പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു; തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; മറുപടിയില്‍ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടിയാണ്; ചോദ്യം ചെയ്യല്‍ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് അടൂര്‍ പ്രകാശ്; യുഡിഎഫ് കണ്‍വീനറെ അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍; യുഡിഎഫ് പ്രതിരോധത്തില്‍
പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു; തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ പത്തനംതിട്ട എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് മൊഴിനല്‍കി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മറുപടിയില്‍ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടി ആണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചിട്ടില്ല. എന്റെ മറുപടിയില്‍ അവ്യക്ത ഉണ്ടോയെന്നു പറയേണ്ടത് ഉദ്യോഗസ്ഥരാണ്. ചോദ്യംചെയ്യാന്‍ വിളിച്ചിപ്പിച്ചതില്‍ അസ്വാഭാവികത ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെയാണ് അടൂര്‍ പ്രകാശിനെ എസ്‌ഐടി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. മൂന്നുമണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതുമെല്ലാം ചോദ്യംചെയ്യലില്‍ ഉള്‍പ്പെട്ടതായാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടി യുഡിഎഫ് കണ്‍വീനറെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഇത് യുഡിഎഫിന് രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുകയും ചെയ്തു. ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ സമ്മതിച്ച അടൂര്‍ പ്രകാശ് ശബരിമല കേസുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിരുന്നു.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യട്ടെയെന്നും സിപിഎം തന്നെ ഏറ്റവും വലിയ കെണിയില്‍ അകപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും കുറ്റങ്ങള്‍ മറ്റുള്ളവരില്‍ ചാരാന്‍ പരിശ്രമം നടത്തുകയാണ്. മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. എസ് ഐ ടി അന്വേഷിക്കുന്നുണ്ടല്ലോ, എല്ലാം അന്വേഷിക്കട്ടെ.പോറ്റിക്കൊപ്പം ഉള്ള എന്റെയും ചിത്രം കിട്ടുമോ എന്ന് നോക്കട്ടെ, ഇതുവരെ കിട്ടിയിട്ടില്ലല്ലോ. വെറുതെ ചെളി വാരി എറിഞ്ഞാല്‍ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി ധരിക്കരുത്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ സ്വന്തം സ്ഥിതി വഷളാക്കും. ഹാ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല'' എന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് മൊഴി നല്‍കിയിരുന്നു. ''വെഞ്ഞാറംമൂടിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്.
കെപിസിസിയുടെ ജനറല്‍ സെക്രട്ടറി രമണി പി. നായര്‍ക്കൊപ്പമാണ് അന്ന് വീട്ടില്‍പോയത്. പോറ്റി ബംഗളൂരുവില്‍ വെച്ച് തന്ന കവറില്‍ ഈത്തപ്പഴം ആയിരുന്നു.അപ്പോള്‍ തന്നെ അവിടെയുള്ള ആളുകള്‍ക്ക് അതൊക്കെ കൊടുക്കുകയും ചെയ്തു. ബംഗളൂരുവില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാന്‍ വന്നത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയത് എന്നാണ് ഓര്‍മ.
പോറ്റിക്കൊപ്പം സോണിയാഗാന്ധിയെ കാണാന്‍ പോയിട്ടുണ്ട്. സോണിയാഗാന്ധിയെ കാണാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്നും എംപിയെന്ന നിലയില്‍ വരണമെന്ന് പറഞ്ഞു.അതുകൊണ്ടാണ് അന്ന് പോയത്.തന്നെ കാണാന്‍ വരുന്നവരെ മാന്യമായി കാണുകയാണ് ഒരു പൊതുപ്രവര്‍ത്തകന്റെ കടമ.സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങിലും എന്നെ വിളിക്കാറുണ്ട്.സമയത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റേതെങ്കിലും സമയത്ത് ഞാനവിടെ പോകാറുണ്ട്'' എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.
പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അടൂര്‍ പ്രകാശിന് പോറ്റി സമ്മാനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ബംഗളൂരുവില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം. നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്‍കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
