ബീഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ ദുരന്തം; ബസ്സും ട്രക്കും വാനും കൂട്ടിയിടിച്ച് പൊലിഞ്ഞത് 13 ജീവനുകൾ; 30 പേർക്ക് പരിക്ക്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം; ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ
കതിഹാർ: കതിഹാർ ജില്ലയിൽ ബസ്സും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 6.30-ഓടെ ദേശീയപാത 31-ലെ കോധ ബ്ലോക്കിലായിരുന്നു നാടിനെ നടുക്കിയ അപകടം. പരിക്കേറ്റ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അയൽജില്ലയായ പൂർണിയയിൽ നിന്ന് പിക്കപ്പ് വാനിൽ വന്നവരാണ് അപകടത്തിൽപ്പെട്ടത്.
ബസ് നിയന്ത്രണം വിട്ട് ട്രക്കിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആദ്യം ഏഴുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറുപേർ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നു. അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പരിക്കേറ്റവരെയെല്ലാം പൂർണിയയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കതിഹാർ എസ്.പി ശിഖർ ചൗധരി അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.