ഇറാനുവേണ്ടി വാഹനങ്ങളും വസ്തുക്കളും വരെ എഴുതിക്കൊടുത്ത് കശ്മീരികള്‍; പെരുന്നാള്‍ ദിനത്തില്‍ വീടുകയറി പിരിവ്; സ്വര്‍ണ്ണവും വെള്ളിയും കന്നുകാലികളും ചെമ്പുപാത്രങ്ങളുമായി കോടികള്‍ സംഭാവന; ബുഡ്ഗാം, ബാരാമുള്ള ജില്ലകളിലെ ഷിയാകേന്ദ്രങ്ങില്‍ വന്‍ ചലനം; നന്ദി പറഞ്ഞ് ഇറാന്‍ എംബസി
ഇറാനുവേണ്ടി വാഹനങ്ങളും വസ്തുക്കളും വരെ എഴുതിക്കൊടുത്ത് കശ്മീരികള്‍
അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് സംയുക്താക്രമണത്തിലൂടെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അടക്കമുള്ളവരെ കൊന്നൊടുക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇറാനിലെ സ്ത്രീകളും, സ്വാതന്ത്ര്യവാദികളും രംഗത്തെത്തുമ്പോള്‍, നമ്മുെട കശ്മീരില്‍ ഇറാനുവേണ്ടി പിരിച്ചത് കോടികള്‍. കശ്മീരിലെ ജനങ്ങള്‍, പ്രത്യേകിച്ച് ഷിയാ മേഖലയായ ബുഡ്ഗാം, ബാരാമുള്ള ജില്ലകളിലുള്ളവരാണ് പെരുന്നാള്‍ ദിനത്തില്‍ വലിയതോതിലുള്ള പിരിവ് നടത്തിയത്. ഇറാന്റെ പുനര്‍നിര്‍മാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത കശ്മീര്‍ ജനതയുടെ സ്നേഹത്തിന്, ഇന്ത്യയിലെ ഇറാനിയന്‍ എംബസി എക്സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.
കശ്മീരിനെ ഞെട്ടിച്ച പിരിവ്
സമീപകാലത്തൊന്നും കാണത്ത രീതിയിലുള്ള വന്‍ ജനകീയ പിരിവാണ് കശ്മീരില്‍ ഇറാനുവേണ്ടി നടന്നത്. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വീടുതോറും ധനസമാഹരണം നടത്തിയത്. പണത്തോടൊപ്പം സ്വര്‍ണ്ണവും വെള്ളിയും കന്നുകാലികളും പരമ്പരാഗത ചെമ്പുപാത്രങ്ങളും വരെ ആളുകള്‍ സംഭാവന നല്‍കി. ചിലര്‍ തങ്ങളുടെ വാഹനങ്ങളും സ്ഥലങ്ങളും വരെ സംഭാവന ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്! കശ്മീരിലെ ഒരു വിധവ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി 28 വര്‍ഷമായി സൂക്ഷിച്ച, സ്വര്‍ണത്തിലുള്ള സമ്മാനം സംഭാവന ചെയ്തു. പല സ്ത്രീകളും അവരുടെ സ്വര്‍ണ്ണാഭരണങ്ങളും വിലപ്പെട്ട ഗാര്‍ഹിക വസ്തുക്കളും സംഭാവന ചെയ്തു. ഒരു അഭിഭാഷകന്‍ തന്റെ കുടുംബത്തില്‍ നിന്ന് മാത്രം 31 ലക്ഷം രൂപ സമാഹരിച്ചതായും വിവരമുണ്ട്.
ശ്രീനഗറിലെ മിര്‍ ബെഹ്രി പോലുള്ള പ്രദേശങ്ങളിലും ലഡാക്കിലെ കാര്‍ഗിലിലും സമാനമായ രീതിയില്‍ ധനസമാഹരണം നടന്നു. പള്ളികള്‍, ഹുസൈനിയകള്‍ എന്നിവ കേന്ദ്രീകരിച്ചും വളണ്ടിയര്‍മാര്‍ സംഭാവനകള്‍ ശേഖരിച്ചു. ഷിയാ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരികവും മതപരവുമായ ഒത്തുചേരല്‍ കേന്ദ്രങ്ങളാണ് ഹുസൈനിയകള്‍. പള്ളികളില്‍ അഞ്ചുനേരത്തെ നിസ്‌കാരത്തിനാണ് മുന്‍ഗണനയെങ്കില്‍, ഹുസൈനിയകളില്‍ മതപരമായ പ്രസംഗങ്ങള്‍, വിലാപയാത്രകള്‍ ചര്‍ച്ചകള്‍, സാമൂഹിക കൂടിച്ചേരലുകള്‍, മുഹറം ആചരണങ്ങള്‍ എന്നിവയാണ് നടക്കാറുള്ളത്.
