക്കണമെന്നതാണ് അമേരിക്കയുടെ മുഖ്യ നിബന്ധന. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ അവസാനിപ്പിക്കണം. നിലവില്‍ ഭൂമിക്കടിയിലുള്ള ആണവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക ഇറാനെ സഹായിക്കും. ബഹിരാകാശ സേനയുടെയും ഉപഗ്രഹങ്ങളുടെയും നിരീക്ഷണത്തിലാണ് നിലവില്‍ ഈ ആണവ കേന്ദ്രങ്ങളെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാനിലെ നിലവിലെ മാറ്റങ്ങളെ 'ഉല്‍പാദനപരമായ ഭരണമാറ്റം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും തീരുവകളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായും ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെയാണ് ഈ നീക്കം. തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് താല്‍ക്കാലികമായി തുറന്നുകൊടുക്കാന്‍ ഇറാന്‍ പറഞ്ഞിട്ടുണ്ടെന്നും 15 ഇന കര്‍മപദ്ധതിയിലെ ഭൂരിഭാഗം കാര്യങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും ഇത് ആഗോള നയതന്ത്ര പരിഹാരത്തിലേക്കുള്ള ചുവടുവെപ്പാണെന്നും ട്രംപ് അവകാശപ്പെട്ടു.

Tags:    

Similar News