ജീവവായു കിട്ടാതെ പിടയുന്ന അച്ഛന് ഒരിറ്റു വെള്ളവുമായി മകൾ; കോവിഡ് പടരുമോ എന്ന ഭീതിയിൽ മകളെ തടഞ്ഞ് അമ്മ; അലറിക്കരയുന്ന മകൾക്കുമുന്നിൽ ദാരുണ അന്ത്യം; കോവിഡ് കാലത്തെ കണ്ണീരണിയിക്കുന്ന ഈ ദൃശ്യങ്ങൾ ആന്ധ്രയിൽനിന്ന്
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി തുടരുകയാണ്. വേദനിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങളാണ് പലയിടങ്ങളിൽനിന്നും കാണാൻ കഴിയുന്നത്. അത്തരത്തിലൊരു ചിത്രമാണ് ആന്ധ്രാപ്രദേശിൽനിന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോവിഡ് ബാധിതനായി വീടിനു സമീപം തളർന്നു കിടക്കുന്ന അച്ഛന് വെള്ളം നൽകാൻ ശ്രമിക്കുന്ന കൗമാരക്കാരിയായ മകളെ തടയുന്ന അമ്മയുടെ ദൃശ്യമാണിത്.
Heart-wrenching!! Unable to see the plight of his #COVID19 infected father, daughter went and poured water in his throat despite mother's objection. However, he breathed his last. #Srikakulam reported 2398 fresh #coronavirus cases (#AndhraPradesh 20,0034 new cases, and 82 deaths) pic.twitter.com/grNvwZ1s4X
- Aashish (@Ashi_IndiaToday) May 5, 2021
കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന അച്ഛനെ കണ്ട് ആ മകൾക്ക് അധിക നേരം അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല. വെറും നിലത്തു മരണാസന്നനായി കിടന്നു പിടയുന്ന അച്ഛന്റെ അരികിലേക്ക് ഒരു കുപ്പി വെള്ളവുമായി അവൾ ഓടി. അവസാന നിമിഷം, ഒരിറ്റു വെള്ളമെങ്കിലും അച്ഛന് കൊടുക്കാനായിരുന്നു ആ ഓട്ടം.
എന്നാൽ, ഓക്സിജനോ ആശുപത്രിയോ ബെഡോ ഇല്ലാതെ, രോഗതീവ്രതയിൽ പിടയുന്ന അച്ഛനരികിലേക്ക് മകളെ വിടാതെ അമ്മ അപകടമാണ് എന്നു പറഞ്ഞ് പിടിച്ചുവെച്ചു. അന്നേരവും അപ്പുറത്ത് ഞരക്കം കേൾക്കാം. മകൾ അമ്മയെ തട്ടിമാറ്റി വീണ്ടും ഓടി.
അച്ഛനരികിലെത്തി മുഖം താഴ്‌ത്തി അവൾ വെള്ളം വായിലേക്ക് ഇറ്റിച്ചു നൽകി. ലോകത്തെയാകെ കരയിക്കുംവിധം അവൾ നിലവിളിച്ചുകൊണ്ടിരുന്നു. അമ്മ വീണ്ടും വീണ്ടും മകളെ പിടിച്ചു വലിച്ചു. അധികം വൈകിയില്ല, എല്ലാ വേദനകളിൽനിന്നും ആ അച്ഛൻ മരണത്തിലേക്ക് മറഞ്ഞു. കോവിഡ് രോഗ തീവ്രതയിൽ അദ്ദേഹം മരിച്ചു.
ആന്ധ്രയിൽനിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ. സമീപവാസിയായ ആരോ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ അതിവേഗമാണ് വാട്ട്സാപ്പിലൂടെ വൈറലായത്. അതിനു പിന്നാലെയാണ് എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്നതിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
പെൺകുട്ടിയുടെ പിതാവ് ജോലിചെയ്തിരുന്നത് വിജയവാഡയിലാണ്. മരണം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 470 കിലോ മീറ്റർ അകലെ. കോവിഡ് ബാധിച്ചതിനെ തുടർന്ന്, പത്ത് മണിക്കൂറോളം യാത്ര ചെയ്ത് അദ്ദേഹം ശ്രീകാകുളത്തെ സ്വന്തം വീട്ടിലേക്ക് ചെന്നതാണ്. എന്നാൽ, ഗ്രാമവാസികൾ അദ്ദേഹത്തെ തടഞ്ഞു.
കോവിഡ്ബാധിച്ച ഒരാൾ ഗ്രാമത്തിൽ കഴിയരുത് എന്ന് ശാഠ്യം പിടിച്ചു. അങ്ങനെ ഗ്രാമാതിർത്തിയിലെ ഒരു പാടത്ത്, ഒരു കൂര കെട്ടിയുണ്ടാക്കി അമ്പതുകാരനായ അദ്ദേഹത്തെ താമസിപ്പിച്ചു. ഭാര്യയെയും മകളെയും കൂടി അവർ കൂരയിലേക്ക് വിട്ടു. കൂരയ്ക്കു മുന്നിലെ, വെറും നിലത്തു കിടന്ന പിതാവ്, മകളുടെ മുന്നിലാണ് പിടഞ്ഞു പിടഞ്ഞ് മരിച്ചത്.
ന്യൂസ് ഡെസ്ക്