Even Kashmiri children are offering their piggy banks as gifts to Iran.
— Iran in India (@Iran_in_India) March 22, 2026
God bless you. pic.twitter.com/OfI6w4rNUb
ബുദ്ഗാമിലെ മസ്ജിദ് ഇമാം സമാന്‍ പോലുള്ള പള്ളികളില്‍ പ്രത്യേക കൗണ്ടറുകള്‍ തന്നെ ഇതിനായി സജ്ജീകരിച്ചിരുന്നു. കൃത്യമായ ആകെ തുക ലഭ്യമല്ലെങ്കിലും, കോടിക്കണക്കിന് രൂപയുടെ സംഭാവനകള്‍ ലഭിച്ചതായി പ്രാദേശിക സംഘാടകരും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം അയക്കാന്‍ പ്രയാസം നേരിട്ടതിനെത്തുടര്‍ന്ന്, താല്‍പ്പര്യമുള്ളവര്‍ക്ക് ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ നേരിട്ടെത്തി സംഭാവനകള്‍ നല്‍കാന്‍ സൗകര്യമൊരുക്കിയിരുന്നു.
ഇന്ത്യയിലെ ഇറാന്‍ എംബസി ഈ വലിയ സഹായത്തിന് ഔദ്യോഗികമായി കശ്മീരിലെ ജനങ്ങളോടും ഇന്ത്യയോടും നന്ദി രേഖപ്പെടുത്തി. 'ഹൃദയം നിറയെ നന്ദിയോടെ...കശ്മീരിലെ ദയയുള്ള ജനങ്ങള്‍ അവരുടെ മാനുഷിക പിന്തുണയിലൂടെയും ഹൃദയംഗമമായ ഐക്യദാര്‍ഢ്യത്തിലൂടെയും ഇറാനിയന്‍ ജനതയോടൊപ്പം നിന്നതിന് ഞങ്ങള്‍ ഹൃദ്യമായി നന്ദി പറയുന്നു. ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ. 28 വര്‍ഷം മുമ്പ് മരിച്ച തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ച സ്വര്‍ണ്ണം, ഇറാനിയന്‍ ജനതയോടുള്ള സ്നേഹവും ഐക്യദാര്‍ഢ്യവും ഹൃദയം നിറയെ കശ്മീരിലെ ഒരു ബഹുമാനപ്പെട്ട സഹോദരി സംഭാവന ചെയ്തു. നിങ്ങളുടെ കണ്ണുനീരും നിഷ്‌കളങ്കമായ സനേഹവും ഇറാനിയന്‍ ജനതയ്ക്ക് ഏറ്റവും വലിയ ആശ്വാസമാണ്. അവ ഒരിക്കലും മറക്കില്ല''- പോസ്റ്റില്‍ പറയുന്നു. എംബസി ചിത്രങ്ങള്‍ക്കൊപ്പം എക്സില്‍ കുറിച്ചു.
