5000 ഡിഗ്രി ചൂട്, മണിക്കൂറില്‍ 25,000 മൈല്‍ വേഗത; ആ ഒരൊറ്റ കവചം ചതിച്ചാല്‍ എല്ലാം തീരും! ചന്ദ്രനില്‍ പോയി മടങ്ങുന്നവര്‍ ആര്‍ട്ടെമിസ് സംഘത്തിന് മുന്നില്‍ അഗ്‌നിപരീക്ഷ; മിടിപ്പേറി നാസ; ലോകം പ്രാര്‍ത്ഥനയില്‍!
5000 ഡിഗ്രി ചൂട്, മണിക്കൂറില്‍ 25,000 മൈല്‍ വേഗത; ആ ഒരൊറ്റ കവചം ചതിച്ചാല്‍ എല്ലാം തീരും!
ലോസ് ഏഞ്ചല്‍സ്: ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുന്ന ആര്‍ട്ടെമിസ് 2 ദൗത്യം അതിന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തില്‍ പേടകത്തിന്റെ താപകവചത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മറ്റൊരു ബദല്‍ മാര്‍ഗവുമില്ലെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു. ദൗത്യത്തിലെ ഏറ്റവും അപകടകരമായ നിമിഷങ്ങളാണിതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
രണ്ടാം ഘട്ട ദൗത്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സംസാരിക്കവെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ആണ് തന്റെ ആശങ്ക പരസ്യമാക്കിയത്. ആര്‍ട്ടെമിസ് സംഘം സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ ഇറങ്ങുന്നതുവരെ തന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെയിരിക്കും എന്നും താപകവചം പരാജയപ്പെട്ടാല്‍ പ്ലാന്‍ ബി എന്നത് നമ്മുടെ മുന്നിലില്ല അത് കൃത്യമായി പ്രവര്‍ത്തിച്ചേ മതിയാകൂ എന്നാണ് ഐസക്ക് മാന്‍ വ്യക്തമാക്കിയത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന അതികഠിനമായ ചൂടിനെ പ്രതിരോധിക്കാന്‍ ആര്‍ട്ടെമിസ് പേടകത്തിന് ഒരൊറ്റ താപകവചം മാത്രമാണുള്ളത്. ഏകദേശം 88 ലക്ഷം പൗണ്ട് ഊര്‍ജ്ജത്തോടെ കുതിച്ചുയര്‍ന്ന കൂറ്റന്‍ റോക്കറ്റിന്റെ ശക്തിയെ പ്രതിരോധിച്ചാണ് ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടത്. അന്തരീക്ഷത്തില്‍ ഉരസുമ്പോഴുണ്ടാകുന്ന ഘര്‍ഷണവും ഊര്‍ജ്ജവും സുരക്ഷിതമായി പുറന്തള്ളുക എന്നത് വലിയ വെല്ലുവിളിയാണ്.
നാസയുടെ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജെറമി ഹാന്‍സണും അടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയോടെ സാന്‍ ഡീഗോ തീരത്ത് പേടകം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പുള്ള പരീക്ഷണ ദൗത്യത്തില്‍ താപകവചത്തില്‍ ചില വിള്ളലുകള്‍ കണ്ടിരുന്നത് നിലവിലെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. 2022-ല്‍ നടന്ന ആര്‍ട്ടെമിസ് 1 പരീക്ഷണത്തില്‍, ആളില്ലാത്ത ഓറിയോണ്‍ പേടകത്തിന്റെ താപകവചത്തില്‍ നിന്ന് അപ്രതീക്ഷിതമായി കരിഞ്ഞ അവശിഷ്ടങ്ങള്‍ അടര്‍ന്നുമാറിയിരുന്നു.
ഉള്‍വശത്തുണ്ടാകുന്ന വാതകങ്ങള്‍ പുറത്തേക്ക് തള്ളാന്‍ കഴിയാത്തതാണ് ഇതിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ഈ പാളിച്ചകള്‍ പരിഹരിച്ചാണ് പുതിയ പേടകം സജ്ജമാക്കിയിരിക്കുന്നത്. മടങ്ങിവരവിന്റെ ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 25,000 മൈല്‍ വേഗതയിലാണ് ഓറിയോണ്‍ അന്തരീക്ഷത്തിലേക്ക് കുതിക്കുന്നത്. ഈ ഘട്ടത്തില്‍ പേടകത്തിന് പുറത്തെ താപനില 5,000 ഫാരന്‍ഹീറ്റ് വരെ ഉയരും. ഈ അമിത താപം കാരണം പേടകത്തിന് ചുറ്റും പ്ലാസ്മ എന്ന വാതകാവസ്ഥ രൂപപ്പെടുകയും മിഷന്‍ കണ്‍ട്രോളുമായുള്ള ആശയവിനിമയം ഏതാനും മിനിറ്റുകള്‍ തടസ്സപ്പെടുകയും ചെയ്യും. ഈ അഗ്നിപരീക്ഷ അതിജീവിച്ചാല്‍ മാത്രമേ പാരച്യൂട്ടുകള്‍ വിടരുകയുള്ളൂ. ഏകദേശം 300 മൈല്‍ വേഗതയിലേക്ക് പേടകത്തെ താഴ്ത്താന്‍ ആദ്യഘട്ട പാരച്യൂട്ടുകള്‍ സഹായിക്കും. തുടര്‍ന്ന് മൂന്ന് വലിയ പാരച്യൂട്ടുകള്‍ വിടരുന്നതോടെ വേഗത മണിക്കൂറില്‍ 17 മൈലായി കുറയുകയും പേടകം കടലില്‍ പതിക്കുകയും ചെയ്യും.
ആധുനിക ബഹിരാകാശ ദൗത്യങ്ങളില്‍ പഴയകാലത്തെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഐസക്മാന്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം നിര്‍ണായക ഘടകങ്ങള്‍ക്ക് പകരമായി മറ്റൊന്ന് കൂടി ഉറപ്പാക്കുന്ന രീതിയിലേക്ക് നാസ മാറുമെന്നും, ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചുള്ള യാത്രയ്ക്ക് മുമ്പ് ചന്ദ്രനെ ചുറ്റിയുള്ള ആറ് മണിക്കൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തിയിരുന്നു.
ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത ഭാഗത്ത് വിചിത്രമായ ജ്യാമിതീയ രൂപങ്ങളും പച്ചയും തവിട്ടും കലര്‍ന്ന നിറങ്ങളും കണ്ടതായി സഞ്ചാരികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ചന്ദ്രന്റെ പ്രതലത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ക്ക് വഴിതുറക്കും. 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ആര്‍ട്ടെമിസ് 2 ചരിത്രം കുറിച്ചത്. ഭൂമിയില്‍ നിന്ന് 2,52,756 മൈല്‍ അകലെ എത്തിയ സംഘം മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച വ്യക്തികളായി മാറി. എങ്കിലും സുരക്ഷിതമായി മടങ്ങിയെത്തിയാല്‍ മാത്രമേ ഈ റെക്കോര്‍ഡ് നേട്ടം പൂര്‍ണ്ണമാകുകയുള്ളൂ എന്നാണ് നാസ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
