നിങ്ങള്‍ ഒന്ന് കൊണ്ടും 'ധൈര്യപ്പെടേണ്ട!' 70.5 ലക്ഷം രൂപ വരവില്‍ ഉള്‍പ്പെടുത്തിയില്ല; നിക്ഷേപ പലിശയും കാണിച്ചില്ല; വരവ് മറച്ചുവെച്ചത് ടാലിയാക്കാന്‍ ചെലവ് പെരുപ്പിച്ചു കാണിച്ചു; മിനുട്സ് ഒളിച്ച് കടത്തി; ധനരാജ് ഫണ്ട് വക മാറ്റിയതിന്റെ ഉദ്ദേശം ധനാപഹരണം; ക്രമക്കേട് ടി.ഐ. മധുസൂദനന്റെയും ടി. വിശ്വനാഥന്റെയും നേതൃത്വത്തില്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് വി കുഞ്ഞികൃഷ്ണന്‍

Update: 2026-04-06 15:13 GMT

കണ്ണൂര്‍: കണ്ണൂരിലെ സി.പി.ഐ.എം നേതൃത്വത്തെ പിടിച്ചുലച്ച പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍, നേതൃത്വത്തിനെതിരെ കൂടുതല്‍ തെളിവുകളും രേഖകളുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗവും നിലവില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലെ എ.കെ.ജി മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ട് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. സി.പി.ഐ.എം ഏരിയ സെക്രട്ടറിയായിരുന്ന ടി.ഐ. മധുസൂദനന്‍, ടി. വിശ്വനാഥന്‍ എന്നിവരെ ലക്ഷ്യമിട്ടാണ് കുഞ്ഞികൃഷ്ണന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2017-ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണത്തിനായി നടത്തിയ ഫണ്ട് സമാഹരണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ടി.ഐ മധുസൂദനനും ടി. വിശ്വനാഥനും കൃത്രിമ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിട്ടെന്നdവി. കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച ഏതാനും രേഖകളും സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ കുഞ്ഞികൃഷ്ണന്‍ പങ്കുവെച്ചിട്ടുണ്ട്.

2016-ല്‍ സഹകരണ മേഖലയിലെ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപ ഔദ്യോഗിക വരവ് കണക്കില്‍ ഉള്‍പ്പെടുത്തിയില്ല. നിക്ഷേപ പലിശയും ഇതില്‍ കാണിച്ചിട്ടില്ല. ഈ തുക കൃത്യമായി കണക്കില്‍ പെടുത്തിയിരുന്നെങ്കില്‍ നിര്‍മ്മാണ ഫണ്ടില്‍ 70 ലക്ഷത്തിലധികം രൂപ മിച്ചം വരേണ്ടതായിരുന്നു. കെട്ടിട നിര്‍മ്മാണം കടത്തിലാണെന്ന് വ്യാജമായി കാണിച്ചുകൊണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ ഓഫീസ് നിര്‍മ്മാണത്തിലേക്ക് വകമാറ്റി. ഇത് വ്യക്തമായ ധനാപഹരണമാണെന്ന് കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. 2017-ല്‍ അവതരിപ്പിച്ച കണക്കിലെ പിശകുകള്‍ ഏരിയ കമ്മിറ്റിയില്‍ ചോദ്യം ചെയ്തപ്പോള്‍, അത് മറയ്ക്കാനായി 2021-ല്‍ പുതിയ കണക്ക് അവതരിപ്പിച്ചു. പഴയ കണക്കിനേക്കാള്‍ 31.5 ലക്ഷം രൂപ അധിക ചെലവ് കാണിച്ചാണ് പുതിയ കണക്ക് തയ്യാറാക്കിയത്. വരവ് മറച്ചുവെച്ചത് ടാലിയാക്കാന്‍ ചെലവ് പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാന്‍ മിനുട്സ് ബുക്ക് ടി.ഐ. മധുസൂദനന്റെ നേതൃത്വത്തില്‍ രഹസ്യമായി കടത്തിയതായും കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ഈ അഴിമതി ചോദ്യം ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്നും, അഴിമതി നടത്തിയവരാണ് തനിക്കെതിരെ 'വര്‍ഗ്ഗവഞ്ചകന്‍' എന്ന ചാപ്പയടിച്ച് ആഘോഷം നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം പാര്‍ട്ടിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥ നേതൃത്വത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ വരവ് ചെലവ് കണക്ക് വിശദീകരിക്കാതെ ടി.ഐ മധുസൂദനന്‍ വരവ് ഇത്ര, ചെലവ് ഇത്ര എന്ന കണക്ക് മാത്രമാണ് അവതരിപ്പിച്ചതെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. ഈ കണക്ക് അംഗീകരിക്കില്ല എന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ അന്ന് തന്നെ ഉറച്ച് പറഞ്ഞു. ആ കണക്ക് കാണിക്കല്‍ 2021വരെ നീട്ടികൊണ്ടുപോയി. ഇതിന് പിറകില്‍ ഗൂഢോദ്ദേശം ഉണ്ടായിരുന്നെന്ന് അന്ന് തന്നെ സഖാക്കള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടി. വിശ്വനാഥന്‍ കണക്ക് അവതരിപ്പിച്ചു. വരവിനേക്കാള്‍ കവിഞ്ഞ ചിലവും, അതുവഴി 42,337 രൂപ കടവുമാണ് രേഖപ്പെടുത്തിയത്. 2016ല്‍ സഹകരണ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപ വരവില്‍ ഉള്‍പ്പെടുത്തിയില്ല. നിക്ഷേപ പലിശയും ഉള്‍പ്പെടുത്തിയില്ല. അത് ഉള്‍പ്പെടുത്തിയാല്‍ 70 ലക്ഷത്തില്‍ അധികം തുക മിച്ചം ഉണ്ടാവണം, അത് കണക്കില്‍ കാണിക്കാതെ ബോധപൂര്‍വ്വം അപഹരിക്കുകയാണ് ഉണ്ടായത് -കുഞ്ഞികൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.

