ചേച്ചി ലതാ മങ്കേഷ്‌കറുടെ സെക്രട്ടറിയുമായി പ്രണയത്തിലായതും തുടര്‍ന്നുണ്ടായ കുടുംബകലഹങ്ങളും 16-ാം വയസ്സില്‍ വിവാഹം, ചേച്ചിയുമായി പിണക്കം; ആര്‍.ഡി ബര്‍മനുമായുള്ള പ്രണയവും വിവാഹവും; രണ്ടു മക്കളുടെ മരണം; എല്ലാം അതിജീവിച്ചത് സംഗീത കരുത്തില്‍; വാനമ്പാടിക്ക് പിന്നാലെ അനുജത്തിയും മടങ്ങി; ഇത് സിനിമയെ വെല്ലുന്ന ആശാ ഭോസ്ലെയുടെ ജീവിത കഥ
മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്തെ നിത്യവിസ്മയമായ ആശാ ഭോസ്ലെയുടെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ റെക്കോര്‍ഡുകള്‍ കുറിക്കുമ്പോഴും സ്വകാര്യ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെയും വേര്‍പിരിയലുകളിലൂടെയുമാണ് അവര്‍ കടന്നുപോയത്. സംഗീത ജീവിതം പോലെ തന്നെ സംഭവബഹുലമായിരുന്നു അവരുടെ സ്വകാര്യ ജീവിതവും. 16-ാം വയസ്സില്‍ ചേച്ചി ലതാ മങ്കേഷ്‌കറുടെ സെക്രട്ടറിയുമായി പ്രണയത്തിലായതും തുടര്‍ന്നുണ്ടായ കുടുംബകലഹങ്ങളും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. അങ്ങനെ വിവാദങ്ങള്‍ക്കൊപ്പം പ്രശസ്തിയിലേക്ക് വളര്‍ന്ന ആശ. ഇന്ത്യന്‍ സംഗീതത്തെ വിസ്മയിപ്പിച്ച് അവര്‍ മടങ്ങുകയാണ്.
പിതാവിന്റെ അകാല മരണത്തെത്തുടര്‍ന്ന് 14-ാം വയസ്സില്‍ തന്നെ ലതാ മങ്കേഷ്‌കര്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇളയ സഹോദരിയായ ആശയില്‍ നിന്നും അതേ പക്വത ലത പ്രതീക്ഷിച്ചിരുന്നെങ്കിലും ആശയുടെ സ്വഭാവം തികച്ചും വ്യത്യസ്തമായിരുന്നു. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങാന്‍ മടിച്ച ആശ, തന്റെ 16-ാം വയസ്സില്‍ ഗണപത് റാവു ഭോസ്ലെയുമായി പ്രണയത്തിലായി. ലതാ മങ്കേഷ്‌കറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു ഗണപത് റാവു. അന്ന് അദ്ദേഹത്തിന് 31 വയസ്സായിരുന്നു പ്രായം. 15 വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഈ ബന്ധത്തെ ലത ശക്തമായി എതിര്‍ത്തു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ആശ അദ്ദേഹത്തെ വിവാഹം കഴിച്ചു. ഈ വിവാഹത്തോടെ ലതയും കുടുംബവും ആശയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഏറെക്കാലം സഹോദരിമാര്‍ തമ്മില്‍ സംസാരമില്ലായിരുന്നു. ഗണപത് റാവുമായുള്ള ബന്ധത്തില്‍ ആശയ്ക്ക് മൂന്ന് കുട്ടികള്‍ ജനിച്ചെങ്കിലും ആ ദാമ്പത്യം കയ്‌പ്പേറിയ അനുഭവങ്ങളിലാണ് അവസാനിച്ചത്. തുടര്‍ന്ന് അവര്‍ ആ ബന്ധം വേര്‍പിരിഞ്ഞു.
