തീഗോളമായി ആര്‍ട്ടെമിസ് ഭൂമിയിലേക്ക്; പസഫിക് സമുദ്രത്തില്‍ നാളെ പുലര്‍ച്ചെ ലാന്‍ഡിംഗ്ച അഗ്‌നിപഥം കടന്ന് നാല് യാത്രികര്‍; 2,760 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ അതിജീവിക്കാന്‍ ഹീറ്റ് ഷീല്‍ഡ്; അപ്പോളോയ്ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനില്‍ തൊട്ട മടക്കയാത്ര; നാസയുടെ ആര്‍ട്ടെമിസ് 2 വിജയത്തിലേക്ക്

Update: 2026-04-10 04:42 GMT

വാഷിംഗ്ടണ്‍: ചന്ദ്രന്റെ ഇരുണ്ട വശത്തുകൂടിയുള്ള ചരിത്രപരമായ യാത്ര പൂര്‍ത്തിയാക്കി നാസയുടെ ആര്‍ട്ടെമിസ് 2 പേടകം ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ അവസാന ഘട്ടത്തില്‍. ഇന്ത്യന്‍ സമയം നാളെ (ശനിയാഴ്ച) പുലര്‍ച്ചെ അഞ്ചോടെയാകും (ഏപ്രില്‍ 11) പസഫിക് സമുദ്രത്തില്‍ പേടകം ലാന്‍ഡിംഗ് നടത്തുക. ഏകദേശം 6,85,000 മൈലുകള്‍ പിന്നിട്ടുള്ള ഈ ദൗത്യത്തിന്റെ ഏറ്റവും അപകടകരമായ 13 മിനിറ്റുകളിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.

ഭൂമിയില്‍ നിന്ന് വെറും 76 മൈല്‍ അകലെ വെച്ച് പേടകത്തിന് ഊര്‍ജ്ജം നല്‍കുന്ന സര്‍വീസ് മോഡ്യൂള്‍ വേര്‍പെടും. ഇതോടെ നാല് യാത്രികരടങ്ങിയ ക്രൂ ക്യാപ്‌സ്യൂള്‍ മാത്രമാകും ഭൂമിയിലേക്ക് പതിക്കുക. മണിക്കൂറില്‍ 25,000 മൈല്‍ (ഏകദേശം 40,230 കി.മീ) വേഗതയില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു തീഗോളമായി മാറും. ഈ ഘട്ടത്തില്‍ ഉണ്ടാകുന്ന ഘര്‍ഷണം പേടകത്തിന് ചുറ്റും 2,760 ഡിഗ്രി സെല്‍ഷ്യസ് താപം സൃഷ്ടിക്കും. സൂര്യന്റെ ഉപരിതല താപനിലയുടെ പകുതിയോളം വരുമിത്. ഈ കൊടുംചൂടില്‍ നിന്നും യാത്രികരെ സംരക്ഷിക്കുന്നത് വെറും മൂന്നിഞ്ച് മാത്രം കനമുള്ള ഹീറ്റ് ഷീല്‍ഡാണ്.

അന്തരീക്ഷ പ്രവേശനത്തിന്റെ അതീവ സങ്കീര്‍ണ്ണമായ ഘട്ടത്തില്‍ പേടകത്തിന് ചുറ്റും അത്യുഷ്ണമുള്ള പ്ലാസ്മ പ്രവാഹം രൂപപ്പെടും. ഇത് മിഷന്‍ കണ്‍ട്രോളുമായുള്ള എല്ലാ റേഡിയോ ബന്ധങ്ങളും താത്കാലികമായി വിച്ഛേദിക്കും. മിനിറ്റുകള്‍ നീളുന്ന ഈ നിശബ്ദത നാസയുടെ ശാസ്ത്രജ്ഞര്‍ക്കും ലോകത്തിനും നെഞ്ചിടിപ്പിന്റെ നിമിഷങ്ങളാകും സമ്മാനിക്കുക. പാരഷൂട്ടുകള്‍ വിടര്‍ത്തി പേടകം വെള്ളത്തില്‍ തൊടുന്നത് വരെ സമാധാനമുണ്ടാകില്ലെന്ന് നാസയുടെ ഫ്‌ലൈറ്റ് ഡയറക്ടര്‍ റിക്ക് ഹെന്‍ഫ്‌ലിംഗ് വ്യക്തമാക്കി. മുന്‍പത്തെ പരീക്ഷണ ദൗത്യത്തില്‍ ഹീറ്റ് ഷീല്‍ഡിന് ചില കേടുപാടുകള്‍ സംഭവിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഇത്തവണ സുരക്ഷിതമായ ലാന്‍ഡിംഗിനായി പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

തീഗോളമായുള്ള യാത്രയ്ക്ക് ശേഷം വേഗത കുറയ്ക്കാനായി 11 പാരഷൂട്ടുകളാണ് പേടകത്തിലുള്ളത്. സാന്‍ ഡിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തില്‍ പേടകം സുരക്ഷിതമായി പതിക്കും. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലെ അംഗങ്ങള്‍. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രനിലേക്ക് മടങ്ങുന്നത്.

പേടകത്തെ സ്വീകരിക്കാനായി യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്‍ത്ത പസഫിക് സമുദ്രത്തില്‍ സജ്ജമായിക്കഴിഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ 2028-ഓടെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Similar News