ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീല്‍? ആ താമര വിരിഞ്ഞത് എങ്ങനെ? പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; 'അത് സാങ്കേതിക പിഴവ്'; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Update: 2026-03-23 13:36 GMT

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക ഇമെയില്‍ സന്ദേശത്തോടൊപ്പമുള്ള കത്തില്‍ ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കല്‍ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി. സംഭവിച്ചത് ബോധപൂര്‍വമായ ഇടപെടലല്ലെന്നും കേവലം സാങ്കേതികമായ 'ക്ലറിക്കല്‍ പിശക്' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകര്‍പ്പിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായിരുന്നത്. ബിജെപി നല്‍കിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാല്‍ മാര്‍ച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ തന്നെ ആ നിര്‍ദ്ദേശം പിന്‍വലിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അറിയിപ്പ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ 2019 മാര്‍ച്ച് 19-ലെ തീയതിയുള്ള ഈ കത്ത് സിപിഎം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വലിയ രാഷ്ട്രീയ ചര്‍ച്ചയായത്.

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒരേ സീലാണോ ഉപയോഗിക്കുന്നത് എന്ന ചോദ്യമുയര്‍ത്തി സിപിഎം സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ എം.വി നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം ഉന്നയിച്ചത്. വോട്ടിംഗ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നു എന്ന ആരോപണങ്ങള്‍ക്കിടെ, കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ വന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.

എന്നാല്‍, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരുക്കിയിട്ടുള്ളതെന്നും ഇത്തരം ക്ലറിക്കല്‍ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി തെറ്റായ സന്ദശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അഭ്യര്‍ത്ഥിച്ചു. ഒരു ബാഹ്യശക്തിക്കും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, വിവാദ കത്ത് നേരത്തെ തന്നെ പിന്‍വലിച്ചതാണെന്നും വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും സാങ്കേതികമായ ഒരു അശ്രദ്ധ ഭരണഘടനാ സ്ഥാപനത്തെ പ്രതിരോധത്തിലാക്കിയ കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്.

Similar News