ആലം പൊടിച്ച് മായം ചേര്‍ക്കല്‍: ഒരു ഗ്രാമില്‍ പകുതിയും വ്യാജം; എം.ഡി.എം.എയില്‍ 'ആലം' ചേര്‍ത്ത് വന്‍ ലാഭം; കൊച്ചിയില്‍ ലഹരിമരുന്ന് വില്‍പനക്കാരന്‍ പിടിയില്‍
കൊച്ചി: ബംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന എം.ഡി.എം.എയില്‍ 'ആലം' കല്ല് പൊടിച്ച് ചേര്‍ത്ത് തൂക്കം കൂട്ടി വില്‍പന നടത്തിവന്ന യുവാവ് കൊച്ചിയില്‍ പിടിയിലായി. ഇന്‍ഫോപാര്‍ക്കിലെ കാര്‍ ഡ്രൈവറായ ചാവക്കാട് സ്വദേശി ഷാഫി (30) ആണ് 30 ഗ്രാം ലഹരിമരുന്നുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ വലയിലായത്.
ബംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എം.ഡി.എം.എ കേരളത്തിലെത്തിച്ച് ഗ്രാമിന് 3,000 രൂപ മുതല്‍ 5,000 രൂപ വരെ ഈടാക്കിയാണ് പ്രതി വിറ്റിരുന്നത്. എന്നാല്‍ ലാഭം ഇരട്ടിയാക്കാന്‍ ഇയാള്‍ കണ്ടെത്തിയ മാര്‍ഗ്ഗം ലഹരിമരുന്നില്‍ ആലം കല്ല് പൊടിച്ച് ചേര്‍ക്കുക എന്നതായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എ ആവശ്യപ്പെടുന്ന ഇടപാടുകാരന് നല്‍കുന്നതില്‍ പകുതിയോളം ആലം പൊടിയായിരിക്കും. ഇത്തരത്തില്‍ തൂക്കം കൃത്രിമമായി വര്‍ദ്ധിപ്പിച്ച് ടെക്കികളെയും വിദ്യാര്‍ത്ഥികളെയും ഇയാള്‍ കബളിപ്പിച്ചു വരികയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ലഹരി വിരുദ്ധ നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് ഷാഫി കുടുങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് തുതിയൂര്‍ കോളനി ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് കൈമാറാനായി റോഡരികില്‍ നില്‍ക്കുമ്പോള്‍ ഡാന്‍സാഫ് സംഘം വളയുകയായിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും 30 ഗ്രാം എം.ഡി.എം.എയും വില്‍പനയിലൂടെ ലഭിച്ച 50,000 രൂപയും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് എസ്.എച്ച്.ഒ സ്ഥലത്തെത്തി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലെ ചില ജീവനക്കാരും നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികളുമാണ് ഇയാളുടെ പ്രധാന ഇടപാടുകാരെന്ന് വ്യക്തമായിട്ടുണ്ട്.
ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ്, വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു. അറസ്റ്റിലായ ഷാഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.