കള്ളക്കണക്കിന്റെ ബലത്തില്‍ സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നത്. മിച്ചമുണ്ടായ കണക്കില്‍ ഗൂഢോദ്ദേശം വച്ച് കണക്ക് വരവ് കാണിക്കാതിരുന്നതിന്റെയും ധനരാജ് ഫണ്ട് വക മാറ്റിയതിന്റെയും ഉദ്ദേശം ധനാപഹരണമാണ്. ഇത് ചോദ്യംചെയ്തപ്പോള്‍ പുതിയ കണക്കുമായി ടി. വിശ്വനാഥന്‍ അവതരിച്ചു. ഈ പുതിയ കണക്ക് 2017ല്‍ ടി.ഐ മധുസൂദനന്‍ അവതരിപ്പിച്ച കണക്കില്‍ സൂചിപ്പിച്ച ചിലവിനേക്കാള്‍ 31.5 ലക്ഷം അധികം ചെലവ് കാണിച്ച മറ്റൊരു കണക്കായിരുന്നു. രേഖപ്പെടുത്തിയ വരവ് ഇത്ര പോരാ എന്ന് ആധികാരികമായി തെളിവ് സഹിതം മുന്നോട്ട് വയ്ക്കുമ്പോള്‍, എങ്കില്‍ ചെലവും ഇത്രപോരാ, എന്നാലേ തങ്ങള്‍ അപഹരിച്ച കണക്ക് ടാലിയാകൂ എന്ന കുബുദ്ധിയാണ് അന്ന് ടി.ഐ മധുസൂദനനും ടി. വിശ്വനാഥനും ചേര്‍ന്ന് നടത്തിയത് -വി. കുഞ്ഞികൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, പയ്യന്നൂരിലെ പാര്‍ട്ടി കോട്ടകളില്‍ ഈ സാമ്പത്തിക ആരോപണങ്ങള്‍ എല്‍.ഡി.എഫ് കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 'നേതൃത്വത്തെ അണികള്‍ തിരുത്തട്ടെ' എന്ന ആഹ്വാനവുമായി അഴിമതിക്കെതിരെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വി. കുഞ്ഞികൃഷ്ണന്റെ പോസ്റ്റ് പൂര്‍ണരൂപം...

നമുക്ക് മുന്‍പേ നടന്ന മഹാരഥന്മാര്‍ നമുക്ക് പ്രധാനം ചെയ്ത രാഷ്ട്രീയത്തില്‍ അവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ്മകളുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ അതിജീവനത്തിനോ ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ നേതൃത്വത്തില്‍ ഇരിക്കുന്ന സഖാക്കളുടെ സത്യസന്ധതയും അര്‍പ്പണബോധവുമായിരുന്നു പാര്‍ട്ടിയുടെ മുതല്‍ക്കൂട്ട്.

അന്ന് ആ സഖാക്കള്‍ ക്ലേശകരമായ ജീവിതം നയിച്ചത് സാധാരണക്കാരുടെ വിമോചനത്തിന് വേണ്ടിയാണ്. നേതാക്കളുടെ അതിജീവനം ഉറപ്പിക്കാന്‍ സാധാരണ ജനസമൂഹം നല്‍കിയ സംഭാവന മാത്രം മൂലധനമാക്കി ഈ മണ്ണില്‍ ആഴത്തില്‍ വേരൂന്നിയതാണ് നമ്മുടെ പ്രസ്ഥാനമെന്ന ബോധ്യം അവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്.

