യുകെയും കാനഡയും കൈവിട്ടു; മലയാളികള്‍ക്കിനി ജര്‍മ്മനി ശരണം! പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം; ജോലിക്കാണെങ്കില്‍ വന്‍ ഡിമാന്‍ഡ്; പക്ഷേ ജര്‍മ്മന്‍ ഭാഷ പഠിച്ചില്ലെങ്കില്‍ പണി പാളും; ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴരുത്; നിങ്ങള്‍ അറിയേണ്ടതെല്ലാം

മലയാളികള്‍ക്കിനി ജര്‍മ്മനി ശരണം!

Update: 2026-03-23 13:59 GMT

തിരുവനന്തപുരം: മലയാളികളുടെ കുടിയേറ്റ ഭൂപടത്തില്‍ ഇപ്പോള്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന രാജ്യമാണ് ജര്‍മ്മനി. ബ്രിട്ടനും കാനഡയും നിയമങ്ങള്‍ കടുപ്പിച്ചതോടെ മലയാളികള്‍ കൂട്ടത്തോടെ ജര്‍മ്മനിയിലേക്ക് തിരിയുകയാണ്. എന്നാല്‍ ഈ പ്രവാഹത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്താണ്?

ബിബിസി റിപ്പോര്‍ട്ടും 'ഇന്ത്യന്‍' കണക്കുകളും

ജര്‍മ്മനിയില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നതായും ഇന്ത്യക്കാരെ അവര്‍ സ്വാഗതം ചെയ്യുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തത് പ്രതീക്ഷ നല്‍കുന്നു. 2015-ല്‍ വെറും 23,320 ഇന്ത്യക്കാര്‍ മാത്രമുണ്ടായിരുന്ന ജര്‍മ്മനിയില്‍ 2024 ആയപ്പോഴേക്കും അത് 1,36,700 ആയി ഉയര്‍ന്നു.

വൈവിധ്യമാര്‍ന്ന തൊഴിലുകള്‍

ഐടി, നഴ്‌സിംഗ് മേഖലകള്‍ക്ക് പുറമെ കശാപ്പ് ശാലകളില്‍ (Butchery) പോലും ഇന്ത്യക്കാര്‍ക്ക് വലിയ അവസരങ്ങളുണ്ട്. കേരളത്തില്‍ നിന്നുള്ള അനഖ മറിയം ഷാജി എന്ന യുവതി ജര്‍മ്മനിയിലെ കശാപ്പ് ശാലയില്‍ അപ്രന്റിസ് ആയി എത്തിയ കഥ ബിബിസി റിപ്പോര്‍ട്ട് ചെയ്തത് ഇതിന് ഉദാഹരണമാണ്.


Full View

വിദ്യാഭ്യാസ സാധ്യതകള്‍ (പബ്ലിക് vs പ്രൈവറ്റ്)

ജര്‍മ്മനിയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് സാന്റാമോണിക്ക (Santamonica) ഉടമ ഡെന്നി തോമസുമായുള്ള സംഭാഷണത്തിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ്: പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ ട്യൂഷന്‍ ഫീസ് പൂര്‍ണ്ണമായും സൗജന്യമാണ്. എന്നാല്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം ലഭിക്കൂ. പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളില്‍ പബ്ലിക് യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ച് ഫീസ് ഉണ്ടെങ്കിലും യുകെ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്.

ഭാഷ - ഏറ്റവും വലിയ കടമ്പ

ജര്‍മ്മനിയില്‍ ഏത് ജോലി നേടാനും ജര്‍മ്മന്‍ ഭാഷ (German Language) അനിവാര്യമാണ്. നഴ്‌സിംഗ് പോലുള്ള മേഖലകളില്‍ കുറഞ്ഞത് B1 അല്ലെങ്കില്‍ B2 ലെവല്‍ പ്രാവീണ്യം വേണം.

ഇംഗ്ലീഷ് മാത്രം അറിഞ്ഞതുകൊണ്ട് പാര്‍ട്ട് ടൈം ജോലി കണ്ടെത്താനോ അവിടെ സെറ്റില്‍ ആകാനോ കഴിയില്ല.

റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍: ജാഗ്രത!

ജര്‍മ്മന്‍ മോഹം മുതലെടുത്ത് നാട്ടില്‍ തട്ടിപ്പ് ഏജന്‍സികള്‍ പെരുകുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs) വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സികളെ മാത്രം വിശ്വസിക്കുക. പെട്ടെന്ന് മുളച്ചുപൊന്തുന്ന ഏജന്‍സികള്‍ക്ക് പണം നല്‍കരുത്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള, ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രം സമീപിക്കുക.

വിദ്യാര്‍ത്ഥി വിസയില്‍ പോകുന്നവര്‍ ഏകദേശം 12 ലക്ഷം രൂപയോളം (11,904 Euro) ജര്‍മ്മന്‍ ബാങ്കില്‍ നിക്ഷേപിക്കണം. ഇതില്‍ നിന്നും നിശ്ചിത തുക മാത്രമേ ഓരോ മാസവും പിന്‍വലിക്കാന്‍ കഴിയൂ.

സാങ്കേതിക മേഖലയിലുള്ളവര്‍ക്കും (Technical/Engineering), ഹെല്‍ത്ത് കെയര്‍ രംഗത്തുള്ളവര്‍ക്കും ജര്‍മ്മനി വലിയ വാഗ്ദാനമാണ് നല്‍കുന്നത്.. എന്നാല്‍ കൃത്യമായ ഭാഷാ പഠനവും അംഗീകൃത ഏജന്‍സികള്‍ വഴിയുള്ള നീക്കങ്ങളും മാത്രമേ വിജയം കാണൂ എന്ന കാര്യം ശ്രദ്ധിക്കുക.

Tags:    

Similar News