മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു; എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വ്യക്തമാക്കണം; കള്ളപ്രചാരണം ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍; സ്വര്‍ണക്കടത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിംലീഗ്
മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം
മലപ്പുറം: സ്വര്‍ണ്ണക്കടത്ത് പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. എത്ര രാജ്യദ്രോഹ കുറ്റങ്ങള്‍ മലപ്പുറത്ത് റജിസ്റ്റര്‍ ചെയ്തുവെന്നും എത്ര പേരെ ശിക്ഷിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ജില്ലയില്‍ നടന്ന പല സ്വര്‍ണം പൊട്ടിക്കല്‍ കേസുകളില്‍ പിടിയിലായത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ആരോപിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമര്‍ശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും പറഞ്ഞു. വരും ദിവസങ്ങളില്‍ മലപ്പുറത്തിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമെന്നും ലീഗ് വ്യക്തമാക്കി.
''മലപ്പുറം ജില്ലയില്‍ കള്ളക്കടത്ത് സ്വര്‍ണം പിടിച്ചതിന് കാരണം കരിപ്പൂര്‍ വിമാനത്താവളം ഈ ജില്ലയില്‍ ആണെന്നതാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പരസ്യമായാണ് ഡിപ്ലോമാറ്റിക് ബാഗില്‍ നിന്ന് സ്വര്‍ണം പിടിച്ചത്. ഇതെല്ലാം മലപ്പുറം ജില്ലയുടെ തലയില്‍ ഇടണോ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മലപ്പുറം ജില്ലയെയാകെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ മലപ്പുറത്തെ അപമാനിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനും സ്വന്തം കുടുംബം ചെയ്ത വൃത്തികേടുകള്‍ മറച്ചുവയ്ക്കാനും ഒരു പ്രദേശത്തെയാകെ അപമാനിക്കുന്ന നടപടിയില്‍നിന്ന് മുഖ്യമന്ത്രി പുറകോട്ട് പോയേ തീരൂ.'' സലാം തുറന്നടിച്ചു.
''തറനേതാവില്‍നിന്ന് മുഖ്യമന്ത്രി ഉയരണം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉത്തരവാദി മലപ്പുറം ജില്ലക്കാര്‍ മൊത്തമാണോ സ്വര്‍ണ്ണക്കടത്ത് പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നുപറയണം. മലപ്പുറത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തുന്നത് ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാരിനെയും സന്തോഷിപ്പിക്കാനാണ്. അതിനുതെളിവാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. എല്ലാം എവിടെ പോയി. ലാവലിന്‍ കേസ് എത്ര തവണ മാറ്റിവച്ചു. മന്ത് മുഖ്യമന്ത്രിയുടെ കാലിനാണ്. അന്‍വറിനെ പോലെ കൂടെക്കിടക്കുന്നവര്‍ക്ക് രാപ്പനി അറിയാം. വരും ദിവസങ്ങളില്‍ പ്രതിഷേധം ആളിക്കത്തും'' സലാം കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന സ്വര്‍ണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരില്‍ ഏറെയും കണ്ണൂര്‍ ജില്ലക്കാരാണ്. കണ്ണൂര്‍ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയില്‍ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപോലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തറ നേതാവില്‍ നിന്ന് അല്പമെങ്കിലും ഉയരാന്‍ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്‌സാവഹമായ പ്രസ്താവനയാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവര്‍ക്കുമേല്‍ ആരോപണങ്ങള്‍ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അന്‍വര്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ഉത്തരവാദി മലപ്പുറം ജില്ലയാണോ ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.