അതുകൊണ്ട് തന്നെ നമുക്ക് ദിശാബോധം നല്‍കി മണ്മറഞ്ഞു പോയ സഖാക്കള്‍ കാണിച്ചു തന്ന സത്യസന്ധതയുടെ പാതയിലൂടെ മാത്രമേ നമ്മള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നോട് സഞ്ചരിക്കാന്‍ സാധിക്കൂ.

ഏതൊരു സന്ദര്‍ഭത്തിലാണോ നമ്മുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് പ്രസ്ഥാനത്തെ ധനാപഹരണത്തിനോ ധനസമ്പാദനത്തിനോ വേണ്ടി ഉപയോഗപ്പെടുത്തുന്നത്, അന്നുമുതല്‍ അത്തരം വ്യക്തികളെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിലൂടെ അധ്വാനവര്‍ഗ്ഗത്തെ വഞ്ചിച്ചവരായേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പരിഗണിക്കാന്‍ സാധിക്കൂ. ഞങ്ങളുടെ പോരാട്ടം നേതൃത്വത്തിലെ ഇത്തരം ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ക്ക് എതിരാണ്.

പയ്യന്നൂരിലെ ഏരിയ കമ്മിറ്റിയുടെ ഓഫീസ് എകെജി മന്ദിരം 2017 ജനുവരിയിലാണ് സഖാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്.

എകെജി മന്ദിരത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് സമാഹരിച്ചതില്‍ വലിയ ക്രമക്കേടുകളാണ് പാര്‍ട്ടി ഏരിയ സെക്രട്ടറിയായ ടിഐ മധുസൂദനന്റെയും, ടി വിശ്വനാഥന്റെയും നേതൃത്വത്തില്‍ നടന്നത്.

2017 നവംബര്‍ മാസത്തില്‍ കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും, പാര്‍ട്ടി ഏരിയ സെക്രട്ടറിയുമായ ടിഐ മധുസൂദനന്‍ അതുമായി ബന്ധപ്പെട്ട് കണക്ക് വിശദീകരിക്കാതെ, മൊത്തം വരവിത്ര ചിലവിത്ര എന്ന കണക്ക് മാത്രം അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍ അന്ന് തന്നെ, വിശദമായ കണക്ക് അവതരിപ്പിക്കനമെന്നും, ഈ കണക്ക് അംഗീകരിക്കില്ല എന്നും ഉറച്ച് പറഞ്ഞു.

എന്നാല്‍ ആ കണക്ക് കാണിക്കല്‍ 2021വരെ നീട്ടി കൊണ്ടുപോയി ഈ നേതാക്കള്‍. ഏരിയ കമ്മിറ്റിക്കുള്ളില്‍ കണക്ക് അവതരിപ്പിക്കാനുള്ള ഈ കാലതാമസത്തിന് പിറകില്‍ ഗൂഢോദ്ദേശം ഉണ്ടായിരുന്നെന്ന് അന്ന് തന്നെ സഖാക്കള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ടി വിശ്വനാഥന്‍ കണക്ക് അവതരിപ്പിച്ചതോടെ തങ്ങളുടേത് കേവലം സംശയമല്ല എന്ന് ഉറപ്പിക്കുന്ന അവസ്ഥയുണ്ടായി.

സാമ്പത്തിക സമാഹരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച കണക്ക് പ്രകാരം വരവിനേക്കാള്‍ കവിഞ്ഞ ചിലവും, അതുവഴി 42,337 രൂപ കടവുമാണ് രേഖപ്പെടുത്തിയത്.

ആ കണക്ക് സസൂക്ഷ്മം പരിശോധിച്ചപ്പോള്‍ ബോധപൂര്‍വ്വം പാര്‍ട്ടി സഖാക്കള്‍ നല്‍കിയ സംഭാവനകള്‍ വരവില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ബോധ്യപ്പെട്ടു.

2016 വര്‍ഷത്തില്‍ സഹകരണ ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 70.5 ലക്ഷം രൂപ വരവില്‍ ഉള്‍പ്പെടുത്തിയില്ല. കൂടാതെ നിക്ഷേപം വഴി ലഭിക്കേണ്ടുന്ന പലിശയും ഉള്‍പ്പെടുത്തിയില്ല.

അത് ഉള്‍പ്പെടുത്തിയാല്‍ എഴുപത് ലക്ഷത്തില്‍ അധികം തുക പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനായ് സമാഹരിച്ചതില്‍ മിച്ചം ഉണ്ടാവണം, അത് കണക്കില്‍ കാണിക്കാതെ ബോധപൂര്‍വ്വം അപഹരിക്കുകയാണ് ഉണ്ടായത്.

