പ്ലസ് ടുവിന് ശേഷം കഷ്ടപ്പെട്ട് പഠിച്ച് മെഡിക്കല്‍ പ്രവേശനം നേടിയ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ ജാതി വെറിക്കും റാഗിംഗിനും മുന്നില്‍ തകര്‍ന്നു വീണത് മുഖ്യമന്ത്രിയുടെ സ്വന്തം ധര്‍മ്മടം മണ്ഡലത്തില്‍; കലാലയങ്ങള്‍ കൊലനിലങ്ങളാകുമ്പോള്‍ അഞ്ചരക്കണ്ടിയിലും നീതി ആവിയാകും; പൂക്കോട്ടെ സിദ്ധാര്‍ത്ഥനും പാലക്കാട്ടെ ജിഷ്ണു പ്രണോയിയും നേരിട്ടതും സമാന ഒറ്റപ്പെടല്‍; നിതിന്‍രാജിന്റെ കൊലയാളികള്‍ എവിടെ?

Update: 2026-04-12 05:25 GMT

തിരുവനന്തപുരം: പൂക്കോട്ടെ സിദ്ധാര്‍ത്ഥനും നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയും കേരളത്തിന് ഉണങ്ങാത്ത മുറിവുകളായി നില്‍ക്കുമ്പോള്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും ഉയരുന്നത് സമാനമായ നീതികേട്. ബി.ഡി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കാനിടയായ സംഭവം കേവലം ഒരു ആത്മഹത്യയായി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവോ എന്ന സംശയം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. കൊല്ലത്തും സമാനമായ രീതിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇവിടെ എല്ലാം കൊലയാളികള്‍ രക്ഷപ്പെട്ടു.

അഞ്ചരക്കണ്ടിയോടെ നമ്മുടെ കലാലയങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം പ്രസക്തമാകുന്നു. മരിക്കുന്നതിന് മുന്‍പ് നിതിന്‍ നേരിട്ടത് കടുത്ത ജാതി അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളുമാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു. ഹോസ്റ്റല്‍ മുറി തടവറയ്ക്ക് സമാനമായെന്നും പനി ബാധിച്ചു കിടന്നപ്പോള്‍ പോലും സഹപാഠികളില്‍ നിന്ന് ഒറ്റപ്പെടുത്തിയെന്നും നിതിന്റെ കുടുംബം വെളിപ്പെടുത്തുമ്പോള്‍ അത് ഒരു സമൂഹത്തിന്റെയാകെ പരാജയമായി മാറുന്നു.

അനാട്ടമി വിഭാഗം മേധാവി അടക്കം രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത് പ്രാഥമിക നടപടിയാണെങ്കിലും, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തിന് പരിസരത്തുള്ള ഈ സ്ഥാപനത്തിലെ രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ അട്ടിമറിക്കുമോ എന്ന ഭയം വ്യാപകമാണ്. മുന്‍കാലങ്ങളില്‍ സമാനമായ വിദ്യാര്‍ത്ഥി മരണങ്ങളില്‍ കണ്ടതുപോലെ പ്രതികള്‍ രക്ഷപ്പെടുകയും വാദികള്‍ പ്രതികളാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇവിടെയും ആവര്‍ത്തിക്കുമെന്ന് പലരും കരുതുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ അപകടം നടന്നിട്ടും മരണം സ്ഥിരീകരിക്കുന്നത് വരെ കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പ്ലസ് ടുവിന് ശേഷം കഷ്ടപ്പെട്ട് പഠിച്ച് മെഡിക്കല്‍ പ്രവേശനം നേടിയ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ സ്വപ്നങ്ങളാണ് ജാതി വെറിക്കും റാഗിംഗിനും മുന്നില്‍ തകര്‍ന്നു വീണത്. രാഷ്ട്രീയ ബന്ധങ്ങളുടെയും മാനേജ്മെന്റ് സ്വാധീനത്തിന്റെയും നിഴലില്‍ ഈ കേസും ആവിയായി പോകുമോ എന്ന ആശങ്കയിലാണ് നിതിന്റെ കുടുംബവും പൊതുസമൂഹവും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ കലാലയത്തില്‍ നടന്ന ഈ ദാരുണ സംഭവം കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. കൊല്ലത്തും സമാനമായ രീതിയില്‍ പെണ്‍കുട്ടി മരണപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, നമ്മുടെ കലാലയങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം പ്രസക്തമാകുന്നു. മരിക്കുന്നതിന് മുന്‍പ് നിതിന്‍ നേരിട്ടത് കടുത്ത ജാതി അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളുമാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു.

പൂക്കോട്ടെ സിദ്ധാര്‍ത്ഥന്‍ നേരിട്ട ക്രൂരമായ വിചാരണകള്‍ക്കും ഒറ്റപ്പെടലിനും സമാനമായ സാഹചര്യമാണ് അഞ്ചരക്കണ്ടിയിലും നിലനിന്നിരുന്നത്. വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന്‍. നാല് വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ശേഷം നേടിയെടുത്ത സീറ്റ്, എന്നാല്‍ അഞ്ചരക്കണ്ടിയിലെ 'ഘാതകന്മാരുടെ' ഇടയിലേക്കാണല്ലോ തങ്ങള്‍ മകനെ വിട്ടുകൊടുത്തതെന്ന് കുടുംബം തേങ്ങലോടെ പറയുന്നു.

ജാതി അധിക്ഷേപവും നിറം പറഞ്ഞുള്ള പരിഹാസവും നിരന്തരമുണ്ടായപ്പോള്‍ പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ചെവികൊണ്ടില്ല. സ്ഥിതി രൂക്ഷമായപ്പോള്‍ പഠനം മതിയാക്കി മടങ്ങാന്‍ ഒരുങ്ങിയ നിതിനെ സമാധാനിപ്പിച്ച് തിരിച്ചയച്ച കുടുംബത്തിന് ലഭിച്ചത് അവന്റെ ചേതനയറ്റ ശരീരമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വാദി പ്രതിയാകാനും യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാനുമുള്ള സാധ്യത ഏറെയാണ്.

അഞ്ചരക്കണ്ടിയില്‍ അട്ടിമറി സാധ്യതകള്‍ പ്രവചിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് ഇവിടുത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങളെയാണ്. നീതി നടപ്പാക്കുന്നതില്‍ കേരള പോലീസ് എത്രത്തോളം നിഷ്പക്ഷത പുലര്‍ത്തുമെന്നത് വലിയ ചോദ്യചിഹ്നമാണ്. സിദ്ധാര്‍ത്ഥന്‍ കേസിലെ പ്രതികള്‍ക്ക് ലഭിച്ച സംരക്ഷണം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടാല്‍ കലാലയങ്ങള്‍ ഇനിയും കൊലനിലങ്ങളായി തുടരും.

നിതിന്‍ രാജിന്റെ കൊലയാളികള്‍ എവിടെയെന്നത് ഇപ്പോഴും ആര്‍ക്കും അറിയില്ല. കേവലം സസ്പെന്‍ഷനിലൊതുങ്ങാതെ, ജാതി അധിക്ഷേപം നടത്തിയ അധ്യാപകര്‍ക്കും പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകണം. കലാലയങ്ങളിലെ ജാതി വിവേചനവും റാഗിംഗും അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്.

Tags:    

Similar News