ഗണപത് റാവുമായുള്ള വേര്‍പിരിയലിന് ശേഷമാണ് ആശയുടെ ജീവിതത്തിലേക്ക് സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മന്‍ (പഞ്ചം ദാ) കടന്നുവരുന്നത്. സംഗീതത്തോടുള്ള താല്‍പ്പര്യമാണ് ഇവരെ അടുപ്പിച്ചത്. ആര്‍.ഡി. ബര്‍മനെക്കാള്‍ 6 വയസ്സ് കൂടുതലായിരുന്നു ആശയ്ക്ക്. ബര്‍മന്റെ അമ്മയ്ക്ക് ഈ ബന്ധത്തോട് താല്‍പ്പര്യമില്ലായിരുന്നെങ്കിലും 1980-ല്‍ അവര്‍ വിവാഹിതരായി. എങ്കിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധത്തിലും വിള്ളലുകളുണ്ടായി. എങ്കിലും മാനസികമായി അവര്‍ എന്നും അടുത്തുതന്നെ കഴിഞ്ഞു. ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ ഹൃദയാഘാതത്തെ അവര്‍ അതിജീവിച്ചില്ല.
ലോകത്തെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായികയെന്ന ഖ്യാതിക്കിടയിലും കടുത്ത ദാരിദ്ര്യവും കുടുംബകലഹങ്ങളും മക്കളുടെ വേര്‍പാടും അവരെ നിരന്തരം വേട്ടയാടി. 1933-ല്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ആശയുടെ ജനനം. പിതാവ് ദീനാനാഥ് മങ്കേഷ്‌കറുടെ അകാല മരണം ആ കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇതോടെയാണ് ആശയും സഹോദരി ലതയും വളരെ ചെറിയ പ്രായത്തില്‍ തന്നെ ഉപജീവനത്തിനായി പാടിത്തുടങ്ങിയത്. തന്റെ 16-ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഗണപത് റാവു ഭോസ്ലെയെ വിവാഹം കഴിച്ചതാണ് ആശയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റം അവരെ മാനസികമായും ശാരീരികമായും തളര്‍ത്തി. പീഡനങ്ങള്‍ സഹിക്കവയ്യാതെ ഒരു തവണ ഗര്‍ഭാവസ്ഥയില്‍ അവര്‍ ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചു. ഒടുവില്‍ 1960-ല്‍ ആ ബന്ധം ഉപേക്ഷിക്കുമ്പോള്‍ മൂന്ന് മക്കളുമായി തെരുവിലായ അവസ്ഥയിലായിരുന്നു അവര്‍.
പിന്നീട് സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മനെ വിവാഹം കഴിച്ചെങ്കിലും അവിടെയും ഏകാന്തത അവരെ പിന്തുടര്‍ന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം മക്കളുടെ വിയോഗമായിരുന്നു. 2012-ല്‍ മകള്‍ വര്‍ഷ ഭോസ്ലെ മരിച്ചത്് ആശയെ തളര്‍ത്തി. അതിന്റെ ആഘാതം മാറും മുന്‍പേ 2015-ല്‍ മകന്‍ ഹേമന്ത് ഭോസ്ലെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. സ്വന്തം കണ്‍മുന്നില്‍ രണ്ട് മക്കളുടെയും മരണം കാണേണ്ടി വന്നത് അവരെ മാനസികമായി തകര്‍ത്തെങ്കിലും സംഗീതത്തെ അവര്‍ മുറുകെ പിടിച്ചു. തന്റെ ജീവിതത്തിലെ സകല പ്രതിസന്ധികളെയും അതിജീവിച്ച ആ കരുത്തുറ്റ ശബ്ദം ഇനി ഓര്‍മ്മകളില്‍ മാത്രം.
ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആശാ ഭോസ്ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന 'ആവോ ഹുസൂര്‍ തുംകോ', ആര്‍.ഡി. ബര്‍മ്മനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദില്‍ കോ' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദില്‍' തുടങ്ങിയ ഗാനങ്ങളിലൂടെ അവര്‍ ഹിന്ദി സിനിമാ സംഗീതത്തില്‍ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു. 1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആര്‍. റഹ്‌മാനുമായുള്ള സഹകരണത്തിലൂടെ 'തന്‍ഹ തന്‍ഹ', 'രംഗീല റേ' തുടങ്ങിയ ഐക്കണിക് ഗാനങ്ങള്‍ അവര്‍ സമ്മാനിച്ചു. 'കഭി തോ നസര്‍ മിലാവോ' പോലുള്ള ഇന്‍ഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാന്‍ ആശാ ഭോസ്ലെയ്ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. കൂടാതെ 'ഉംറാവോ ജാന്‍', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