അത് കൂടാതെ, ഇതേ കള്ളക്കണക്കിന്റെ ബലത്തില്‍ സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് വക മാറ്റി എന്ന് കാണിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ മിച്ചമുണ്ടായ കണക്കില്‍ ഗൂഢോദ്ദേശം വച്ച് കണക്ക് വരവ് കാണിക്കാതിരുന്നതിന്റെയും, ധനരാജ് ഫണ്ട് വക മാറ്റിയതിന്റെയും ഉദ്ദേശം ധനാപഹരണമാണ്.

ഈ വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ പുതിയ കണക്കുമായി ടി വിശ്വനാഥന്‍ അവതരിച്ചു.

ഈ പുതിയ കണക്ക് 2017 ല്‍ ടിഐ മധുസൂദനന്‍ അവതരിപ്പിച്ച കണക്കില്‍ സൂചിപ്പിച്ച ചിലവിനേക്കാള്‍ 31.5 ലക്ഷം അധികം ചിലവ് കാണിച്ച മറ്റൊരു കണക്കായിരുന്നു.

രേഖപ്പെടുത്തിയ വരവ് ഇത്രപോരാ എന്ന് ആധികാരികമായി തെളിവ് സഹിതം മുന്നോട്ട് വയ്ക്കുമ്പോള്‍, എങ്കില്‍ ചിലവും ഇത്രപോരാ എന്നാലേ തങ്ങള്‍ അപഹരിച്ച കണക്ക് ടാലിയാകൂ എന്ന കുബുദ്ധിയാണ് അന്ന് ടി ഐ മധുസൂദനനും, ടി വിശ്വനാഥനും ചേര്‍ന്ന് നടത്തിയത്.

ഈ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ 2017 ല്‍ നേരത്തേ ചിലവില്‍ ഉള്‍പെടുത്തിയ വൗച്ചറുകള്‍ വീണ്ടും മറ്റൊരു ചിലവായ് ഉള്‍പ്പെടുത്തി കള്ളകണക്കാക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മിനുട്‌സ് ബുക്ക് ടിഐ മധുസൂദനന്റെ നേതൃത്വത്തില്‍ രഹസ്യമായി ഒളിച്ച് കടത്തുകയും ചെയ്തു.

പാര്‍ട്ടിക്ക് വിഭവങ്ങള്‍ കുറഞ്ഞ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി പാര്‍ട്ടിയുടെ വിഭവങ്ങളെ ചൂഷണം ചെയ്യുന്ന സ്വാര്‍ത്ഥ നേതൃത്വമായി ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് പാര്‍ട്ടിയെ നയിക്കുന്ന ഒരു രീതിയേയും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.

ഞാന്‍ സത്യം ഉറക്കെ പറഞ്ഞതിന്റെ ഭാഗമായി എന്നെ പുറത്താക്കിയപ്പോള്‍ വര്‍ഗ്ഗവഞ്ചക ചാപ്പയടിച്ച് പയ്യന്നൂരില്‍ പാര്‍ട്ടി നേതൃത്വം നടത്തിയ പ്രകടനത്തിന് നേതൃത്വം നല്‍കിയത് ധനാപഹരണം നടത്തിയവരായിരുന്നു. അവരുടെ ആഹ്ലാദത്തെ പ്രകടിപ്പിക്കാന്‍ ആശ്രിതരെ ഉപയോഗിച്ച് ചരിത്രത്തിലാദ്യമായി പുറത്താക്കപ്പെട്ട സഖാവിന്റെ വീടിനുമുന്നില്‍ പടക്കം പൊട്ടിച്ച് അവര്‍ ആഘോഷിച്ചു.

നുണകള്‍കൊണ്ട് എത്ര വലിയ കോട്ടകള്‍ കെട്ടിയാലും, നിങ്ങളുടെ അധികാരത്തോട് വിദേയപ്പെട്ട ആശ്രിതരെക്കൊണ്ട് ഭീഷണിപ്പെടുത്താന്‍ നോക്കിയാലും സത്യത്തിന്റെ ശക്തി അതിനെയെല്ലാം തച്ചുടക്കുക തന്നെ ചെയ്യും. അതുകൊണ്ട് നാം ഉറക്കെ തന്നെ പറയണം.

'നേതൃത്വത്തെ അണികള്‍ തിരുത്തട്ടെ' എന്ന്.

ഇത് അഴിമതിക്കെതിരെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ആ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. തെളിവുകളും രേഖകളുമൊന്നും അവസാനിക്കുന്നില്ല. നിങ്ങള്‍ ഒന്ന് കൊണ്ടും 'ധൈര്യപ്പെടേണ്ട.'


Full View

Similar News