1979-ൽ അമേരിക്കയെ വിറപ്പിച്ച 'സ്ക്രീമിംഗ് മേരി'; അന്ന് എംബസി പിടിച്ചെടുത്തവരുടെ വക്താവ്; മകന് അമേരിക്കയിൽ ആഡംബര ജീവിതം; മസൂമെ എബ്തേക്കറുടെ മകനും മരുമകളുമടക്കം ഇറാൻ നേതാക്കളുടെ ബന്ധുക്കൾക്ക് പിടിവീണു; ഗ്രീൻ കാർഡ് റദ്ദാക്കി, ഉടൻ നാടുകടത്താൻ ഉത്തരവ്
ലോസ് ഏഞ്ചൽസ്: ഇറാനിലെ പ്രമുഖ ഭരണകൂട നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും അമേരിക്കയിൽ പിടിവീഴുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്ന് മൂന്ന് ഇറാൻ പൗരന്മാരെ ലോസ് ഏഞ്ചൽസിൽ ഫെഡറൽ ഏജന്റുകൾ അറസ്റ്റ് ചെയ്തു. ഇവരുടെ നിയമപരമായ താമസാനുമതി (ലീഗൽ റെസിഡൻസി) റദ്ദാക്കി. ഇറാനിലെ വിവാദ ഭരണകൂട നേതാക്കളിലൊരാളുടെ മകനായ സെയ്ദ് ഈസ ഹാഷിമി വർഷങ്ങളായി സതേൺ കാലിഫോർണിയയിൽ അതീവ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
ഹാഷിമിക്കെതിരെ അമേരിക്കയിൽ ശക്തമായ ജനരോഷം ഉയരുകയും ഇയാളെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി നിവേദനങ്ങൾ സമർപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഹാഷിമി, ഭാര്യ മറിയം തഹ്മാസെബി, ഇവരുടെ മകൻ എന്നിവരുടെ ഗ്രീൻ കാർഡുകൾ റദ്ദാക്കി. നിലവിൽ ഇവർ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്. ഇവരെ ഉടൻ രാജ്യത്തുനിന്ന് പുറത്താക്കും.
"ടെഹ്‌റാനിലെ യുഎസ് എംബസി പിടിച്ചെടുത്തതിൽ തെല്ലും ഖേദമില്ലാത്ത അമ്മയുടെ മകൻ അമേരിക്കയിലെ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നു" എന്നായിരുന്നു ഹാഷിമിക്കെതിരെയുള്ള ഒരു പരാതി. അമേരിക്കൻ നയതന്ത്ര ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ 1979-ലെ എംബസി ഉപരോധത്തിന് നേതൃത്വം നൽകിയ മസൂമെ എബ്തേക്കറിന്റെ മകനാണ് ഈസ ഹാഷിമി. 'സ്ക്രീമിംഗ് മേരി' എന്നാണ് ലോകം ഇവരെ വിളിച്ചിരുന്നത്.
1979-ൽ ടെഹ്‌റാനിലെ യുഎസ് എംബസി ആക്രമിച്ച് 52 അമേരിക്കക്കാരെ 444 ദിവസം തടവിലാക്കിയ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെ വക്താവായിരുന്നു എബ്തേക്കർ. തടവിലാക്കപ്പെട്ടവർക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്ന് വരുത്തിത്തീർക്കാൻ വ്യാജ അഭിമുഖങ്ങൾ ചമച്ച ഭരണകൂടത്തിന്റെ പ്രചാരണ മുഖമായിരുന്നു അവർ. എന്നാൽ തടവുകാർ ക്രൂരമായ പീഡനങ്ങളും ഏകാന്ത തടവും നേരിടുകയായിരുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു. 2021 വരെ ഇറാന്റെ വൈസ് പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു എബ്തേക്കർ. 2014-ൽ അമേരിക്കയിലെത്തിയ ഹാഷിമിക്കും കുടുംബത്തിനും 2016-ൽ ഡൈവേഴ്സിറ്റി വിസ വഴിയാണ് ഗ്രീൻ കാർഡ് ലഭിച്ചത്.
കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സോളിമാനിയുടെ അനന്തരവൾ ഹമീദ സോളിമാനി അഫ്ഷാറും (47) മകൾ സരീനാസദത്ത് ഹൊസൈനിയും (25) സമാനമായ രീതിയിൽ പുറത്താക്കൽ നടപടി നേരിടുകയാണ്. ഷാംപെയ്ൻ ഒഴുക്കിയും ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞും ലാസ് വേഗാസിലെ ആഡംബര റിസോർട്ടുകളിൽ പാർട്ടി നടത്തിയും കഴിഞ്ഞിരുന്ന ഇവരെ ലോസ് ഏഞ്ചൽസിൽ നിന്നാണ് ഐസിഇ ഉദ്യോഗസ്ഥർ പിടികൂടിയത്.
അമേരിക്കൻ സൈനികരുടെ മരണം ആഘോഷിച്ചു എന്ന മാർക്കോ റൂബിയോയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ഇവരുടെ ഗ്രീൻ കാർഡുകൾ റദ്ദാക്കിയത്. സ്വർണ്ണാഭരണങ്ങൾ അണിഞ്ഞും ഹെലികോപ്റ്ററുകളിൽ യാത്ര ചെയ്തും ലൂയി വിറ്റൺ വസ്ത്രങ്ങൾ ധരിച്ചും സോഷ്യൽ മീഡിയയിൽ ഇവർ ആഡംബര ജീവിതം പ്രദർശിപ്പിച്ചിരുന്നു. ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് മർദ്ദനവും അറസ്റ്റും നേരിടേണ്ടി വരുമ്പോൾ, അമേരിക്കയിൽ കറുത്ത ബിക്കിനി അണിഞ്ഞും ടാറ്റൂ പ്രദർശിപ്പിച്ചും ഇവർ മതാചാരങ്ങളെ പുല്ലുവില കൽപ്പിച്ചു. 2020-ൽ ട്രംപിന്റെ ഉത്തരവ് പ്രകാരം കൊല്ലപ്പെട്ട ഖാസിം സോളിമാനിയുടെ സഹോദരപുത്രിയാണ് ഹമീദ.
ഈ മാസമാദ്യം ഇറാനിയൻ രാഷ്ട്രീയ നേതാവ് അലി ലാരിജാനിയുടെ മകൾ ഫാത്തിമ അർദേഷ്‌ലർ-ലാരിജാനി, ഭർത്താവ് സെയ്ദ് കലന്തർ മൊതാമേദി എന്നിവരെയും അമേരിക്ക പുറത്താക്കിയിരുന്നു. ഇവരെ ഇനി രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. മാർച്ചിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടിരുന്നു. രണ്ടാം തവണ അധികാരമേറ്റ ട്രംപ് ഭരണകൂടം, അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന കുടിയേറ്റക്കാരെ പുറത്താക്കുന്ന നടപടികൾ അതിവേഗം ശക്തമാക്കുകയാണ്. ശത്രുരാജ്യങ്ങളിലെ ഉന്നതരുമായി ബന്ധമുള്ളവരുടെ വിസകൾ റദ്ദാക്കുന്ന കർശന നയമാണ് ഇപ്പോൾ അമേരിക്ക സ്വീകരിക്കുന്നത്.
