ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ആകെ 8,931 ദിവസങ്ങള്‍ അധികാരത്തില്‍; തകര്‍ത്തത് സിക്കിമിലെ നേതാവിന്റെ റിക്കോര്‍ഡ്; ചരിത്രം കുറിച്ചു നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ കാലം സര്‍ക്കാര്‍ തലവനായ ഇന്ത്യന്‍ നേതാവ്

Update: 2026-03-23 03:50 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. സിക്കിം മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോഡാണ് മോദി മറികടന്നത്.

സിക്കിം മുഖ്യമന്ത്രി എന്ന നിലയില്‍ 8,930 ദിവസമാണ് ചാംലിങ് അധികാരത്തിലിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്ര മോദി ആകെ 8,931 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഈ പുതിയ ചരിത്രം പിറന്നത്. ഭരണത്തലവന്‍ എന്ന നിലയില്‍ അദ്ദേഹം തുടര്‍ച്ചയായി 25-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതും നരേന്ദ്ര മോദിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. 2014, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയാണ് അദ്ദേഹം അധികാരം നിലനിര്‍ത്തുന്നത്.

ഭരണവഴികളിലെ നാഴികക്കല്ലുകള്‍:

2001 ഒക്ടോബര്‍ 7: ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു.

2014 മേയ് 21: 13 വര്‍ഷത്തിലേറെ നീണ്ട സംസ്ഥാന ഭരണം അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക്.

2014 മേയ് 26: ഇന്ത്യയുടെ 14-ാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു.

തനിച്ചുള്ള ഭൂരിപക്ഷം: ലോക്‌സഭയില്‍ സമ്പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവ്.

തുടര്‍ച്ചയായ മൂന്നാം ഊഴം: രണ്ട് പൂര്‍ണ്ണ കാലാവധി പൂര്‍ത്തിയാക്കി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി.

ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏക നേതാവെന്ന ഖ്യാതിയും നരേന്ദ്ര മോദിക്കുണ്ട്.

Tags:    

Similar News