ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ അടഞ്ഞു തന്നെ: നാട്ടുകാരുടെ പരാതി അറിയിച്ചപ്പോള്‍ ഡിഎംഓയുടെ ഉരുണ്ടു കളി: മെഡിക്കല്‍ ഓഫീസര്‍ ഓഫ് എടുത്താലും ജീവനക്കാര്‍ ആശുപത്രി തുറക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല: മഞ്ഞനിക്കര പിഎച്ച്സി വിവാദത്തില്‍
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ സ്ഥിരമായി അടഞ്ഞു കിടക്കുന്നുവെന്ന് പരാതി. ഇത് നാട്ടുനടപ്പാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് ജീവനക്കാര്‍. കഥയറിയാതെ ചികില്‍സ തേടി എത്തിയ ആള്‍ ഡിഎംഓയെ വിവരം അറിയിച്ചപ്പോള്‍ ഉരുണ്ടു കളി.
ആറന്മുള മണ്ഡലത്തിലെ ചെന്നീര്‍ക്കര പഞ്ചായത്തില്‍ മഞ്ഞനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്ഥിരമായി ഞായറാഴ്ചകളില്‍ അടഞ്ഞു കിടക്കുന്നുവെന്ന പരാതിയുള്ളത്. ഇന്ന് രാവിലെ ചികില്‍സ തേടി എത്തിയ ആള്‍ ആശുപത്രി അടഞ്ഞു കിടക്കുന്നത് കണ്ട് സമീപവാസികളോടും നാട്ടുകാരോടും അന്വേഷിച്ചപ്പോഴാണ് ഞായറാഴ്ചകളില്‍ ഇത് തുറക്കാറില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറെ വിളിച്ചപ്പോള്‍ ആരോഗ്യകേന്ദ്രം തുറന്നിട്ടുണ്ട് എന്നായിരുന്നു മറുപടി.
ചെന്നീര്‍ക്കര പഞ്ചായത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ കാര്യമാണ് ഡിഎംഓ തുറന്നിരിക്കുന്നതായി അറിയിച്ചത്. സിഎച്ച്സി നല്ലാനിക്കുന്ന് എന്ന സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടിയാണ് ഡിഎംഓ നല്‍കിയത്. മറുനാടനോടും ഇതേ രീതിയില്‍ തന്നെയാണ് ഡിഎംഓ പ്രതികരിച്ചത്.
എന്നാല്‍, മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രമാണ് അടഞ്ഞു കിടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ഡിഎംഓ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ലീവാണ്. എന്നാലും മറ്റ് ജീവനക്കാര്‍ ഉണ്ടാകണമെന്നാണ്. അങ്ങനെ ആരും ഡ്യൂട്ടിയില്ലെങ്കില്‍ അന്വേഷിക്കുമെന്നും ഡിഎംഓ മറുനാടനെ അറിയിച്ചു. ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചില്ലെങ്കില്‍ അത് മെഡിക്കല്‍ ഓഫീസറുടെ വീഴ്ചയായിട്ടാകും കണക്കാക്കുക.
അതേ സമയം, ജീവനക്കാര്‍ വന്നിരുന്നുവെന്നും അവര്‍ പുറത്തേക്ക് പോയതാകാമെന്നുമാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനോട് ഡിഎംഓ പറഞ്ഞത്. ആശുപത്രിയില്‍ കയറി നോക്കിയ മാധ്യമപ്രവര്‍ത്തകന് അത് പൂട്ടിക്കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ചരിത്ര പ്രസിദ്ധമായ മഞ്ഞനിക്കര ദയറായോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കണമെന്നാണ്. രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു വരെ ഓ.പി ഉണ്ടാകണം. പാര്‍ട്ടൈം സ്വീപ്പര്‍ ഒഴികെ ആരെങ്കിലും ഞായറാഴ്ചകളില്‍ ഡ്യൂട്ടിയില്‍ നിര്‍ബന്ധമായും ഉണ്ടാകണം. ഊഴമിട്ടാണ് ജീവനക്കാര്‍ വീക്ക്ലി ഓഫ് എടുക്കുന്നത്.
ഹോമിയോ, ആയുര്‍വേദം അടക്കം എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തിദിനമാണ്. ജീവനക്കാരില്‍ ആരെയങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക് ഉണ്ടാകണം. മൃഗാശുപത്രികളില്‍ അടക്കം ഇതാണ് സ്ഥിതി. എന്നാല്‍, ചിലയിടങ്ങളില്‍ ഇതു പോലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ആശുപത്രി പൂട്ടിയിടാറുണ്ട്. ഞായറാഴ്ചകളില്‍ പിഎച്ച്സിക്ക് അവധി ആണെന്നാകും ഇവര്‍ രോഗികളെ ബോധ്യപ്പെടുത്തിയിരിക്കുക. അന്ന് ഡ്യൂട്ടി ചെയ്യേണ്ടവര്‍ പിറ്റേന്ന് വന്ന് തലേ ദിവസത്തെ ഒപ്പ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ പതിക്കും.
മഞ്ഞനിക്കര ആശുപത്രി മിക്ക ഞായറാഴ്ചയും അടഞ്ഞാണ് കിടക്കുന്നത്. സമീപവാസികള്‍ അറിവില്ലായ്മ കാരണം അന്ന് അവധിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഡിഎംഓ അടക്കമുള്ളവരുടെ ഒത്താശയോടെയാണ് ഇങ്ങനെ നടക്കുന്നത് എന്നാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്. നല്ലാനിക്കുന്നില്‍ സിഎച്ച്സി ഉള്ളതിനാല്‍ രോഗികള്‍ക്ക് അവിടേക്ക് ചികില്‍സ തേടി പോകാമെന്നാണ് ഇവര്‍ പറയുന്നത്. മൂന്ന് ഡോക്ടര്‍മാര്‍ ആണ് അവിടെ ഡ്യൂട്ടിയിലുള്ളത്.
