ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ തിടുക്കമില്ല; പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍; ചര്‍ച്ചയില്‍ ന്യായമായ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടു വെച്ചത്; യു.എസ് തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി; തങ്ങള്‍ക്ക് ന്യായമായി തോന്നുന്ന ഒരു കരാറില്‍ അമേരിക്ക ധാരണയില്‍ എത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി മാറി; ഇസ്ലാമാബാദ് ചര്‍ച്ചാ പരാജയത്തില്‍ ഇറാന്റെ വിശദീകരണം

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ തിടുക്കമില്ല; പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍

Update: 2026-04-12 06:21 GMT

ഇസ്‌ലാമാബാദ്: യു.എസുയുമായി ചര്‍ച്ച പുനഃരാരംഭിക്കാന്‍ ഇറാനിന് 'തിടുക്കം കാട്ടുന്നില്ല' എന്നും 'പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണ്' എന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാന്‍ വിശദീകരണവുമായി രംഗത്തുവന്നത്. ചര്‍ച്ചയില്‍ ന്യായമായ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടു വെച്ചത്. യു.എസ് തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തിയെന്നും ഇറാനിന് ന്യായമായി തേന്നുന്ന ഒരു കരാറില്‍ അമേരിക്ക ധാരണയില്‍ എത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി മാറില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് സാധ്യമായ തീയതിയോ സ്ഥലമോ നിശ്ചയിച്ചിട്ടില്ല. ചര്‍ച്ചയില്‍ അമിതമായ ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവെച്ചതെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം പൂര്‍ണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെ യു.എസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ ഇറാന്‍ നിരസിക്കുകയായിരുന്നു. ലെബനാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. യുദ്ധത്തില്‍ വെടിനിര്‍ത്തലിന് യു.എസുമായി മറ്റൊരു ചര്‍ച്ച നടത്താന്‍ ഇറാന് പദ്ധതിയില്ലെന്ന് ഇറാനിയന്‍ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ സംഘം 'ഒരു ഒഴികഴിവ് തേടുകയായിരുന്നു' എന്നും ഇറാന്‍ പ്രതിനിധിസംഘത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ ആരോപിച്ചു.

യു.എസ് പ്രതിനിധികള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ചെറിയ വിട്ടുവീഴ്ചക്ക് പോലും തയ്യാറായില്ലെന്നും യുദ്ധസമയത്ത് നേടിയെടുക്കാന്‍ കഴിയാത്തത് നയതന്ത്രത്തിലൂടെ നേടാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ ഒരു കരാറുമില്ലാതെ അവസാനിച്ചുവെന്ന് ഇറാന്റെ പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ അമേരിക്കക്ക് ചര്‍ച്ച ആവശ്യമായിരുന്നു, ഇറാനുമായുള്ള യുദ്ധത്തില്‍ പരാജയവും സ്തംഭനാവസ്ഥയും ഉണ്ടായിട്ടും അവരുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ തയ്യാറായില്ല ഇറാന്‍ മാധ്യമങ്ങള്‍ പറഞ്ഞു.

പാകിസ്താന്റെ മധ്യസ്ഥതയില്‍ നടന്ന ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദില്‍നിന്ന് മടങ്ങിയിരുന്നു. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കരാറുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാന്‍സിന്റെ മടക്കം.

അതേസമയം ഇറാനും അമേരിക്കയും നിരവധി വിഷയങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ പ്രധാന കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘേയി പറഞ്ഞു. '40 ദിവസത്തെ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധത്തിനു ശേഷമാണ് ഈ ചര്‍ച്ചകള്‍ നടന്നത്, അവ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിലാണ് നടന്നത്. ആദ്യമേ ഒരു കൂടിക്കാഴ്ചയില്‍ ഒരു കരാറിലെത്തുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നില്ല. അത് ആരും അതും പ്രതീക്ഷിച്ചിരുന്നില്ല' എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇതിനിടെ 21 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തിയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇസ്ലാമാബാദ് വിട്ടത്. 1979ന് ശേഷമുള്ള അമേരിക്കന്‍, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുഖാമുഖം വന്ന ഉന്നത നയതന്ത്ര ചര്‍ച്ചയായിരുന്നു നടന്നത്. ആണവായുധം സംബന്ധിച്ച് ഇറാന്‍ നിലപാടില്‍ മാറ്റം വരുത്താതെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കില്ലെന്ന് സൂചന വാന്‍സ് നല്‍കിയിട്ടുണ്ട്.

ആണവ സമ്പുഷ്ടീകരണം സംബന്ധിച്ചാണ് വര്‍ഷങ്ങളായി അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം നടക്കുന്നത്. ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കില്ലെന്നും ആണവോര്‍ജ്ജ പരിപാടി മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചതാണ് യുഎസിനേയും സഖ്യകക്ഷികളേയും ആശങ്കയിലാഴ്ത്തിയത്. ഇതേ തുടര്‍ന്ന് രണ്ട് തവണ യുഎസും ഇറാനും യുദ്ധത്തിലേര്‍പ്പെട്ടു. ഇറാന്‍ ഇപ്പോഴും സമ്പുഷ്ടീകരണം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.

ആണവായുധവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ഉടക്കിയതെന്നും അതായിരുന്നു ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ വാന്‍സ് പറയുകയും ചെയ്തു. 'ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാര്‍ത്തയാണ്. ഇത് അമേരിക്കയെക്കാള്‍ ഇറാനാണ് കൂടുതല്‍ ബാധിക്കുക എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഞങ്ങള്‍ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്... ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല...ചര്‍ച്ചകളില്‍ എന്തെങ്കിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാകിസ്താനികളുടെ ഭാഗത്തുനിന്നല്ല.

അവര്‍ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താന്‍ സഹായിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോള്‍ 21 മണിക്കൂറായി ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതാണ് നല്ല വാര്‍ത്ത. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാര്‍ത്ത' വാന്‍സ് പറഞ്ഞു.

Tags:    

Similar News