ഐ.പി.എല്‍ 2026-ലെ ആദ്യ സെഞ്ചറി മുതല്‍ നൂര്‍ അഹമ്മദിനെ ഉപയോഗിച്ചുള്ള തന്ത്രപരമായ കരുനീക്കം വരെ; ചെപ്പോക്കിലെ മഞ്ഞപ്പടയുടെ ഈ സീസണിലെ ആദ്യ വിജയത്തിന് പിന്നില്‍ സഞ്ജു സാംസണ്‍ എന്ന 'ക്രിക്കറ്റ് ബുദ്ധി'; രാജാവ് വിശ്രമത്തിലാണ്... പക്ഷേ സാമ്രാജ്യം സുരക്ഷിതം; ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി സഞ്ജു തന്നെയോ? മലയാളിയെ ചെന്നൈ ടീം ക്യാപ്ടനാക്കുമോ?

Update: 2026-04-12 05:00 GMT

ചെന്നൈ: ഐ.പി.എല്‍ 2026-ലെ ആദ്യ സെഞ്ചറി മുതല്‍ നൂര്‍ അഹമ്മദിനെ ഉപയോഗിച്ചുള്ള തന്ത്രപരമായ കരുനീക്കം വരെ; ചെപ്പോക്കിലെ മഞ്ഞപ്പടയുടെ ഈ സീസണിലെ ആദ്യ വിജയത്തിന് പിന്നില്‍ സഞ്ജു സാംസണ്‍ എന്ന 'ക്രിക്കറ്റ് ബുദ്ധി' തെളിയുന്നു. എം.എസ്. ധോണി വിശ്രമത്തിലിരിക്കെ, വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും സഞ്ജു കാണിച്ച പക്വത ആരാധകര്‍ക്കിടയില്‍ ഒരൊറ്റ ചോദ്യം മാത്രം ബാക്കിയാക്കുന്നു 'തലൈവന്റെ' സിംഹാസനത്തിലേക്കുള്ള യഥാര്‍ഥ പിന്‍ഗാമി ഈ മലയാളി താരം തന്നെയോ?

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന്റെ 15-ാം ഓവര്‍. അശുതോഷ് ശര്‍മ്മ ചെന്നൈയുടെ ഏക സ്പിന്നര്‍ നൂര്‍ അഹമ്മദിനെ ഗാലറിയിലെത്തിച്ച് കളി ഡല്‍ഹിയുടെ വരുതിയിലാക്കി. സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സഞ്ജു നൂറിനടുത്തേക്ക് നടന്നെത്തി. പന്തില്‍ ഫ്‌ലൈറ്റ് നല്‍കാനും എന്നാല്‍ ലെങ്ത് അല്പം പിന്നിലേക്ക് വലിച്ച് എറിയാനും സഞ്ജു ഉപദേശിച്ചു. കൃത്യം അടുത്ത പന്തില്‍ അശുതോഷ് വീണു. ധോണി ഫീല്‍ഡില്‍ നടപ്പിലാക്കാറുള്ള അതേ 'കോച്ച് ഓണ്‍ ഫീല്‍ഡ്' ശൈലിയുടെ തനിയാവര്‍ത്തനമായിരുന്നു ഇത്.

ഡല്‍ഹിക്കെതിരെ 56 പന്തില്‍ പുറത്താകാതെ നേടിയ 115 റണ്‍സിലൂടെ 2026 ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറിയും സഞ്ജു സ്വന്തം പേരിലാക്കി. കൗതുകകരമായ വസ്തുത, ഇത് നാലാം തവണയാണ് (2017, 2019, 2021, 2026) ഒരു ഐ.പി.എല്‍ സീസണിലെ ആദ്യ സെഞ്ചറി സഞ്ജു നേടുന്നത്. ടൂര്‍ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നതില്‍ സഞ്ജുവിനുള്ള പ്രഹരശേഷിക്ക് ഇതിലും വലിയ തെളിവ് വേണ്ട.

യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന ധോണിയുടെ ശൈലിയെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു അരങ്ങേറ്റ താരം ആയുഷ് മാത്രെയുമായുള്ള സഞ്ജുവിന്റെ 113 റണ്‍സ് കൂട്ടുകെട്ട്. അക്‌സര്‍ പട്ടേലിന്റെ സ്‌പെല്ലുകളില്‍ സമ്മര്‍ദ്ദം താന്‍ ഏറ്റെടുത്ത്, മാത്രെയ്ക്ക് (59) സ്വതന്ത്രമായി കളിക്കാന്‍ അവസരമൊരുക്കിയ സഞ്ജുവിന്റെ രീതി ചെന്നൈ ക്യാമ്പിന് പുതിയ ഊര്‍ജ്ജം നല്‍കി. കൈവശം ഒരേയൊരു സ്പിന്നര്‍ മാത്രമുണ്ടായിട്ടും സഞ്ജു പതറിയില്ല. ജാമി ഓവര്‍ട്ടണെയും (4/18) അന്‍ഷുല്‍ കംബോജിനെയും ചെറിയ സ്‌പെല്ലുകളായി കൃത്യമായി ഉപയോഗിച്ചു. ഡെത്ത് ഓവറുകള്‍ക്കായി കാത്തുനില്‍ക്കാതെ ഓവര്‍ട്ടണെ മിഡില്‍ ഓവറുകളില്‍ കൊണ്ടുവന്ന് ഡല്‍ഹിയുടെ നടുവൊടിച്ച തീരുമാനം ആരാധകരെപ്പോലും അത്ഭുതപ്പെടുത്തി. ഇതിനെല്ലാം പിന്നില്‍ സഞ്ജു ഇടപെടലുണ്ടായിരുന്നു.

ട്രൈസ്റ്റണ്‍ സ്റ്റബ്‌സ് വെടിക്കെട്ട് നടത്തുമ്പോഴും വിക്കറ്റിന് പിന്നില്‍ സഞ്ജു അതീവ ശാന്തനായിരുന്നു. അനാവശ്യ ആവേശങ്ങളില്ലാതെ, ഫീല്‍ഡര്‍മാരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതില്‍ സഞ്ജു വിജയിച്ചു. 'സിംപിള്‍ ആന്‍ഡ് ക്ലിനിക്കല്‍' എന്ന ധോണി മന്ത്രം സഞ്ജുവില്‍ ഭദ്രമെന്ന് ചുരുക്കം.

സഞ്ജു ഔദ്യോഗികമായി നായകനായിട്ടില്ലെങ്കിലും, സി.എസ്.കെയുടെ തന്ത്രങ്ങള്‍ മെനയുന്നതില്‍ സഞ്ജുവിന് വലിയ പങ്കുണ്ട്. നിലവില്‍ ടീം മാനേജ്മെന്റും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്നത് എം.എസ്. ധോണിയുടെ തീരുമാനത്തിലേക്കാണ്. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ പാകത തെളിയിക്കപ്പെട്ട സാഹചര്യത്തില്‍, ധോണിയുടെ പൂര്‍ണ്ണ പിന്തുണയോടെ സഞ്ജു മഞ്ഞപ്പടയുടെ ഔദ്യോഗിക പദവിയിലേക്ക് എത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

Tags:    

Similar News