'ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല; യുദ്ധം ആരംഭിച്ചത് ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലം; ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്; അമേരിക്കയെ ദൈവം രക്ഷിക്കട്ടെ'; ഭീകര വിരുദ്ധ വിഭാഗം മേധാവി ജോസഫ് കെന്റ് രാജിവെച്ചു; ട്രംപ് ഭരണകൂടം പ്രതിരോധത്തില്‍
വാഷിങ്ടന്‍: ഇറാനെതിരായ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച് യു എസ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) ഡയറക്ടര്‍ ജോ കെന്റ് രാജിവച്ചു. ഇറാനിലെ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധത്തെ മനഃസാക്ഷിയോടെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും, ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലമാണ് നമ്മള്‍ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണെന്നും ജോ കെന്റ് ആരോപിച്ചു. രാജിക്കത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൈമാറി. ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇറാന്‍ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്.
ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുന്‍പ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും, ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ട അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.
വളരെയേറെ ആലോചിച്ചശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് ജോ കെന്റ് പറഞ്ഞു. എന്‍സിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാന്‍ രാജിവെക്കുകയാണ്. ഇറാനില്‍ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷിക്കുത്തില്ലാതെ എനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, കെന്റ് എക്‌സില്‍ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ഏജന്‍സിയുടെ തലവന്‍ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
യുഎസ് സൈന്യത്തിലും സിഐഎയിലും പ്രവര്‍ത്തിച്ചിട്ടുള്ള, പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് ജോസഫ് കെന്റ്. രാജിക്കാര്യത്തില്‍ വൈറ്റ് ഹൗസോ, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധത്തോടുള്ള വിയോജിപ്പ് പരസ്യമാക്കി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നത് വരും ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.
യുഎസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജന്‍സിയാണ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനു കീഴില്‍ 2025 ജൂലൈയിലാണ് ജോ കെന്റ് എന്‍സിടിസി ഡയറക്ടറായി ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചിരുന്നു. യുഎസ് സൈന്യത്തില്‍ സേവനമനുഷ്ടിച്ച അദ്ദേഹം 11 തവണ യുദ്ധമുഖങ്ങളിലും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സിഐഎയില്‍ പാരാമിലിറ്ററി ഓഫിസറായിരുന്നു. വാഷിങ്ടന്‍ സ്റ്റേറ്റില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് രണ്ട് തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.
