തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; 83 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ബൂത്ത് തല പരിശോധയില്‍ ലഭിച്ച കണക്കുകള്‍; ഭയം അടിയൊഴുക്കുകളില്‍; ഭരണവിരുദ്ധ വികാരത്തെ എം.എല്‍.എമാരുടെ ജനപ്രീതിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയില്‍ ഇടതു മുന്നണി
തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ട് കണക്കുകളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ബൂത്ത് തലത്തില്‍ നിന്ന് ജില്ലാ കമ്മിറ്റികള്‍ ശേഖരിച്ച് നല്‍കിയ വിശദമായ കണക്കുകളാണ് യോഗം പ്രധാനമായും വിശകലനം ചെയ്യുന്നത്. ഓരോ മണ്ഡലത്തിലെയും പാര്‍ട്ടി വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലുമുണ്ടായ മാറ്റങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. മലബാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചു എന്നത് അടക്കമുള്ള വികാരമുണ്ട്. ഇക്കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
ലഭിക്കുമെന്ന് പൂര്‍ണ ഉറപ്പുള്ള വോട്ടുകള്‍ മാത്രം അടിസ്ഥാനമാക്കി കണക്കെടുക്കാനായിരുന്നു പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. വോട്ടിങ് ശതമാനത്തിലുണ്ടായ മാറ്റവും സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തവും മുന്നണിക്ക് അനുകൂലമാകുമോ എന്ന് പരിശോധിക്കും. കീഴ് ഘടകങ്ങളില്‍ നിന്നും കൃത്യമായ കണക്കു നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പാര്‍ട്ടി വിട്ട ജി. സുധാകരന്‍ മത്സരിച്ച അമ്പലപ്പുഴ, ടി.കെ. ഗോവിന്ദന്‍ മത്സരിച്ച തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ സാഹചര്യം പാര്‍ട്ടി പ്രത്യേകം വിലയിരുത്തും. ഇവിടങ്ങളില്‍ വ്യക്തിപ്രഭാവം വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായോ എന്നും പരിശോധിക്കും. കൂടാതെ, സംസ്ഥാനത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ പ്രാഥമികമായ വിലയിരുത്തല്‍. സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. 75 മുതല്‍ 83 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലവിലെ പ്രതീക്ഷ. അടിത്തട്ടില്‍നിന്ന് ലഭിച്ച കണക്കനുസരിച്ച് ചെറിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ഭരിക്കാം എന്നതാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
ഭരണവിരുദ്ധ വികാരത്തെ എം.എല്‍.എമാരുടെ ജനപ്രീതിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്. എന്നിട്ടും ഭരണം ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി കീഴ്ഘടകങ്ങളില്‍നിന്ന് വരുന്ന കണക്കുകള്‍ പാടേ തെറ്റുന്നു. ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും താഴേതട്ടില്‍നിന്നുള്ള കണക്കുകളും യഥാര്‍ഥത്തില്‍ ലഭിച്ച വോട്ടും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. അതിനാല്‍, കണക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നില്ല പാര്‍ട്ടിയും മുന്നണിയും.
സാമൂഹിക മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന സഹയാത്രികര്‍പോലും വോട്ടെടുപ്പിനുശേഷം കഴിഞ്ഞ രണ്ടുദിവസമായി നടത്തുന്ന വിമര്‍ശനാത്മക വിലയിരുത്തലിന്റെ അടിസ്ഥാനം ഭരണം നഷ്ടപ്പെടുമെന്ന 'ഫീല്‍' തന്നെയാണ്. അടിത്തട്ടുമുതല്‍ മേല്‍ഘടകം വരെ നീളുന്ന സംഘടനാ സംവിധാനങ്ങളും ജനങ്ങളുമായി ഇഴയടുപ്പമുള്ള പ്രവര്‍ത്തകരുമായിരുന്നു ഇടതുമുന്നണിയുടെ, വിശേഷിച്ച് സി.പി.എമ്മിന്റെ കണക്കുകളുടെ ബലം. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായി മൂന്നുനാല് ഘട്ടങ്ങളായി ശേഖരിക്കപ്പെടുന്ന ഈ കണക്കുകളില്‍ ഏറ്റവുമൊടുവിലത്തെ ട്രെന്‍ഡ് അനുസരിച്ചുള്ള ജനവികാരം പോലും പ്രതിഫലിക്കുമായിരുന്നു.
എന്നാല്‍, 2001ലെ നിയമസഭ തെരഞ്ഞെടുപ്പുമുതല്‍ ഈ കണക്കുകള്‍ ഏറിയും കുറഞ്ഞും പാളിയിട്ടുണ്ട്. ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള വലിയ പരിഷ്‌കാരങ്ങളിലൂടെ ജനപ്രീതിയാര്‍ജിച്ച അന്നത്തെ സര്‍ക്കാറിന് തുടര്‍ച്ചയുണ്ടാകുമെന്ന് സി.പി.എം വിലയിരുത്തിയത് താഴേതട്ടില്‍നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഏറ്റവും മോശമായാല്‍പോലും 80 സീറ്റ് ഉറപ്പിച്ച മുന്നണിക്ക് കിട്ടിയതാകട്ടെ അതിന്റെ പകുതി മാത്രം. തൊട്ടുപിന്നാലെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലാകട്ടെ, പ്രതീക്ഷകള്‍ക്കും മുകളിലുള്ള വിജയമാണ് എല്‍.ഡി.എഫിന് ലഭിച്ചത്-20ല്‍ 18 സീറ്റ്.
ശേഖരിച്ച കണക്കുകളേക്കാള്‍ വോട്ട് ഗണ്യമായി കുറയുമ്പോള്‍ മാത്രമല്ല, കൂടുമ്പോഴും യഥാര്‍ഥ ജനവികാരം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെടുന്നതായി അന്ന് വിലയിരുത്തലുണ്ടായി. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ഈ പ്രവണത ഏറ്റക്കുറച്ചിലുകളോടെ തുടര്‍ന്നു. ജനവികാരത്തെയും അടിയൊഴുക്കുകളെയും തിരിച്ചറിഞ്ഞ് തന്നെയാണോ ഇത്തവണയും കണക്ക് തയാറാക്കിയതെന്ന സംശയം നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണവര്‍ കണക്കുകളെ കണ്ണടച്ച് വിശ്വസിക്കാത്തതും ഭരണത്തുടര്‍ച്ചയില്‍ ആശങ്കപ്പെടുന്നതും.
