മതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആത്മീയ നേതാവിനെ വെട്ടിക്കൊന്നു; മുസ്ലിം യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹിന്ദു വീടുകൾക്ക് നേരെ ആൾക്കൂട്ടാക്രമണം; മൂന്ന് മാസത്തിനിടെ 133 വർഗീയ സംഘർഷങ്ങൾ; പ്രാണഭയത്തിൽ ന്യൂനപക്ഷങ്ങൾ; ബംഗ്ലാദേശിൽ വർഗീയ ലഹള പടരുമ്പോൾ

Update: 2026-04-12 01:21 GMT

ധാക്ക: ബംഗ്ലാദേശിൽ ആത്മീയ നേതാവിനെ ആൾക്കൂട്ടം വെട്ടിക്കൊന്നു. മറ്റൊരു സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം ഹിന്ദു വീടുകളും വ്യാപാരസ്ഥാപനങ്ങളും തകർത്തു. ശനിയാഴ്ച കുഷ്തിയയിലും രംഗ്‍പൂരിലുമായിരുന്നു നാടിനെ നടുക്കിയ അക്രമങ്ങൾ അരങ്ങേറിയത്. ഇസ്‌ലാം മതത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ആത്മീയ നേതാവിനെ കൊലപ്പെടുത്തിയത്.

ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള രംഗ്‍പൂരിൽ പുലർച്ചെയായിരുന്നു ഹിന്ദു കുടുംബങ്ങൾ താമസിക്കുന്ന ദാസ്പര മാർക്കറ്റ് ഏരിയയിൽ ആക്രമണം നടന്നത്. പ്രദേശത്തെ മുസ്ലിം യുവാവായ റക്കിബ് ഹസൻ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ യുവാവിന്റെ കൊലപാതകത്തിൽ ഹിന്ദു സമുദായത്തിന് പങ്കില്ലെന്ന് കൊല്ലപ്പെട്ട റക്കിബിന്റെ മാതാവ് നൂർജഹാൻ ബീഗം തന്നെ വ്യക്തമാക്കി.

മയക്കുമരുന്ന് കച്ചവടക്കാരനായ മുഹമ്മദ് മോമിനുമായുള്ള മുൻവൈരാഗ്യമാണ് റക്കിബിന്റെ കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കേസ് വഴിതിരിച്ചുവിടാൻ ചിലർ നടത്തിയ ആസൂത്രിത നീക്കമാണ് ഹിന്ദു വീടുകൾക്ക് നേരെയുള്ള ആക്രമണമെന്ന് രംഗ്‍പൂർ പോലീസ് കമ്മീഷണർ മുഹമ്മദ് മജിദ് അലി പറഞ്ഞു. നൂറിലധികം ഹിന്ദു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ധാക്കയിൽ നിന്ന് 200 കിലോമീറ്റർ പടിഞ്ഞാറ് കുഷ്തിയയിലായിരുന്നു രണ്ടാമത്തെ സംഭവം. സ്‌കൂൾ അധ്യാപകനും ആത്മീയ നേതാവുമായ ഷമീം റെസ ജഹാംഗീറിനെയാണ് ആൾക്കൂട്ടം വെട്ടിക്കൊന്നത്. ഇദ്ദേഹത്തിന്റെ ആശ്രമത്തിന് അക്രമികൾ തീയിട്ടു. മതാപവാദ ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജഹാംഗീറിന്റെ ഏഴ് അനുയായികൾക്ക് ഗുരുതരമായി പരിക്കേറ്റു.

2021-ൽ തീവ്രനിലപാടുകാരുടെ പരാതിയെത്തുടർന്ന് ജഹാംഗീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കോടതി ഉത്തരവിലൂടെ മോചിപ്പിക്കപ്പെടുകയായിരുന്നു. കൂടുതൽ അക്രമങ്ങൾ തടയാൻ റാപ്പിഡ് ആക്ഷൻ ബറ്റാലിയനെയും പോലീസിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ നടത്തിയ വിവാദ പ്രവർത്തനങ്ങൾ എന്താണെന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ പോലീസ് അന്ന് തയ്യാറായിരുന്നില്ല.

അതേസമയം, ബംഗ്ലാദേശിൽ വർഗ്ഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 133 വർഗ്ഗീയ അക്രമങ്ങൾ നടന്നതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Tags:    

Similar News