മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫിന്റെ പേരിന് സാമ്യമുള്ള അഷ്റഫ് കെ.എമ്മിനെ കളത്തിലിറക്കി എസ്ഡിപിഐ; കെ സുരേന്ദ്രനും ഒരു അപരന്‍; ബേപ്പൂരില്‍ റിയാസിനും അന്‍വറിനുമെതിരെ 'അപരന്മാരുടെ വിളയാട്ടം'; പികെ ശശിയുടെ അപരന്‍ പികെ ശശി; ധര്‍മ്മടത്ത് പോരാടാന്‍ എം വിജയന്‍; ജി. സുധാകരന്റെ അപരന്‍ പഴയ സഹപ്രവര്‍ത്തകന്‍; വോട്ടുചോര്‍ത്താന്‍ അപരന്മാര്‍ കച്ചമുറുക്കുമ്പോള്‍ പ്രമുഖര്‍ നെട്ടോട്ടത്തില്‍!

Update: 2026-03-23 15:27 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ വോട്ടുചോര്‍ത്താന്‍ അപരന്മാര്‍ രംഗത്തിറങ്ങുന്നത് പതിവ് കാഴ്ചയാണെങ്കിലും ഇത്തവണ പ്രമുഖ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും അപരന്‍മാരുടെ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. മന്ത്രി മുഹമ്മദ് റിയാസ്, പി.വി. അന്‍വര്‍, ജി. സുധാകരന്‍ തുടങ്ങിയ പ്രമുഖരെല്ലാം ഇത്തവണ അപരഭീഷണി നേരിടുന്നുണ്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ നാല് അപരന്മാരുണ്ട്. അന്‍വറിന്റെ പേരിനോട് സാമ്യമുള്ളവര്‍ പത്രിക നല്‍കിയതോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തില്‍ അത് വലിയ വെല്ലുവിളിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റിയാസിനെതിരെ അപരന്‍മാര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് അപരന്‍മാരുണ്ടായിട്ടും റിയാസ് 28, 747 വോട്ടിനാണ് വിജയിച്ചത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും സ്ഥാനാര്‍ഥിമാരുടെ പേരിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊടുമ്പിരി കൊള്ളുകയാണ്. മണ്ഡലത്തില്‍ എസ്ഡിപിഐ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുടെ പേരിലാണ് വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്റഫിന്റെ പേരിന് സാമ്യമുള്ള അഷ്റഫ് കെ.എമ്മിനെയാണ് എസ്ഡിപിഐ കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന് ഒരു അപരനുമാണുള്ളത്.

എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഷ്റഫ് കെ.എം സംഘടനാ, സാമൂഹ്യ മേഖലകളില്‍ അഷ്റഫ് ബഡാജെ എന്നാണ് അറിയപ്പെടുന്നത്. ഈ പേര് ഒഴിവാക്കി അഷ്റഫ് കെ.എം എന്ന പേരിലാണ് ഇപ്പോള്‍ പ്രചാരണം. രേഖകളിലുള്ള യഥാര്‍ത്ഥ പേര് തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്നാണ് അഷ്റഫിന്റെ വാദം.

