എളംകുളം മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി ഉടന്‍; സുരക്ഷാ ഭീഷണിയില്ലെന്ന് ഡി.എം.ആര്‍.സി; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി; മറുനാടന്‍ ഇടപെട്ടപ്പോള്‍ അതിവേഗ തിരുത്തല്‍; ആ വീഡിയോ സ്‌റ്റോറി കൊച്ചി മെട്രോയുടെ കണ്ണു തുറപ്പിച്ചപ്പോള്‍

Update: 2026-04-12 08:45 GMT

കൊച്ചി: മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ എളംകുളം മെട്രോ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ അടുത്ത ആഴ്ച ആരംഭിക്കും. സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാതാക്കളായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. സ്റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോണ്‍ക്രീറ്റ് അടര്‍ന്നുവീണ സംഭവത്തെത്തുടര്‍ന്ന് ഡി.എം.ആര്‍.സിയുടെ ടെക്‌നിക്കല്‍ സംഘം സ്റ്റേഷനില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ആധുനിക 'നോണ്‍ ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗ്' (ചഉഠ) രീതികള്‍ ഉപയോഗിച്ചായിരുന്നു ഈ പരിശോധന. സ്റ്റേഷന്‍ സുരക്ഷിതമാണെന്ന് പരിശോധനാഫലങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അടര്‍ന്നുവീണ ഭാഗങ്ങളില്‍ ബലപ്പെടുത്തല്‍ ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തൂണുകളുടെ ശോചനീയവസ്ഥ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെയാണ് അധികാരികള്‍ ഉണര്‍ന്നത്. അറ്റകുറ്റപ്പണികള്‍ക്കായി പ്രത്യേക രൂപരേഖയും മെതഡോളജിയും നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ കെ.എം.ആര്‍.എല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്ത ആഴ്ചയോടെ പണികള്‍ ആരംഭിക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കുമെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. കൊച്ചി മെട്രോ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ ദ്രുതഗതിയിലുള്ള നീക്കം.

അപകടാവസ്ഥ: എളംകുളം മെട്രോ സ്റ്റേഷനിലെ ബീമുകള്‍ പലയിടത്തും പൊളിഞ്ഞുവീഴുന്ന അവസ്ഥയിലാണെന്ന് മറുനാടന്‍ മലയാളി വീഡിയോ വ്യക്തമാക്കുന്നുണ്ടായിരുന്നു. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ഉള്ളിലെ ഇരുമ്പ് കമ്പികള്‍ വരെ പുറത്തുകാണുന്ന ദയനീയമായ കാഴ്ചയാണിവിടെയുള്ളത്. താല്‍ക്കാലിക പരിഹാരം: മുകളില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ യാത്രക്കാരുടെ തലയില്‍ വീഴാതിരിക്കാന്‍ വേണ്ടി ചാക്കുകളും വലകളും ഉപയോഗിച്ച് ബീമുകള്‍ കെട്ടിവച്ചിരിക്കുകയാണ്. ലോകത്ത് ഒരിടത്തും ഇത്തരമൊരു നിര്‍മ്മാണ രീതി കാണാന്‍ കഴിയില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു.

മെട്രോയുടെ നിര്‍മ്മാണ കരാര്‍ എടുത്ത കമ്പനി അത് സബ് കോണ്‍ട്രാക്ട് നല്‍കിയതിലെ അപാകതകളാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നു.. ലാഭം മാത്രം നോക്കി സിമന്റും കമ്പിയും കുറച്ച് ഉപയോഗിച്ചതാകാം ഈ അവസ്ഥയ്ക്ക് കാരണമെന്നും വിമര്‍ശനം എത്തി. ഈ സാഹചര്യത്തിലാണ് നടപടികള്‍.

Tags:    

Similar News