'എനിക്ക് പിഴവ് പറ്റി..!' ന്യൂയോര്‍ക്കിനെ നടുക്കിയ വിമാനാപകടത്തിന് പിന്നില്‍ ഗുരുതര സുരക്ഷ വീഴ്ച; വിമാനവും ഫയര്‍ ട്രക്കും കൂട്ടിയിടിച്ചത് ഒരേസമയം അനുമതി നല്‍കിയപ്പോള്‍; വീഴ്ച തുറന്നു സമ്മതിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍; വിമാനാപകടത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പങ്കുവെച്ച് യാത്രക്കാരന്‍

Update: 2026-03-23 16:14 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലുണ്ടായ അപകടം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും നല്‍കിയ നിര്‍ദ്ദേശത്തില്‍ സംഭവിച്ച പിഴവ് മൂലമെന്ന് നി ഗമനം. വിമാനത്തിന് ലാന്‍ഡ് ചെയ്യാനും ഫയര്‍ ട്രക്കിന് റണ്‍വേ മുറിച്ചുകടക്കാനും ഒരേസമയം അനുമതി ലഭിച്ചിരുന്നു. ഇത് വലിയൊരു പിഴവായാണ് കണക്കാക്കുന്നത്. ഈ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ വിമാനാപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലുള്ള ചിത്രങ്ങളാണ് ഇയാള്‍ പങ്കുവെച്ചത്. 72 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിനുള്ളിലെ എല്ലാവരും പലയിടങ്ങളിലേക്കും തെറിച്ചുപോയെന്നും ആകെ പരിഭ്രാന്തി നിറഞ്ഞ അവസ്ഥയായിരുന്നുവെന്നും യാത്രക്കാരനായ ജാക്ക് കാബോട്ട് പറഞ്ഞു. 'തുടക്കത്തില്‍ എപ്പോഴും ഉള്ളതുപോലെ ഒരു സാധാരണ യാത്രയായിരുന്നു അത്. എന്നാല്‍ ലാന്‍ഡിംഗ് സമയത്ത് വിമാനം റണ്‍വേയിലേക്ക് വളരെ ശക്തമായാണ് വന്നിറങ്ങിയത്.റണ്‍വേയില്‍ വിമാനം തൊട്ടയുടനെ പൈലറ്റുമാര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചെന്നും, ഏകദേശം രണ്ട് സെക്കന്‍ഡുകള്‍ക്ക് ശേഷം വലിയൊരു ശബ്ദത്തോടെ വിമാനം എന്തിലോ പോയി ഇടിച്ചെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സീറ്റുകളില്‍ നിന്ന് തെറിച്ചുപോയി, വിമാനം നിയന്ത്രണമില്ലാതെ ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിയാന്‍ തുടങ്ങി. ഭീകരമായ അവസ്ഥയായിരുന്നു അത്. വിമാനത്തിന്മേല്‍ ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാത്തതു പോലെയാണ് അപ്പോള്‍ തോന്നിയത്,' അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വ്യക്തി റെഡിറ്റിലൂടെയാണ് തകര്‍ന്ന വിമാനത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 'ശാരീരികമായി എനിക്ക് കുഴപ്പമൊന്നുമില്ല, പക്ഷേ നഷ്ടപ്പെട്ട ജീവനുകളെ ഓര്‍ത്ത് എനിക്ക് വല്ലാതെ വേദനയുണ്ട്' എന്ന് അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച രാവിലെ പുറത്തുവന്ന ദൃശ്യങ്ങളില്‍, റണ്‍വേയില്‍ തകര്‍ന്നു കിടക്കുന്ന വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണുള്ളത്. വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയില്‍ മുട്ടി കിടക്കുന്ന നിലയിലായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതോടെ ഭാരത്തില്‍ വ്യത്യാസം സംഭവിക്കുകയും വിമാനത്തിന്റെ മുന്‍ഭാഗം ഉയരുകയും ചെയ്തതായി പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അപകടത്തെത്തുടര്‍ന്ന് ലാഗ്വാര്‍ഡിയ വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇതിനുപുറമെ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ രാജ്യമുടനീളമുള്ള വിമാനത്താവളങ്ങളില്‍ കനത്ത കാലതാമസവും അനുഭവപ്പെടുന്നുണ്ട്.

'എനിക്ക് പിഴച്ചുപോയി', അപകടത്തിന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍

വിമാനവും ഫയര്‍ ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ തനിക്ക് 'പിഴവ് സംഭവിച്ചു' എന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സമ്മതിച്ചതായി 'LiveATC' പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു. 'അത് കാണാന്‍ അത്ര സുഖമുള്ള ഒന്നായിരുന്നില്ലെന്നാണ് അപകടത്തിന് ശേഷം ഒരു കണ്‍ട്രോളര്‍ പ്രതികരിച്ചത്. 'അതെ, എനിക്കറിയാം ഞാനിവിടെ ഉണ്ടായിരുന്നു. ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അതിനുമുമ്പ് ഞങ്ങള്‍ മറ്റൊരു അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുകയായിരുന്നു. എനിക്ക് പിഴച്ചുപോയി എന്നാണ് കണ്‍ട്രോളര്‍ വെളിപ്പെടുത്തിയത്.

'ഇല്ല സുഹൃത്തേ, നിനക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി നീ ചെയ്തു.' എന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് മറ്റേയാള്‍ പറഞ്ഞത്.,

രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ എന്‍ജിനുകള്‍ ഓഫായ നിലയിലായിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിമാനം ട്രക്കിന്റെ മധ്യഭാഗത്താണ് ഇടിച്ചത്. ഇതേത്തുടര്‍ന്ന് ട്രക്കിന്റെ മുന്‍സീറ്റിലിരുന്ന ഉദ്യോഗസ്ഥര്‍ തെറിച്ചുപോയി. എന്നാല്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിനാണ് (Nose) ആഘാതം പൂര്‍ണ്ണമായും ഏറ്റത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിമാനാപകടത്തില്‍ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചു.

Similar News