വിവാഹത്തിന് പന്തലൊരുങ്ങി; പൊന്നും ചമയങ്ങളുമണിയാന്‍ വധുവും റെഡി; പക്ഷേ വരന്‍ മാത്രം ഇല്ല: സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങി വരന്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത് ബിഹാറിലെ 400 ഓളം കല്ല്യാണ ചെക്കന്മാര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി ബിഹാറിലെ 400 ഓളം കല്ല്യാണ ചെക്കന്മാര്‍

Update: 2026-03-24 01:58 GMT

ഗയ: വിവാഹത്തിന് പന്തലൊരുക്കി നാട്ടുകാരെ എല്ലാം ക്ഷണിച്ച് കാത്തിരിപ്പിലാണ് ബിഹാറിലെ ഒരു ഗ്രാമത്തിലെ പല വീടുകളും. നാടും വീടും വധുവും എല്ലാം കല്ല്യാണത്തിനായി ഒരുങ്ങി എങ്കിലും വരന്‍ മാത്രം നാട്ടിലെത്താത്തതാണ് പലരുടെയും ചങ്കിടിപ്പേറ്റുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വരന്‍ മാത്രം സ്ഥലത്തില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ഇവര്‍. ബിഹാറിലെ നിരവധി നവവരന്മാരാണ് കല്ല്യാണ ദിവസമടുത്തിട്ടും നാട്ടിലെത്താനാവാതെ ഗള്‍ഫില്‍ കുടുങ്ങിയത്.

മാര്‍ച്ച് 30നാണ് മിന്‍ഹാസ് എന്ന യുവാവിന്റെ നിക്കാഹ്. സര്‍വാഭരണ വിഭൂഷിതയായി കല്യാണപ്പെണ്ണും ഒരുങ്ങി. എല്ലാവരും ആഘോഷത്തിമിര്‍പ്പിലാകുമ്പോള്‍ പക്ഷേ, വരന്‍ മാത്രം സ്ഥലത്തില്ല. പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയില്‍ കുവൈത്തില്‍നിന്ന് വരാന്‍ സാധിക്കാത്ത നിര്‍ഭാഗ്യകരമായ അവസ്ഥയിലാണ് വരന്‍ മിന്‍ഹാസ്. ഇതോടെ അങ്കലാപ്പിലായിരിക്കുകയാണ് വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍.

ബീഹാറിലെ ഗയ ജില്ലയിലെ 400ഓളം യുവാക്കളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ബിഹാറിലെ ഗയ ജില്ലയിലെ ഷേര്‍ഘാട്ടി ബ്ലോക്കില്‍ ഖണ്ഡൈല്‍ എന്ന ഗ്രാമത്തിലാണ് വരന്‍മാര്‍ എത്താത്തതിനാല്‍ വിവാഹം ത്രിശങ്കുവിലായിരിക്കുന്നത്. ഇവിടെ ഡസന്‍ കണക്കിന് യുവാക്കളുടെ വിവാഹമാണ് ഈ മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മിക്കവരും ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതുമാണ് ഇവരുടെ മടക്കയാത്രയ്ക്ക് വിലങ്ങ് തടിയായത്.

ഗള്‍ഫ് പണംകൊണ്ട് പടുത്തുയര്‍ത്തിയ ഗ്രാമമാണ് ഖണ്ഡൈല്‍. ഓരോ വീട്ടിലും ചുരുങ്ങിയത് ഒരാളെങ്കിലും പ്രവാസിയാണ് ഈ ഗ്രാമത്തില്‍. ഖണ്ഡൈല്‍ ഗ്രാമത്തില്‍നിന്നും ഇംലിതാന്‍, ജയ്പൂര്‍, രത്തന്‍പൂര്‍, പാണ്ഡൗള്‍ എന്നീ സമീപ ഗ്രാമങ്ങളില്‍ നിന്നുമുള്ള 400ലധികം യുവാക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. ഈദ്, ബക്രീദ് ആഘോഷങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി നാട്ടിലെത്തേണ്ടവരാണ്. ഇതിനിടെ, പാചകവാതക ക്ഷാമവും കുടുംബങ്ങളെ വലക്കുന്നുണ്ട്.

വഴിമുട്ടിയാല്‍ 'ഓണ്‍ലൈന്‍ നിക്കാഹ്'

സാഹചര്യം വഷളായതോടെ ഓണ്‍ലൈന്‍ നിക്കാഹ് എന്ന പുതിയ പോംവഴി തേടുകയാണ് ഗ്രാമവാസികള്‍. വരന്‍ എത്തിയില്ലെങ്കില്‍ നിക്കാഹ് 'ഓണ്‍ലൈന്‍' വഴി നടത്താനുള്ള ആലോചനയിലാണ് പലരും. 'എന്റെ കുടുംബത്തില്‍ തന്നെ രണ്ട് വിവാഹങ്ങളുണ്ട്. ഒരു വരന്‍ ബഹ്റൈനിലും മറ്റൊരാള്‍ ഖത്തറിലുമാണ്. ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ നിക്കാഹ് അല്ലാതെ വേറെ വഴിയില്ല' എന്നാണ് പഞ്ചായത്ത് തലവനായ ജാവേദ് ഖാന്‍ പറയുന്നത്.

Tags:    

Similar News