ആണവ വാശിയില്‍ ഇറാന്‍ ഉടക്കി; അമേരിക്കയുടെ ഉപാധികള്‍ അംഗീകരിച്ചില്ല; ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ടുനിന്ന ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം; 'ഞങ്ങള്‍ മടങ്ങുന്നു, നിരാശരായി, ചര്‍ച്ചകള്‍ അവസാനിച്ചു'വെന്ന് ജെ ഡി വാന്‍സ്; കരാറുകളൊന്നും ഇല്ലാതെയാണ് യുഎസ് പ്രതിനിധി സംഘം മടങ്ങുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ്; ഇനി എന്തെന്ന ആശങ്കയില്‍ പശ്ചിമേഷ്യ
ആണവ വാശിയില്‍ ഇറാന്‍ ഉടക്കി; അമേരിക്കയുടെ ഉപാധികള്‍ അംഗീകരിച്ചില്ല
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാനാധ ചര്‍ച്ചകള്‍ പരാജയം. ചര്‍ച്ചകള്‍ ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി. പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആണവ വിഷയങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കരാറുകളൊന്നും ഇല്ലാതെ തന്നെ യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
21 മണിക്കൂറിലേറെ മാരത്തണ്‍ ചര്‍ച്ച നടന്നു. റെഡ് ലൈന്‍ നിശ്ചയിച്ചെന്നും ഇറാന്‍ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫറാണെന്നും ഇറാന്‍ സ്വീകരിക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ജെ ഡി വാന്‍സ് പ്രതികരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കിടെ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും വാന്‍സ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളും സ്ഥികരിച്ചു. യുഎസിന്റെ 'അമിതമായ ആവശ്യങ്ങള്‍ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി' ഇറാന്‍ അധികൃതര്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങള്‍, ഇറാന്റെ ആണവ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യമാണ് ഇതോട സംജാതമായിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ആണവ നിലയങ്ങളും നേരത്തെ തന്നെ തകര്‍ക്കപ്പെട്ടതാണ്. എന്നാല്‍ ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറപ്പ് നല്‍കാന്‍ ഇറാന്‍ വിസമ്മതിക്കുന്നതായാണ് വാന്‍സ് വ്യക്തമക്കിയത്. ഇത് കൂടാതെ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച പരാജയമാകാന്‍ ഇടയാക്കി.
ചര്‍ച്ചകളുടെ ഫലം എന്തുതന്നെയായാലും തങ്ങള്‍ ഇറാനെ പൂര്‍ണ്ണമായും തോല്‍പ്പിച്ചു കഴിഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. 'ഇറാനെ ഞങ്ങള്‍ സൈനികമായി തകര്‍ത്തു. അവരുടെ നാവികസേനയും വ്യോമസേനയും റഡാര്‍ സംവിധാനങ്ങളും നിര്‍വീര്യമാക്കി. അവരുടെ നേതാക്കളെല്ലാം ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇനി കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് ഒന്നുമില്ല,' ട്രംപ് പറഞ്ഞു.
പേര്‍ഷ്യന്‍ ഗള്‍ഫിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കുന്നതാണ് ചര്‍ച്ചയിലെ മറ്റൊരു പ്രധാന വിഷയമായിരുന്നത്. ഇറാന്‍ വിതറിയ മൈനുകള്‍ കാരണം ഈ പാത ഇപ്പോഴും ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. സ്വന്തം മൈനുകള്‍ എവിടെയൊക്കെയുണ്ടെന്ന ധാരണ ഇറാനുതന്നെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യു.എസ് നാവികസേന ഇവിടെ മൈനുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ധന ടാങ്കറുകള്‍ അമേരിക്കന്‍ തീരങ്ങളിലേക്ക് സുരക്ഷിതമായി എത്തുന്ന കാഴ്ച മനോഹരമാണെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, നിയന്ത്രണങ്ങളോടെ ഹോര്‍മുസ് കടലിലുടക്ക് തുറന്നതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. ഹോര്‍മുസില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചതായി യുഎസ് സേന അവകാശപ്പെട്ടെങ്കിലും കടലിടുക്കിലൂടെ സൈനികക്കപ്പലുകള്‍ അനുവദിച്ചിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ചരക്കുക്കപ്പലുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക എന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
