ആചാരങ്ങളില്‍ തൊടാന്‍ അനുവദിക്കില്ല! ശബരിമലയുടെ പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍; നൈഷ്ഠിക ബ്രഹ്‌മചര്യ ഭാവം സംരക്ഷിക്കണം; തന്ത്രിയും ബോര്‍ഡും ഒറ്റക്കെട്ട്; ഭരണഘടനാ അവകാശം ആയുധമാക്കി ദേവസ്വം ബോര്‍ഡ്; പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് തുടരണമെന്ന് ആവശ്യം

ശബരിമലയുടെ പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

Update: 2026-03-23 14:47 GMT

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ശക്തമായി ന്യായീകരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍. ശബരിമല ഒരു പ്രത്യേക വിഭാഗ ക്ഷേത്രമാണെന്നും, മതപരമായ കാര്യങ്ങളില്‍ സ്വയം തീരുമാനമെടുത്ത് നടപ്പാക്കാനുള്ള അവകാശം ഭരണഘടനാപരമായി തങ്ങള്‍ക്കുണ്ടെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എഴുതി തയ്യാറാക്കിയ വാദത്തില്‍ വ്യക്തമാക്കി.

പ്രത്യേക മതവിഭാഗ ക്ഷേത്രങ്ങള്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 26 (2) (ബി) പ്രകാരം മതപരമായ കാര്യങ്ങളില്‍ തീരുമാനമെടുത്തു നടപ്പാക്കാനുള്ള അധികാരമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്. ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങളുണ്ടെങ്കിലും, അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയായി കുടികൊള്ളുന്ന ഏക ക്ഷേത്രം ശബരിമലയിലേതാണെന്നും ബോര്‍ഡ് തങ്ങളുടെ വാദത്തില്‍ ചൂണ്ടിക്കാട്ടി.

സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ ഈ വാദം ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ പി.എസ്. സുധീറാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. പ്രത്യേക മതവിഭാഗത്തെ സംബന്ധിച്ച വിവിധ സുപ്രീം കോടതി വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ശബരിമലയുടെ പ്രത്യേക പദവി വ്യക്തമാകുമെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് തന്ത്രി കണ്ഠരര് രാജീവരരും സമാനമായ നിലപാടോടെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്‌മചര്യ ഭാവമാണ് ശബരിമലയുടെ പ്രധാന പ്രത്യേകതയെന്നും അതിനാല്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നുമാണ് ഇരുകൂട്ടരുടെയും പ്രധാന വാദം.

നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തരുതെന്നും യുവതീപ്രവേശനം തടയണമെന്നുമാണ് തന്ത്രി കണ്ഠരര് രാജീവരര് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ദേവപ്രശ്‌നത്തിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ദൈവിക സന്ദേശങ്ങളായി കണക്കാക്കണമെന്നും, പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്‌മചര്യത്തിന് ഭംഗം വരുത്തുന്ന യാതൊന്നും അനുവദിക്കരുതെന്നും തന്ത്രി ബോധിപ്പിച്ചു. പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ആചാരപരമായതിനാല്‍ വിവേചനമായി കണക്കാക്കാനാകില്ലെന്നും, താന്ത്രിക വിധികള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ തീരുമാനങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കൊപ്പം മതപരമായ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

Tags:    

Similar News