എസ്ഡിപിഐയുടെ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമാണ് അഷ്റഫ് ബഡാജെ. ഈ പേര് ഒഴിവാക്കി അഷ്റഫ് കെ.എം എന്ന പേരില്‍ മത്സരത്തിനിറങ്ങുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അതേസമയം, ബിജെപി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും എസ്ഡിപിഐക്കുമായി ഭിന്നിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍. ഭൂരിപക്ഷ വോട്ടുകളുടെ പൂര്‍ണമായ ഏകീകരണത്തിനാണ് ഇത്തവണ ബിജെപി ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കുകയും മറ്റ് വോട്ടുകള്‍ ഏകീകരിക്കാനുമായാല്‍ അട്ടിമറി സാധ്യമാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജനകീയ സ്വതന്ത്രന്‍ ജി. സുധാകരനെതിരെ അദ്ദേഹത്തിന്റെ പഴയ സഹപ്രവര്‍ത്തകന്‍ തന്നെ അപരനായി എത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ അപര സ്ഥാനാര്‍ത്ഥിത്വം. പാതിരപ്പള്ളി സ്വദേശിയായ വികെ സുധാകരനാണ് പത്രിക നല്‍കിയത്. വിഎസ് അച്യുതാനന്ദന്‍ പക്ഷക്കാരനായ വികെ സുധാകരന്‍ മുന്‍പ് പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം പിന്നീട് ചെത്തു തൊഴിലാളി യൂണിയനില്‍ സജീവമായിരുന്നു.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പികെ ശശിക്കെതിരെ അതേ പേരില്‍ തന്നെയുള്ള അപരന്‍ പത്രിക നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പ്രേംകുമാറിനും അപരനുണ്ട്. കെ. പ്രേമദാസന്‍ എന്ന പേരില്‍ ആണ് ഇവിടെ ഒരാള്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന് വെല്ലുവിളിയായി പേരിനോട് സാമ്യമുള്ള തോമസ് എഎ ഇരിങ്ങാലക്കുടയില്‍ പത്രിക നല്‍കിയിട്ടുണ്ട്.

വട്ടിയൂര്‍ക്കാവില്‍ കെ.പ്രശാന്താണ് അപരന്‍. കെ.പ്രദീപാണ് വൈക്കത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ അപരന്‍. മട്ടന്നൂരില്‍ വി.കെ.സനോജിന്റെ അപരന്‍ മേലൂര്‍ സ്വദേശി സനോജാണ്. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കരീം ചേലേരിക്ക് രണ്ട് അപരന്‍മാരുണ്ട്. ഇടതു സ്ഥാനാര്‍ഥി കെ.വി.സുമേഷിന് അപരനായി കെ.സുമേഷ്‌കുമാര്‍ രംഗത്തുവന്നു. പേരാവൂരില്‍ സണ്ണി ജോസഫിനും കെ.ക. ശൈലജയ്ക്കും അപരന്‍മാരുണ്ട്. മുഹമ്മദ് റിയാസിന് രണ്ട് അപരന്‍മാര്‍.

ഇന്ന് വൈകിട്ട് മൂന്നിനാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്. പ്രമുഖരായ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും തലവേദന സൃഷ്ടിച്ചുകൊണ്ട് അപരന്മാര്‍ കളത്തിലിറങ്ങിയേക്കും. പേരാവൂര്‍ മണ്ഡലത്തില്‍ കെ.കെ ശൈലജയുടെയും സണ്ണി ജോസഫിന്റെയും പേരില്‍ അപരന്മാരുണ്ട്. സണ്ണി ജോസഫിന് രണ്ടും ശൈലജയ്ക്ക് ഒരു അപരനുമാണുള്ളത്. ധര്‍മടത്ത് എം.വിജയന്‍ എന്ന പേരിലും സ്വതന്ത്രന്‍ മത്സരിക്കും.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് രണ്ട് അപരന്മാര്‍, ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രന്‍ പി.കെ ശശി, കൊയിലാണ്ടിയില്‍ പ്രവീണ്‍കുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഫാത്തിമ തഹ്ലിയ, നജീബ് കാന്തപുരം, പി.കെ നവാസ് എന്നിങ്ങനെ നിരവധി പ്രമുഖരെയും അപരശല്യം വലയ്ക്കുന്നുണ്ട്. കൂടാതെ, പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്റെ പേരിലും പൊന്നാനിയില്‍ എം.കെ സക്കീറിന്റെ പേരിലും അപരന്മാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളുടെ പേരിനോടുള്ള സാമ്യം വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്ന തന്ത്രമാണിത്. പലപ്പോഴും വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന കുറഞ്ഞ വോട്ടുകള്‍ ഇത്തരം അപരന്മാര്‍ പിടിച്ചെടുക്കാറുണ്ട്. അതിനാല്‍, വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ചിഹ്നവും ബാലറ്റിലെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി കൊടുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വലിയ പരിശ്രമം തന്നെ നടത്തേണ്ടി വരും.

നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും.  തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.

Similar News