സുന്നികള്‍ക്ക് കാര്യമായ പങ്കാളിത്തമില്ല
കശ്മീരിലെ സുന്നി മുസ്ലീങ്ങള്‍ സംഘടിതമായി ഈ പിരിവില്‍ പങ്കെടുത്തിട്ടില്ല. എങ്കിലും, പ്രാദേശികമായി വ്യക്തികള്‍ സഹകരിച്ചിട്ടുണ്ട്. ഇറാന്‍ എന്ന ഷിയാരാഷ്ട്രവുമായുള്ള, വൈകാരികവും മതപരവുമായ ആത്മബന്ധം കാരണമാണ് ഷിയാ വിഭാഗം ഇതില്‍ സജീവമായി മുന്നിട്ടിറങ്ങിയത്. സാധാരണയായി ഫലസ്തീന്‍ വിഷയത്തിലാണ്, കശ്മീരിലെ സുന്നി-ഷിയാ വിഭാഗങ്ങള്‍ ഒരുപോലെ സജീവമായി ഫണ്ട് ശേഖരണവും പ്രതിഷേധങ്ങളും നടത്താറുള്ളത്. പക്ഷേ ഗാസക്കുവേണ്ടിപോലും ഇത്രയും തുക പിരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കശ്മീര്‍ താഴ്വരയിലെ മുസ്ലിം ജനസംഖ്യയുടെ വലിയ ഭൂരിപക്ഷവും സുന്നികളാണ്. ഇത് ഏകദേശം 85% മുതല്‍ 90% വരെ വരും. കശ്മീരിലെ മുസ്ലിം ജനസംഖ്യയുടെ ഏകദേശം 10% മുതല്‍ 15% വരെ മാത്രമാണ് ഷിയാ വിഭാഗമുള്ളത്. താഴ്വരയിലെ മിക്കവാറും എല്ലാ ജില്ലകളിലും സുന്നി വിഭാഗമാണ് ഭൂരിപക്ഷം. ബുദ്ഗാം ജില്ലയിലാണ് ഷിയാ വിഭാഗത്തിന് വലിയ സ്വാധീനമുള്ളത്. കൂടാതെ ശ്രീനഗറിലെ ചില ഭാഗങ്ങളിലും ബന്ദിപ്പോറ, ബാരാമുള്ള ജില്ലകളിലെ ചില ഗ്രാമങ്ങളിലും ഇവര്‍ താമസിക്കുന്നു. ലഡാക്കിലെ കാര്‍ഗിലില്‍ ഷിയാ വിഭാഗത്തിനാണ് ഭൂരിപക്ഷം. ഇവിടെയും പരിവ് നടന്നിട്ടുണ്ട്. കാര്‍ഗിലിലെ ഇമാം ഖൊമേനി മെമ്മോറിയല്‍ ട്രസ്റ്റ് പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റാലികളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും ജനങ്ങള്‍ പണമായും സ്വര്‍ണ്ണമായും സഹായങ്ങള്‍ നല്‍കി. ലഡാക്കിലെ ലേ ഭാഗത്തെ അന്‍ജുമാന്‍ ഇമാമിയ പോലുള്ള ഷിയാ സംഘടനകളും, ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കശ്മീരില്‍ ചരിത്രപരമായി സുന്നി-ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇരുവരും ഐക്യത്തിലാണ്. 15-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ പലതവണ വലിയ തോതിലുള്ള അക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഷിയാക്കളുടെ വീടുകളും ഹുസൈനിയകളും ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ചരിത്രരേഖകളിലുണ്ട്. 1980-കളിലും 90-കളിലും ചില പ്രാദേശിക സംഘര്‍ഷങ്ങള്‍ ഉണ്ടായെങ്കിലും, കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി കശ്മീരില്‍ വലിയ തോതിലുള്ള ലഹളകള്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ കുറവാണ്. രാഷ്ട്രീയമായ കാരണങ്ങളാലും ഫലസ്തീന്‍ പോലുള്ള വിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കുന്നതിനാലും ഇപ്പോള്‍ താരതമ്യേന സമാധാനപരമായ അന്തരീക്ഷമാണുള്ളത്.
രാഷ്ട്രീയമായും വ്യത്യസ്തരാണ് കാശ്മീരിലെ സുന്നികള്‍. ഇന്ത്യയിലെ ഷിയാ നേതൃത്വത്തിലെ ഒരു വിഭാഗം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ പോലുള്ള ഇടങ്ങളില്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. സുന്നി വിഭാഗത്തിന് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളേക്കാള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് ചില ഷിയാ നേതാക്കള്‍ കരുതുന്നു.മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ നിലപാടിനെ പല ഷിയാ സംഘടനകളും പിന്തുണച്ചിരുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും ബിജെപിക്ക് ഷിയാ വോട്ടുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ കശ്മീരില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഷിയാക്കള്‍ ബിജെപിക്ക് എതിരാണ്.
